special report
എം മാധവദാസ്
താന്‍ പരിചരിച്ചിരുന്ന ഭിന്നശേഷിക്കാരനായ സൗദി ബാലന്‍ അബദ്ധത്തില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ടാണ്, കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ റഹീം സൗദി അറേബ്യയില്‍ നിയമനടപടികളും വധശിക്ഷയും നേരിട്ടത്. ഇത് ബോധപൂര്‍വ്വം ചെയ്ത ഒരു കുറ്റകൃത്യമായിരുന്നില്ല, അവിചാരിത അപകടമായിരുന്നു. എന്നിട്ടും അയാള്‍ രണ്ടുപതിറ്റാണ്ട് ജയിലിലായി. ഒരു ജന്‍മംകൊണ്ട് സഹിക്കാവുന്നതൊക്കെയും സഹിച്ചു. പലപ്പോഴും നാം പറയാറുള്ളതാണ് ഗള്‍ഫിലെ നിയമം ഇവിടെയും വരണമെന്നത്. പക്ഷേ ഗള്‍ഫിലെ പല നിയമങ്ങള്‍ക്കും ഇപ്പോഴും കാടന്‍ സ്വഭാവമാണ് ഉള്ളതെന്ന് നാം ബോധപൂര്‍വം വിസ്മരിക്കുന്നു. അതിലേക്കുള്ള ഓര്‍മ്മപ്പെടുത്താലാണ്് അബ്ദുല്‍ റഹീമിന്റെ അനുഭവം.
ബോധപൂര്‍വമല്ലാത്ത തെറ്റിനും വധശിക്ഷ
2006 നവംബറിലാണ് കോഴിക്കോട് കോടമ്പുഴ സ്വദേശിയായ അബ്ദുല്‍ റഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദി അറേബ്യയിലെ റിയാദില്‍ എത്തിയത്. അവിടെ സ്‌പോണ്‍സറുടെ ഭിന്നശേഷിക്കാരനായ (കഴുത്തിന് താഴോട്ട് തളര്‍ന്ന) 15 വയസ്സുള്ള മകന്‍ അനസ് അല്‍ ശഹ്രിയെ പരിചരിക്കലായിരുന്നു പ്രധാന ജോലി. 2006 ഡിസംബറില്‍ ഒരു ദിവസം റഹീം ഈ കുട്ടിയുമായി കാറില്‍ പുറത്തുപോയപ്പോള്‍, കുട്ടി റഹീമിനോട് കാര്‍ സിഗ്‌നല്‍ മറികടക്കാന്‍ ആവശ്യപ്പെടുകയും, അത് ചെയ്യാത്തതിനാല്‍ റഹീമിന്റെ മുഖത്ത് തുപ്പുകയും വഴക്കിടുകയും ചെയ്തു. കുട്ടിയെ ശാന്തനാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന പ്രത്യേക ശ്വസന സഹായിയായ ഉപകരണത്തില്‍ തട്ടുകയും അത് ഊരിപ്പോകുകയും ചെയ്തു. തുടര്‍ന്ന് കുട്ടി ശ്വാസം മുട്ടി മരണപ്പെടുകയായിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് സൗദി കോടതി അബ്ദുല്‍ റഹീമിന് വധശിക്ഷ വിധിക്കുകയാണുണ്ടായത്.
ഇത് ഇന്ത്യന്‍ കോടതിയിലാണെങ്കില്‍, ബോധപൂര്‍വമല്ലാത്ത നരഹത്യയുടെ പേരിലുള്ള കേസ് മാത്രമേ റഹീമിന് ഉണ്ടാവുമായിരുന്നുള്ളൂ. മാത്രമല്ല കോടികളുടെ പണമാണ് കൊടുക്കേണ്ടി വന്നത്. മരിച്ചയാളുടെ ബന്ധുക്കള്‍ വിലപേശി തുക കൂട്ടുന്ന രീതിയും പതിവാണ്. ഈ അപകടത്തില്‍ റഹീമിനെ രക്ഷിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഒത്തുചേര്‍ന്ന് 34.35 കോടി രൂപ (15 മില്യണ്‍ സൗദി റിയാല്‍) ‘ദിയാധനം’ (ബ്ലഡ് മണി) സമാഹരിച്ച് നല്‍കി. പണം കൈമാറിയതിനെ തുടര്‍ന്ന് കുട്ടിയുടെ കുടുംബം മാപ്പ് നല്‍കുകയും കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു. തുടര്‍ന്ന് കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചു എന്നതുമായി ബന്ധപ്പെട്ട പൊതുഅവകാശ കേസില്‍ വിധിച്ച 20 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കി, 2026 മേയ് മാസത്തോടെ അബ്ദുല്‍ റഹീം ജയില്‍ മോചിതനായി നാട്ടില്‍ തിരിച്ചെത്തിയിരിക്കയാണ്.
എന്നാല്‍ ദിയാധനം നല്‍കാന്‍ കഴിയാത്തതിന്റെ പേരിലും നിയമസഹായം ലഭിക്കാത്തതിനാലും സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ ഇപ്പോഴും നിരവധി മലയാളികള്‍ കഴിയുന്നുണ്ട്. റഹീമിന്റെ സംഭവം വലിയ വാര്‍ത്തയായതോടെയാണ് ഇത്തരം മറ്റ് കേസുകളും പുറംലോകം കൂടുതലായി അറിഞ്ഞു തുടങ്ങിയത്.
ബ്ലഡ് മണിയില്‍ ജീവിതം തുലയുന്നവര്‍
ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന ഒട്ടനവധി മലയാളികള്‍ റോഡപകടങ്ങളില്‍ സ്വദേശികള്‍ മരണപ്പെടുമ്പോള്‍ വലിയ തുക ദിയാധനമായി നല്‍കേണ്ടി വരാറുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങള്‍ ഓടിക്കുമ്പോഴോ അല്ലെങ്കില്‍ കമ്പനികളുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ മൂലമോ ഉണ്ടാകുന്ന അപകടങ്ങളില്‍ പെടുന്ന സാധാരണക്കാരായ തൊഴിലാളികളാണ് ഇതില്‍ ഭൂരിഭാഗവും.

റഹീമിന്റെ കേസില്‍ ദിയാധനം 34 കോടിയോളം രൂപയായിരുന്നു. ഇത്രയും വലിയ തുക സാധാരണക്കാരായ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ഒറ്റയ്ക്ക് കണ്ടെത്തുക അസാധ്യമാണ്. പല കേസുകളിലും ഇരകളുടെ കുടുംബങ്ങള്‍ ദിയാധനം ആവശ്യപ്പെടുമെങ്കിലും അത് സമാഹരിക്കാന്‍ ആളില്ലാത്തതിനാല്‍ വര്‍ഷങ്ങളോളം ജയിലില്‍ തുടരേണ്ടി വരുന്നു.
പലര്‍ക്കും കൃത്യമായ നിയമസഹായമോ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സ്‌പോണ്‍സര്‍മാരുടെ പിന്തുണയോ ലഭിക്കാറില്ല. കൂടാതെ അറബി ഭാഷയിലുള്ള കോടതി നടപടികള്‍ മനസ്സിലാക്കാന്‍ കഴിയാത്തതും വലിയ തിരിച്ചടിയാകുന്നു.റഹീമിന്റെ കേസ് വിജയകരമായി പൂര്‍ത്തിയായതിനെ തുടര്‍ന്ന്, സമാനമായ രീതിയില്‍ ദിയാധന പ്രതിസന്ധി നേരിടുന്ന മറ്റ് മലയാളി തടവുകാരുടെ മോചനത്തിനായി പ്രവാസി സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും പുതിയ കാമ്പെയ്‌നുകള്‍ ആരംഭിക്കാനും ശ്രമിക്കുന്നുണ്ട്. അറബികളാവട്ടെ പലപ്പോഴും ഈ ദിയാധനപ്പരിപാടി ഒരാളെ ഊറ്റിപ്പിഴിഞ്ഞെടുക്കാനുള്ള അവസരമായിട്ടാണ് കാണുന്നത്.
നിമിഷ പ്രിയക്ക് സംഭവിച്ചത്
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നഴ്സ് നിമിഷ പ്രിയ, യെമന്‍ പൗരനായ തലാല്‍ അബ്ദോ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ യെമനിലെ സനയിലെ ജയിലില്‍ വധശിക്ഷ കാത്തു കഴിയുകയാണ്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും ഇടപെടലുകളെ തുടര്‍ന്ന് നിലവില്‍ അവരുടെ വധശിക്ഷ താല്‍ക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്.യെമനില്‍ സ്വന്തമായി ക്ലിനിക്ക് നടത്താന്‍ പ്രാദേശിക പങ്കാളി വേണമെന്ന നിയമം മൂലം നിമിഷ പ്രിയ 2015-ല്‍ തലാല്‍ മഹ്ദിയുമായി ചേര്‍ന്ന് ഒരു ക്ലിനിക്ക് ആരംഭിച്ചു. എന്നാല്‍ പിന്നീട് തലാല്‍ ക്ലിനിക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും നിമിഷയുടെ പാസ്പോര്‍ട്ട് പിടിച്ചുവെച്ച് ക്രൂരമായ ശാരീരിക-ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു.
തലാലിന്റെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാനും തന്റെ പാസ്പോര്‍ട്ട് തിരികെ എടുക്കാനുമായി നിമിഷ പ്രിയ മറ്റൊരു നഴ്സിന്റെ സഹായത്തോടെ തലാലിന് അമിത അളവില്‍ മയക്കുമരുന്ന് കുത്തിവെച്ചു. ഇത് മരണത്തിന് കാരണമാവുകയും തുടര്‍ന്ന് മൃതദേഹം ക്ലിനിക്കിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയും ചെയ്തു. 2017-ല്‍ ഈ കേസില്‍ നിമിഷ അറസ്റ്റിലായി.യെമനിലെ വിചാരണ കോടതി 2020-ല്‍ നിമിഷയ്ക്ക് വധശിക്ഷ വിധിച്ചു. തുടര്‍ന്ന് നല്‍കിയ അപ്പീലുകള്‍ യെമന്‍ സുപ്രീം കോടതിയും തള്ളി.
വധശിക്ഷ 2025 ജൂലൈ 16-ന് നടപ്പാക്കാന്‍ യെമന്‍ അധികൃതര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെയും മധ്യസ്ഥതയില്‍ അവസാന നിമിഷം വധശിക്ഷ താല്‍ക്കാലികമായി നീട്ടിവെക്കുകയായിരുന്നൂ. പുതിയ മധ്യസ്ഥര്‍ വന്നിട്ടുണ്ടെന്നും നിലവില്‍ നിമിഷയ്ക്ക് പെട്ടെന്നുള്ള ജീവനപായം ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദിയാധനം നല്‍കി ഒത്തുതീര്‍പ്പിലെത്താനുള്ള ശ്രമങ്ങള്‍ നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെയും, യമന്‍ തലസ്ഥാനമായ സനയില്‍ തുടരുന്ന നിമിഷയുടെ അമ്മയുടെയും നേതൃത്വത്തില്‍ ഇപ്പോഴും നടന്നു വരികയാണ്. നിമിഷയുടെ കേസിലും അവര്‍ ബ്ലഡ് മണി വലിയ രീതിയില്‍ കൂട്ടിയിരുന്നു. കേസ് നടക്കുന്നത് യെമനിലെ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തായതിനാല്‍ നയതന്ത്ര ഇടപെടലുകള്‍ക്ക് വലിയ പരിമിതികളുണ്ട്. ദിയാധനം നല്‍കി കുടുംബം പൂര്‍ണ്ണമായി മാപ്പ് നല്‍കിയാല്‍ മാത്രമേ നിമിഷയ്ക്ക് ജയില്‍ മോചനം സാധ്യമാകൂ. ഇന്ത്യന്‍ നിയമപ്രകാരമാണെങ്കില്‍ നിമിഷ പ്രിയ അനുഭവിച്ച പീഡനങ്ങളും പരിഗണിക്കുമായിരുന്നു. ചൂഷണം ചെയ്യപ്പെട്ട ഒരു സ്ത്രീ എന്ന പരിഗണനയും കിട്ടുമായിരുന്നു.
ഇന്ത്യന്‍ നിയമങ്ങള്‍ എത്രഭേദം
ഇസ്ലാമിക നിയമങ്ങളും ഇന്ത്യന്‍ നിയമങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
കൊലപാതകം, വധശിക്ഷ, ഇരകളുടെ കുടുംബത്തിനുള്ള അവകാശങ്ങള്‍ എന്നിവയില്‍ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഇവ പുലര്‍ത്തുന്നത്. അബ്ദുല്‍ റഹീമിന്റെയും നിമിഷ പ്രിയയുടെയും കേസുകളില്‍ നാം കണ്ട ‘ദിയാധനം’ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസമാണ്. കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങള്‍ പ്രധാനമായും വ്യക്തികള്‍ക്കെതിരെയുള്ള തറ്റായാണ് കണക്കാക്കുന്നത്. അതായത്, ഇതില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം ഭരണകൂടത്തേക്കാള്‍ കൂടുതല്‍ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിനാണ്. എന്നാല്‍ ഇന്ത്യയടക്കമുള്ള പുരോഗമാന രാഷ്ട്രങ്ങള്‍, കൊലപാതകം എന്നത് ഭരണകൂടത്തിന്/സമൂഹത്തിന് എതിരെയുള്ള കുറ്റകൃത്യമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ കേസ് നടത്തുന്നത് സര്‍ക്കാരാണ്
ഇസ്ലാമിക നിയമം കൊല്ലപ്പെട്ട ആളുടെ കുടുംബത്തിന് പ്രതിക്ക് പൂര്‍ണ്ണമായി മാപ്പ് നല്‍കാന്‍ അവകാശമുണ്ട്. അവര്‍ മാപ്പ് നല്‍കിയാല്‍ കോടതിക്ക് വധശിക്ഷ നടപ്പാക്കാന്‍ കഴിയില്ല. ഇന്ത്യന്‍ നിയമപ്രകാരം കൊലപാതകക്കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്തവയാണ്. കൊല്ലപ്പെട്ടയാളുടെ കുടുംബം പ്രതിക്ക് മാപ്പ് നല്‍കിയാലും കോടതിക്ക് ശിക്ഷ ഇളവ് ചെയ്യാന്‍ കഴിയില്ല. മാപ്പ് നല്‍കാനുള്ള അധികാരം രാഷ്ട്രപതിക്കോ ഗവര്‍ണര്‍ക്കോ മാത്രമാണുള്ളത്.
ഇന്ത്യന്‍ നിയമത്തില്‍ വധശിക്ഷയ്ക്ക് പകരമായി ഇരയുടെ കുടുംബത്തിന് പണം നല്‍കി രക്ഷപ്പെടാനുള്ള ‘ബ്ലഡ് മണി’ സമ്പ്രദായം ഇല്ല. പ്രതിക്ക് കോടതി ശിക്ഷ വിധിച്ച ശേഷം ഇരയുടെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്യുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ കോടതിക്ക് പ്രതിയില്‍ നിന്ന് പിഴ ഈടാക്കി അത് ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കാന്‍ അധികാരമുണ്ട്, പക്ഷേ അത് ശിക്ഷ ഒഴിവാക്കാനുള്ള മാര്‍ഗ്ഗമല്ല.
ഇസ്ലാമിക നിയമത്തില്‍ കണ്ണിന് കണ്ണ് പല്ലിന് പല്ല്, എന്ന തത്വത്തിലാണ് ക്രിമിനല്‍ നിയമം. മനഃപൂര്‍വ്വമുള്ള കൊലപാതകങ്ങള്‍ക്ക് വധശിക്ഷയാണ് പൊതുവായ വിധി. എന്നാല്‍ കുടുംബം ദിയാധനം സ്വീകരിച്ചാല്‍ ശിക്ഷ ഇളവ് ചെയ്യപ്പെടും. ഇന്ത്യന്‍ കോടതികള്‍ വധശിക്ഷ വിധിക്കുന്നത് ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ’ കേസുകളില്‍ മാത്രമാണ്. പ്രതിയുടെ മാനസിക നില, പശ്ചാത്തലം, കുറ്റകൃത്യത്തിന്റെ ക്രൂരത എന്നിവ പരിഗണിച്ചാണ് ഇത് തീരുമാനിക്കുന്നത്.
സൗദി അറേബ്യ, യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ ക്രിമിനല്‍ നിയമങ്ങള്‍ വലിയ രീതിയില്‍ പരിഷ്‌കരിച്ചിട്ടുണ്ട്. യു.എ.ഇ 2020-ല്‍ നിയമം ഭേദഗതി ചെയ്ത് കല്ലെറിഞ്ഞ് കൊല്ലല്‍ ഔദ്യോഗികമായി നിര്‍ത്തലാക്കി.നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മോഷണത്തിന് ദീര്‍ഘകാല തടവും കടുത്ത പിഴയുമാണ് ശിക്ഷയായി നല്‍കുന്നത്. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ കൊലപാതകം, മയക്കുമരുന്ന് കടത്ത്, ഭീകരവാദം തുടങ്ങിയ കടുത്ത കുറ്റകൃത്യങ്ങള്‍ക്കാണ് ഇപ്പോഴും വധശിക്ഷ നല്‍കുന്നത്. ആ മാറ്റം പൂര്‍ണ്ണമായും ഗള്‍ഫ് സമൂഹത്തിലേക്ക് ഭാവിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.

