ജനങ്ങളോടുള്ള മോശം പെരുമാറ്റം : പോലീസിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുന്നത് ചട്ട ലംഘനമെന്ന് ഓർമ്മിപ്പിച്ച് ഹൈക്കോടതി

insight kerala

കൊച്ചി : പൊലീസിന്റെ പെരുമാറ്റചട്ടം ഓർമ്മപ്പെടുത്തി കോടതി . ജനങ്ങളോട് ഉള്ള മോശം പെരുമാറ്റം അത്ര നല്ലതല്ലെന്നും ഇനി മുതൽ പെരുമാറ്റ ചട്ടം അനുസരിച്ചിരിക്കണമെന്നും പോലീസുകാർക്ക് കോടതി നിർദ്ദേശം നൽകി. ഇതിന് വേണ്ടി ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം സംബന്ധിച്ച് ജനുവരി 30ന് ഇറക്കിയ സർക്കുലറിലെ നിർദ്ദേശങ്ങൾ ഉടൻ നടപ്പാക്കണമെന്ന് ഹൈക്കോടതി കർശന നിർദ്ദേശം പുറപ്പെ‍ുവിച്ചിരിക്കുകയാണ്. ഓൺലൈനായി കോടതിയിൽ ഹാജരായ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിനോടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ സർക്കുലർ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.

ജനങ്ങളോട് അപമര്യാദയായി പെരുമാറുന്നത് ഒഴിവാക്കാൻ 1965 മുതൽ പൊലീസ് സേനയിൽ പത്തോളം സർക്കുലറുകൾ ഇറങ്ങിയിട്ടുണ്ട്. മോശം പെരുമാറ്റം തുടരുകയാണെന്നാണ് സർക്കുലർ ആവർത്തിക്കുന്നതിന്റെ അർത്ഥമെന്ന് വിലയിരുത്തിയ കോടതി, ഇനിയൊരു സർക്കുലറിന് ഇടവരുത്തരുതെന്ന് ഓർമ്മിപ്പിച്ചു. നിർദ്ദേശങ്ങൾ നടപ്പാക്കി മൂന്നാഴ്ചയ്ക്കകം കോടതിയെ അറിയിക്കണം. പൊലീസ് സേനയെ ശുദ്ധീകരിക്കാനുള്ള യത്നത്തിലാണെന്ന് ഡി.ജി.പി കോടതിയെ അറിയിച്ചു.

ജനങ്ങളോടുള്ള പെരുമാറ്റം സംബന്ധിച്ച് ട്രെയിനിംഗ് സമയത്തും സർവീസിലിരിക്കുമ്പോഴും പരിശീലനം നല്കാറുണ്ട്. കോടതി നിർദ്ദേശിച്ചതനുസരിച്ചാണ് പുതിയ സർക്കുലർ ഇറക്കിയത്. രണ്ടുദിവസം മുമ്പ് സേനാംഗങ്ങളുടെ ഓൺലൈൻ യോഗം വിളിച്ച് നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു. ഒറ്റപ്പെട്ട സംഭവങ്ങളിൽ കടുത്ത നടപടിയെടുത്തിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ചുരുക്കം സംഭവങ്ങൾ പോലും പൊലീസ് മേധാവിയുടേതടക്കം അന്തസിന് കളങ്കമുണ്ടാക്കുമെന്നും പൊലീസിനെ ജനം അകറ്റിനിറുത്താൻ ഇടയാക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേരള പൊലീസ് രാജ്യത്തുതന്നെ ഏറ്റവും മികച്ചതാണ്. മിക്ക ഉദ്യോഗസ്ഥരും സ്തുത്യർഹമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്.

എന്തു കൊണ്ടാണ് ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ധാർഷ്ട്യ മനോഭാവമെന്ന് കോടതി ചോദിച്ചു. മാനസികസമ്മർദ്ദവും പ്രകോപനവുമാകാം കാരണമെന്ന് ഡി.ജി.പി പറഞ്ഞു. ഡി.ജി.പിയുടെ സർക്കുലർതന്നെ ലംഘിക്കപ്പെടുമ്പോൾ ശാസന മാത്രം മതിയോയെന്ന് കോടതി ചോദിച്ചു. സമ്മർദ്ദമുണ്ടെന്ന പേരിൽ എന്തും ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Share This Article