ക്രിമിനൽ കേസ് പ്രതിയായ നടി ലക്ഷ്മിപ്രിയയെ ‘അമ്മ’ സംരക്ഷിയ്ക്കുന്നതായി പരാതി; വൈസ് പ്രസിഡന്റിനെതിരായ പരാതി മുക്കിയെന്ന് നിര്‍മ്മാതാവ് .

insight kerala

M. മാധവദാസ്‌

കൊച്ചി: ചലച്ചിത്ര താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റും നടിയുമായ ലക്ഷ്മിപ്രിയയ്ക്കെതിരെ ചലച്ചിത്ര നിർമ്മാതാവ് നൽകിയ പരാതി മുക്കിയതായി ആരോപണം. സബീന അബ്ദുൽ ലത്തീഫ് എന്ന ലക്ഷ്‌മിപ്രിയയും ഭർത്താവ് ജയ്ദേവും ചേർന്ന് `ആറാട്ടുമുണ്ടൻ’ എന്ന സിനിമയുടെ നിർമ്മാണത്തിനായി ഇരുപത് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയുമായാണ് അമ്പലപ്പുഴ സ്വദേശിയായ നിര്‍മ്മാതാവ് സിബിലാൽ രംഗത്തെത്തിയിരിക്കുന്നത്.

താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മിപ്രിയയ്ക്കെതിരെ താൻ നൽകിയ ക്രിമിനൽ കേസിൻ്റെ വിശദാംശങ്ങളും തെളിവുകളുമടക്കം പ്രസിഡൻ്റ് ശ്വേതാ മേനോന് പരാതി നൽകിയിരുന്നെങ്കിലും ഇതുവരെയും ഇതുമായി ബന്ധപെട്ട് യാതൊരു നടപടിയും സംഘടനയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെണ്ട് സിബിലാൽ പറയുന്നു.

സുഹൃത്തിൻ്റെ കഥ സിനിമയാക്കുന്നതിൻ്റെ ഭാഗമായാണ് ലക്ഷ്മിപ്രിയയെയും ഭർത്താവ് ജയ്ദേവിനേയും കാണുന്നത്. സാഹിത്യകാരിയാണെന്ന് അവകാശപ്പെട്ടിരുന്ന ലക്ഷ്മിപ്രിയയും പ്രമുഖ സംവിധായകൻ്റെ സഹായിയായി പ്രവർത്തിച്ചുവെന്ന ജയ് ദേവിൻ്റേയും വാക്ക് വിശ്വസിച്ചാണ് തിരക്കഥാ രചനയ്ക്കായി 2021 സെപ്തംബറിൽ ഇരുവർക്കും അഡ്വാൻസ് നൽകിയത് . തുടർന്ന് കാക്കനാട് ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുകയും എഴുത്ത് ആരംഭിയ്ക്കുകയും ചെയ്തുവെന്നറിയിച്ചു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും തിരക്കഥാ രചന നടക്കാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ തട്ടിപ്പു കാരാണെന്ന് മനസിലായതോടെ പണം തിരികെ തരണമെന്നാവശ്യപ്പെട്ടു.ഇതിനകം തന്നെ ഫിലിം ചേംബറിൽ ചിത്രം രജിസ്റ്റർ ചെയ്തതിനാൽ ഇവർക്ക് ആറാട്ടുമുണ്ടൻ എന്ന തൻ്റെ ചിത്രത്തിൽ യാതൊരു പങ്കുമില്ലെന്ന് എഴുതി വാങ്ങുകയും അഡ്വാൻസായി നൽകിയ 20 ലക്ഷം രൂപയുടെ ചെക്ക് 2022 മാർച്ചിൽ നൽകുകയും ചെയ്തു. എന്നാൽ ചെക്ക് മടങ്ങിയതോടെയാണ് താൻ കബളിപ്പിക്കപ്പെടുകയാണെന്ന് മനസിലായത്. തുടർന്ന് അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ വഞ്ചനാകുറ്റം ചുമത്തി കേസ് നൽകുകയും ചെയ്തു. ഇതു സംബന്ധിച്ച രേഖകൾ അടക്കം ‘ അമ്മ ഭാരവാഹികൾക്ക് ഇമെയിൽ വഴിയും നേരിട്ടും പരാതി നൽകി. എന്നാൽ യാതൊരു തരത്തിലുള്ള മറുപടിയും തനിയ്ക്ക് ലഭിച്ചിട്ടില്ലെന്ന് സിബിലാൽ പറയുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ക്രിമിനൽ കേസ് പ്രതികളായ വ്യക്തികളുടെ അംഗത്വം പോലും റദ്ദാക്കണമെന്നാവശ്യപ്പെട്ട് അധികാരത്തിൽ വന്ന പുതിയ ഭാരവാഹികൾ ഒരു ക്രിമിനലിനെത്തന്നെ സംഘടനയുടെ വൈസ് പ്രസിഡൻ്റാക്കിയത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും അതേക്കുറിച്ച് അറിയാതെ സംഭവിച്ചതാണെങ്കിൽ കൃത്യമായ തെളിവുകളടക്കം പരാതി നൽകിയിട്ടും നടപടിയെടുക്കാത്തത് ലക്ഷ്മിപ്രിയയ്ക്ക് അമ്മയിലുള്ള മേൽക്കോയ്മയുടെ തെളിവാണെന്ന് സംശയിയ്ക്കുന്നതായും സിബിലാൽ ആരോപിച്ചു.

സിബിലാൽ നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിനെത്തുടർന്ന് ഈ വിഷയം ഉൾപ്പെടുത്തി സിബിലാലിൻ്റെ സുഹൃത്ത് താരസംഘടനയുടെ അംഗങ്ങൾക്ക് തുറന്ന കത്തെഴുതിയിരുന്നു. ലക്ഷ്മിപ്രിയ തൻ്റെ ഔദ്യോഗിക പദവി ദുരുപയോഗിച്ച് ഈ പരാതിയിലുള്ള നടപടികൾ തടയുകയാണെന്ന് കത്തിൽ ആരോപിയ്ക്കുന്നു. കഴിഞ്ഞ ദിവസം അമ്മ എക്സിക്യുട്ടീവ് അംഗമായ നീനാ കുറുപ്പിനെ അധിക്ഷേപിച്ചുകൊണ്ട് ലക്ഷ്മിപ്രിയ അമ്മയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്‌ദസന്ദേശം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ലക്ഷ്മിപ്രിയ എന്ന തട്ടിപ്പുകാരിയെക്കുറിച്ച് തുറന്നു പറയാൻ തയ്യാറായതെന്നും സിബിലാൽ ഇൻസൈറ്റ് കേരളയോട് വ്യക്തമാക്കി.

Share This Article