സിപിഎം നേതാവിന്റെ കൊലപാതകം; ‘കൊല നടത്തിയത് തനിച്ച്’, കാരണം വ്യക്തി വിരോധമെന്ന് പ്രതി പൊലീസിനോട്

insight kerala

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി പൊലീസ്. പാർട്ടിക്ക് അകത്തുണ്ടായ തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും കൊല നടത്തിയത് തനിച്ചെന്നും പ്രതി മൊഴി നൽകി. പാർട്ടി മുൻ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥൻറെ അയൽവാസിയുമായ അഭിലാഷിനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ ക്ഷേത്രോത്സവത്തിനിടെയാണ് കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ പ്രതി സത്യനാഥനെ ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ മഴുകൊണ്ട് നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മുൻ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമായ അഭിലാഷിനെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കൊയിലാണ്ടി നഗരസഭാ ചെയർമാനായിരുന്ന കെ സത്യൻറെ ഡ്രൈവറായിരുന്നു

Share This Article