ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ രണ്ടാം വരവ് പ്രഖ്യാപിച്ചുകൊണ്ട് ചരിത്രപ്രധാനമായ ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയായി. പത്ത് ദിവസത്തെ ചന്ദ്രയാത്രയ്ക്ക് ശേഷം നാലംഗ ദൗത്യസംഘം സഞ്ചരിച്ച ഒറയോൺ പേടകം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം പുലർച്ചെ 5.37-ന് സാന്റിയാഗോ തീരത്തിന് സമീപം ശാന്തസമുദ്രത്തിലാണ് സ്പ്ലാഷ് ഡൗണ്‍ നടന്നത്.
അമ്പത്തിനാല് വർഷത്തിന് ശേഷമാണ് മനുഷ്യർ ചന്ദ്രന്റെ മറുപുറം കണ്ട് തിരിച്ചെത്തുന്നത്. യാത്രയ്ക്കിടെ നിരവധി നാഴികക്കല്ലുകൾ ദൗത്യസംഘം പിന്നിട്ടു. ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡ് ഇനി ആർട്ടെമിസ് 2 സംഘത്തിന് സ്വന്തം. 1970-ൽ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച 4,00,171 കിലോമീറ്റർ എന്ന റെക്കോർഡ് ഇവർ മറികടന്നു. ഭൂമിയിൽ നിന്ന് പരമാവധി 4,06,771 കിലോമീറ്റർ അകലെ വരെ ഒറയോൺ പേടകം സഞ്ചരിച്ചു.
ചന്ദ്രന്റെ പിന്നിലേക്ക് പേടകം പ്രവേശിച്ചപ്പോൾ ഏകദേശം 40 മിനിറ്റോളം ഭൂമിയിൽ നിന്നുള്ള ആശയവിനിമയം പൂർണ്ണമായും നിലച്ചിരുന്നു. ഈ സമയത്താണ് ഭൂമിയിൽ നിന്ന് ദൃശ്യമല്ലാത്ത ചന്ദ്രന്റെ അജ്ഞാത വശങ്ങൾ ദൗത്യസംഘം നിരീക്ഷിച്ചത്. പുലർച്ചെ 5.07-ഓടെ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച പേടകം, കൃത്യം 5.37-ന് സമുദ്രത്തിൽ സ്പർശിച്ചു. ആധുനിക ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടമാണ് ഇതോടെ പിന്നിട്ടിരിക്കുന്നത്.

