പത്തനംതിട്ട: ശബരിമല ആടിയ ശിഷ്ടം നെയ്യ് വിൽപ്പന ക്രമക്കേടിൽ ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ. ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിലെ മുൻ ശാന്തി ആലപ്പുഴ അരൂർ സ്വദേശി കെ ആർ സുനിൽകുമാർ പോറ്റിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിൽ 36 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു.
കേസിൽ 13 -ാം പ്രതിയാണ് സുനിൽ കുമാർ. കീഴ്ശാന്തിയായ ഇയാൾ ശബരിമലയിൽ സ്പെഷ്യൽ ഡ്യൂട്ടിയുടെ ഭാഗമായിട്ടാണ് എത്തിയത്. മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുടെ ചുമതല സുനിൽകുമാർ പോറ്റിക്കായിരുന്നു. വ്യാജ രേഖകൾ ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയത്. വിൽപ്പന നടത്തിയതിന്റെ രേഖകൾ, അതിന്റെ തുക എന്നിവ ദേവസ്വം അക്കൗണ്ടിൽ അടക്കാതെ തിരിമറി നടത്തുകയായിരുന്നു. ലക്ഷങ്ങളുടെ ക്രമക്കേടിൽ ഇയാൾക്ക് പങ്കുണ്ടെന്ന് ദേവസ്വം വിജിലൻസും കണ്ടെത്തിയിരുന്നു. സുനിൽകുമാർ പോറ്റിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
നെയ്യ് വിൽപ്പനയിലെ ക്രമക്കേടിനെപ്പറ്റി പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. 34 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.
