സ്വകാര്യ നിക്ഷേപകരുടെ ഹബ്ബായി കേരളം മാറുമോ ?

insight kerala

Special Report

“ഒരു പൈസ പോലും കയ്യിലില്ല; എങ്ങനെ മുന്നോട്ടു പോകാൻ കഴിയും? എന്നും ഇതുപോലെ ദാരിദ്ര്യം പേറി നടന്നാൽ മതിയോ? കേരളം ഇനിയും 25 വർഷം പിന്നോട്ട് പോകണോ? എത്ര പൊതുമേഖല സ്ഥാപനങ്ങൾ കടം കയറി തകർന്നിട്ടുണ്ട്?. ഒരാൾക്കെങ്കിലും തൊഴിലവസരം നൽകാൻ കഴിയുന്നുണ്ടോ? ഇങ്ങനെ എത്ര കാലം പോകാനാകും?…..” സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ശേഷം ധനമന്ത്രിയായ മുഖ്യമന്ത്രിയുടെ വാക്കുകൾ . സ്വകാര്യ നിക്ഷേപത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ വഴിവെട്ടിയ ബജറ്റിന്മേൽ മുഖ്യമന്ത്രി നൽകുന്ന വിശദീകരണമാണ് ഈ ചോദ്യങ്ങൾ. ഇതിന് വ്യക്തത വരുത്താൻ കഴിയുന്നവർ സ്വകാര്യ നിക്ഷേപത്തെ ചോദ്യം ചെയ്താൽ മതിയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

എല്ലാ മേഖലയിലും സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ ഒരു ഘട്ടത്തിൽ പോലും അത് സ്വകാര്യവൽക്കരണത്തിലേക്ക് കടക്കില്ല എന്ന് മുഖ്യമന്ത്രി ഉറപ്പു പറയുന്നു. സ്വകാര്യവൽക്കരണം യുഡിഎഫ് സർക്കാറിന്റെ നയമല്ല. പൊതുമേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകുന്ന കേന്ദ്രസർക്കാരിനെതിരെ ദേശീയതലത്തിൽ സമരം ചെയ്യുന്ന കോൺഗ്രസ് സംസ്ഥാനത്ത് സ്വകാര്യവൽക്കരണത്തിന് കൂട്ടുനിൽക്കില്ല എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകുന്നു. നഷ്ടത്തിൽ ആയിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ, സ്വകാര്യ നിക്ഷേപവും പങ്കാളിത്തവും നൽകി ഉയർച്ചയുടെ പാതയിൽ കൊണ്ടുവരികയാണ് ലക്ഷ്യം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഗുണനിലവാരവും കാര്യശേഷിയും ഉയർത്താൻ സ്വകാര്യ പങ്കാളിത്തത്തിലൂടെ സാധ്യമാകുമെന്ന് സർക്കാർ വിലയിരുത്തുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

KSRTCയും KSEBയും ജല അതോറിറ്റിയും നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളാണ്. ഇവിടെ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിച്ച് ലാഭം ഉണ്ടാക്കാൻ ആകുമെന്ന് യുഡിഎഫ് സർക്കാർ കണക്കുകൂട്ടുന്നു. എന്നാൽ അതിനർത്ഥം ഇവയെ സ്വകാര്യവൽക്കരിക്കുമെന്നല്ല എന്നും സർക്കാർ ആവർത്തിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിച്ചാൽ വലിയ രീതിയിൽ ഗുണമേന്മയും ഗുണനിലവാരവും ഉയർത്താൻ ആകും. ഇതിലൂടെ സംസ്ഥാനം വിട്ട് പുറത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കുത്തൊഴുക്ക് തടയാനാകും. ലോകോത്തര സർവകലാശാലകളുമായി കിടപിടിക്കുന്ന സർവ്വകലാശാലകളാക്കി ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റിയാൽ വിദേശ വിദ്യാർഥികൾ ഇവിടെ പഠിക്കാൻ വരുമെന്നും കണക്കുകൂട്ടുന്നു.

സ്വകാര്യ നിക്ഷേപത്തിനായി എല്ലാ വാതിലുകളും തുറന്നിടുമ്പോൾ സംസ്ഥാനത്തിന്റെ പൊതു താൽപര്യവും അവകാശവും പൂർണമായും സംരക്ഷിക്കപ്പെടുമോ എന്ന ചോദ്യം പ്രസക്തമാകുന്നു. കടം കയറിയ ഖജനാവിൽ നിന്നുകൊണ്ട് വികസനത്തിന്റെ പാത വെട്ടുമ്പോൾ ഏത് സർക്കാരിന് മേലും പിടിവീഴും. സംസ്ഥാന താൽപര്യം അടിയറവ് പറയേണ്ടി വരുന്ന ഒട്ടേറെ മേഖലകളിലാണ് പങ്കാളിത്തം ആവശ്യപ്പെടുന്നത്. പ്രത്യയശാസ്ത്രം മുറുകെപ്പിടിച്ച ഇടതുപക്ഷത്തിനു പോലും നിക്ഷേപകർക്ക് മുന്നിൽ നയ വ്യതിയാനം വരുത്തേണ്ടിവന്ന കാലത്ത് കോൺഗ്രസിന് നെഹ്റുവിയൻ സോഷ്യലിസം അടിയറവ് വെക്കേണ്ടി വരുമോ എന്നും കാണേണ്ടിയിരിക്കുന്നു.

സ്വകാര്യ നിക്ഷേപകരുടെ ഹബ്ബായി കേരളം മാറുമ്പോൾ സ്വകാര്യ താൽപര്യവും സംരക്ഷിക്കേണ്ടിവരും. ക്രമേണ കോർപ്പറേറ്റുകൾക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വരുമെന്ന അപകടാവസ്ഥയിലേക്ക് കേരളം നീങ്ങുമെന്ന മുന്നറിയിപ്പ് നൽകുന്നത് പ്രതിപക്ഷമാണ്. ഭൂപരിഷ്കരണ നിയമത്തിൽ അടക്കം മാറ്റം വരുത്തിയാണ് നൂലാമാലകളും ചുവപ്പുനാടങ്ങളും ഒഴിവാക്കി നിക്ഷേപ സൗഹൃദ കേരളമാക്കി മാറ്റാൻ സർക്കാർ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

Share This Article