കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്തിയിൽ എത്തിയ വ്യക്തികളോട് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട യുവാവിനെ മർദിച്ച് അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും തുടർന്ന് കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണത്തിൽ കുണ്ടറ പോലീസ് സ്റ്റേഷനിലെ മുൻ എസ്.എച്ച്.ഒ യും സർക്കിൾ ഇൻസ്പെക്ടറുമായിരുന്ന രതീഷ്, സബ് ഇൻസ്പെക്ടർ അമ്പരീഷ്, സിവിൽ പോലീസ് ഓഫീസർമാരായ അരുണ്, മനു എന്നിവരുള്പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-I ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് സമൻസ് അയയ്ക്കാൻ ഉത്തരവിട്ടു.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-I ലെ ശ്രീമതി സൂര്യ .എസ്. സുകുമാരൻ പുറപ്പെടുവിച്ച ഉത്തരവിലാണ് നടപടി.
അഭിഭാഷകനായ ഹാരിസ് റാവുത്തർ മുഖേന സിനിലാൽ നൽകിയ സ്വകാര്യ അന്യായത്തിലെ ആരോപണപ്രകാരം, 2023 മാർച്ച് 13-ന് രാത്രി 8 മണിയോടെ കരിക്കോട് ടി.കെ.എം. ആർട്സ് ആൻഡ് സയൻസ് കോളേജിന് സമീപമുള്ള ഒരു വീട്ടിൽ സബ് -ഇൻസ്പെക്ടർ അമ്പരീഷും സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അരുണും, മനുവും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് മഫ്തിയിൽ, സാധാരണ യുവാക്കളെപ്പോലെ ഫ്രീക്ക് ലുക്കിൽ എത്തി. അപ്രതീക്ഷിതമായി വീട്ടിൽ പ്രവേശിച്ച ഇവരെ കണ്ട് വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ ഭയന്ന് നിലവിളിച്ചതിനെ തുടർന്ന് അവിടേക്ക് എത്തിയ സിനിലാൽ, ഇവർ പോലീസ് ഉദ്യോഗസ്ഥരാണെന്ന് തെളിയിക്കുന്നതിനായി ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ചതിലുള്ള വിരോധം മൂലമാണ് സിനിലാലിനെ പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദിക്കുകയും ബലമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിൽ അനധികൃതമായി തടഞ്ഞുവെക്കുകയും വ്യാജവും കളവുമായ കേസ് ചുമത്തി ജയിലിലടക്കുകയും ചെയ്തു.
പോലീസ് ഉദ്യോഗസ്ഥർ തങ്ങൾക്ക് നിക്ഷിപ്തമായ അധികാരപരിധി ലംഘിച്ച് മറ്റൊരു പോലീസ് സ്റ്റേഷൻ(കിളികൊല്ലൂർ )പരിധിയിൽ നിയമപരമായ അധികാരമോ ഔദ്യോഗിക ചുമതലയോ ഇല്ലാതെ പ്രവർത്തിച്ചതായും, ഒരു പൗരൻ ആവശ്യപ്പെട്ടിട്ടും ഔദ്യോഗിക തിരിച്ചറിയൽ രേഖ കാണിക്കാൻ തയ്യാറാകാതിരുന്നത് അധികാരദുരുപയോഗത്തിന്റെയും നിയമലംഘനത്തിന്റെയും ഭാഗമാണെന്നും സ്വകാര്യ അന്യായത്തിൽ ചൂണ്ടിക്കാട്ടുന്നു.
പരാതിക്കാരന്റെ ഭാഗത്ത് നിന്ന് സാക്ഷിമൊഴികൾ, മെഡിക്കൽ രേഖകൾ, വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കി. ഈ തെളിവുകളും പരാതിയിലെ ആരോപണങ്ങളും പരിശോധിച്ച കോടതി, പ്രാഥമികമായി കേസെടുക്കാൻ തക്ക സാഹചര്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരാതി ഫയലിൽ സ്വീകരിച്ച് പ്രതികൾക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാൻ ഉത്തരവിട്ടത്.
കേസിൽ പരാതിക്കാരനായ സിനിലാലിന് വേണ്ടി റാവുത്തർ ലോ ഫ്രെയിമിലെ അഡ്വക്കറ്റ് ഹാരിസ് റാവുത്തർ കോടതിയിൽ ഹാജരായി.
ക്രിമിനൽ നിയമം, മനുഷ്യാവകാശ ലംഘനങ്ങൾ, പോലീസ് അതിക്രമം, പൊതുഅധികാരികളുടെ അധികാരദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ നിയമസഹായം നൽകിവരുന്ന റാവുത്തർ ലോ ഫ്രെയിമിൻ്റെ ഭാഗത്തുനിന്നാണ് സ്വകാര്യ അന്യായം മുന്നോട്ടുവച്ചത്.
പോലീസ് ഉദ്യോഗസ്ഥർക്കെതിരായ ഗുരുതര ആരോപണങ്ങളിൽ സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിൽ കോടതി ക്രിമിനൽ നടപടികൾ ആരംഭിച്ചതെന്നത് ശ്രദ്ധേയമായ നിയമവികസനമായാണ് വിലയിരുത്തപ്പെടുന്നത്. ഒരു പൗരന് തന്റെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതിയെ സമീപിക്കാനും, ആവശ്യമായ തെളിവുകൾ ഹാജരാക്കുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും ക്രിമിനൽ നടപടികൾ ആരംഭിക്കാനാകുമെന്നതിന്റെ ഉദാഹരണമായും ഈ ഉത്തരവ് ചൂണ്ടിക്കാണിക്കപ്പെടുന്നു.

