ചര്‍ച്ചകള്‍ക്കായി ജെ.ഡി വാന്‍സ് പാകിസ്താനില്‍ ; “ആകാംക്ഷയോടെ കാത്തിരിക്കുന്നു”; ജെ ഡി വാൻസ്

AnilKumar BalaKrishnan

വാഷിങ്ടണ്‍ ഡിസി: ഇറാന്‍-യുഎസ് വെടിനിര്‍ത്തല്‍ കരാര്‍ ധാരണകളില്‍ ചര്‍ച്ചകള്‍ക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പാകിസ്താനില്‍. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ണായകമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ചര്‍ച്ചകള്‍ ഫലംകാണുമെന്നാണ് പ്രതീക്ഷയെന്നും വാഷിങ്ടണില്‍ നിന്ന് പുറപ്പെടുമ്പോള്‍ വാന്‍സ് പ്രതികരിച്ചു.

‘ഇറാന്‍ നല്ല വിശ്വാസത്തില്‍ ചര്‍ച്ചകളില്‍ പങ്കെടുത്താല്‍ ഞങ്ങളും തുറന്ന മനസ്സോടെ കൈകൊടുക്കും. എന്നാല്‍, അവര്‍ ചര്‍ച്ചകളില്‍ അടവുകളെടുത്താല്‍ ഞങ്ങളുടെ സംഘം കേട്ടിരിക്കില്ല’ -വാന്‍സ് പറഞ്ഞു. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അമേരിക്കയും ഇറാനും തമ്മിലെ നിര്‍ണായക ചര്‍ച്ച ഇന്ന് പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ തുടക്കമാകുന്നത്.
വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് നയിക്കുന്ന യുഎസ് സംഘവും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് നയിക്കുന്ന ഇറാന്‍ സംഘവുമാണ് ചർച്ചകളില്‍ പങ്കെടുക്കുക. പ്രാഥമിക ചര്‍ച്ചകള്‍ ഇന്നും നാളെയുമായി നടക്കും. ചര്‍ച്ച ദിവസങ്ങള്‍ നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ ധാരണയുടെ ഭാഗമായി ഇറാന്‍ മുന്നോട്ടുവെച്ച 10 ഇന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യും.
അതേസമയം, ചര്‍ച്ചകള്‍ നടക്കുമ്പോഴും ലെബനാനിലെ ആക്രമണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഒത്തുതീര്‍പ്പിലെത്തിയിട്ടില്ല. ലെബനാനില്‍ കനത്ത ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്. വെടിനിര്‍ത്തല്‍ കരാറില്‍ ലെബനാനിലെ ആക്രമണം ഉള്‍പ്പെടില്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്. ട്രംപും ഇതേ രീതിയിലാണ് പ്രതികരിച്ചത്. എന്നാല്‍, ലെബനാനിലെ ആക്രമണം അവസാനിപ്പിക്കാതെ വെടിനിര്‍ത്തല്‍ പൂര്‍ണമാകില്ലെന്നാണ് ഇറാന്റെ നിലപാട്.

Share This Article