സർക്കാർ ജീവനക്കാർക്ക് 4% ക്ഷാമബത്ത വർദ്ധന ഉത്തരവിറങ്ങി

insight kerala
ധനമന്ത്രി കെ.എൻ. ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്തയും (DA) ക്ഷാമാശ്വാസവും (DR) നാല് ശതമാനം വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. പുതുക്കിയ ശമ്പളവും വർദ്ധിപ്പിച്ച തുകയും നാളെ മുതൽ ജീവനക്കാർക്ക് ലഭിച്ചു തുടങ്ങും. ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പം കൂട്ടിച്ചേർത്താണ് വർദ്ധനവ് നൽകുന്നത്. നിലവിൽ 18 ശതമാനമായിരുന്ന ക്ഷാമബത്ത ഇതോടെ 22 ശതമാനമായി ഉയർന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രഖ്യാപനമാണ് ഇപ്പോൾ ഉത്തരവായിരിക്കുന്നത്. വർദ്ധിപ്പിച്ച ക്ഷാമബത്തയും ക്ഷാമാശ്വാസവും വഴി ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് ഗുണം ലഭിക്കുക.

ക്ഷേമ പെൻഷൻ 3600 രൂപ

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധനയ്ക്ക് പിന്നാലെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കും ധനവകുപ്പ് ഇരട്ടി സന്തോഷം നൽകിയിരിക്കുകയാണ്. ക്ഷേമ പെൻഷനുകളുടെ പുതുക്കിയ നിരക്കുകൾ ഈ നവംബർ മാസത്തിൽ വിതരണം ചെയ്യും. പെൻഷൻ തുക 2000 രൂപയായി വർദ്ധിപ്പിച്ചതിന് പുറമെ, ഒരു മാസത്തെ കുടിശ്ശികയും ചേർത്ത് ഇത്തവണ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് 3600 രൂപ വീതം ലഭിക്കും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നവംബർ മാസത്തെ വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപയോടൊപ്പം നിലവിൽ ബാക്കിയുള്ള ഒരു ഗഡു കുടിശ്ശികയായ 1600 രൂപയും ചേർത്താണ് 3600 രൂപ നൽകുന്നത്. ഇതോടെ, ക്ഷേമ പെൻഷൻ കുടിശ്ശിക പൂർണമായി കൊടുത്തു തീർക്കുകയാണ്. സംസ്ഥാനത്തെ 62 ലക്ഷം ആളുകളിലേക്കാണ് ഈ പെൻഷൻ തുകയെത്തുകയെന്നും മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിനായി 1864 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

Share This Article