തിരഞ്ഞെടുപ്പ് വേളയിൽ തിരിച്ചടിയാകുമെന്ന് വിലയിരുത്തലിൽ സജി ചെറിയാനെ തിരുത്താൻ സിപിഎം തയ്യാറായി. മുഖ്യമന്ത്രി നിർദ്ദേശിച്ചതനുസരിച്ച് പ്രസ്താവന തിരുത്താൻ സജി ചെറിയാൻ തയ്യാറായി. വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു . തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും പ്രസ്താവനയിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പിൻവലിക്കുന്നതായും സജി ചെറിയാൻ. വിശദീകരണ കുറിപ്പ് ഇറക്കിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിവാദ പരാമർശത്തിൽ സജി ചെറിയാനെ സിപിഎം പിന്തുണച്ചിരുന്നില്ല. ഇടതുമുന്നണിയെ ബാധിക്കുന്ന പ്രസ്താവനയാണ് സജി ചെറിയാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന വികാരം സിപിഎമ്മിനുള്ളിൽ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഖേദപ്രകടനം. വർഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാൻ മലപ്പുറത്തും കാസർകോട്ടും ജയിച്ചവരുടെ പേരുകൾ നോക്കിയാൽ മതിയെന്നും ഇതാർക്കും മനസ്സിലാകില്ലെന്ന് കരുതരുതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. എന്നാൽ താൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം തന്നെ വളരെയധികം വേദനിപ്പിക്കുന്നു എന്ന് വിശദീകരണ കുറിപ്പിൽ മന്ത്രി ചൂണ്ടിക്കാട്ടി. ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ നിലപാടിനെ വൃണപ്പെടുത്തുന്നതാണ് ഈ പ്രചാരണങ്ങൾ. മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന തന്റെ പൊതുജീവിതത്തെ വർഗ്ഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല.പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി മനസ്സിലാക്കുന്നു. ഉദ്ദേശ്യശുദ്ധിയെ മനസ്സിലാക്കാതെ ആർക്കെങ്കിലും വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.പ്രസ്താവന പിൻവലിക്കുന്നു എന്നും സജി ചെറിയാൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. ആദ്യം വാർത്താ സമ്മേളനം നടത്തുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നെങ്കിലും പിന്നീട് വാർത്താ കുറിപ്പ് ഇറക്കി വിഷയം കൂടുതൽ വഷളാക്കാതെ മന്ത്രി തടി തപ്പുകയായിരുന്നു.
അ
