തലശ്ശേരി കേപ് എഞ്ചിനീയറിങ് കോളേജിലെ മതിയായ ഹാജരില്ലാത്ത മൂന്ന് എംടെക് വിദ്യാർഥികളുടെ തടഞ്ഞുവെച്ച പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന സർവ്വകലാശാല ഓംബുഡ്സ്മാൻ ഡോ:ധർമ്മരാജ് അടാട്ടിന്റെ ഉത്തരവ് വിസി ഡോ: സിസാ തോമസ് അംഗീകരിക്കാൻ വിസമ്മതിച്ചു. മേൽ നടപടികൾക്കായി ബന്ധപ്പെട്ട എല്ലാ രേഖകളും ഗവർണർക്ക് കൈമാറി.
75% ഹാജർ നിർബന്ധമാണെന്ന സർവ്വകലാശാല ചട്ടങ്ങൾ പ്രകാരം തടഞ്ഞുവച്ചിട്ടുള്ള റിസൾട്ട് ഉടനടി പ്രസിദ്ധീകരിക്കണമെന്ന ഓംബുഡ്സ് മാന്റെ രണ്ടു വരിയിലുള്ള ഉത്തരവാണ് പരിഗണിക്കാൻ വിസി തയ്യാറാകാത്തത്.
റെഗുലർ കോഴ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിശ്ചിത ശതമാനം ഹാജർ നിർബന്ധമാണ്. പഠനത്തോടൊപ്പം സമാന്തരമായി കമ്പനികളിൽ ജോലിസ്വീകരിക്കുന്നതും ഹാജർ കുറയുന്നതും AICTE വിലക്കിയിട്ടുണ്ട്. പ്രസ്തുത നിബന്ധനകൾ പാടെ അവഗണിക്കുന്നത് കോഴ്സുകളുടെ ഗുണ നിലവാരത്തിൽ ശോഷണം സംഭവിക്കും.
വിദ്യാർത്ഥികളുടെ പരാതികൾ പരിശോധിച്ചു തീരുമാനമെടുക്കുവാൻ യുജിസി നിർദ്ദേശപ്രകാരമാണ് എല്ലാ സർവകലാശാലകളിലും ഓംബുഡ്സ്മാനെ നിയമിച്ചിട്ടുള്ളത്. ഓംബുഡ്സ്മാന്റെ ഉത്തരവിലെ അപാകത ചൂണ്ടിക്കാട്ടിയാണ് വിസി മേൽ നടപടികൾക്കായി ഗവർണർക്ക് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടത്.
സംസ്കൃത സർവ്വകലാശാല മുൻ വിസി ഡോ :ധർമ്മ രാജ് അടാട്ടിനെ KTU സിൻഡിക്കേറ്റാണ് ഓംബുഡ്സ് മാനായി നിയമിച്ചത്.അദ്ദേഹം സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അധ്യക്ഷനായി അടുത്തയിടെ തെരഞ്ഞെടുക്കപ്പെട്ടത്കൊണ്ട് ഒരു രാഷ്ട്രീയ ചേരിയിൽപെട്ട അദ്ദേഹത്തെ നിഷ് പക്ഷത വേണ്ട ഓംബുഡ്സ്മാൻ പദവിയിൽ നിന്നും ഒഴിവാക്കണമെന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി യുടെ പരാതി ഇപ്പോൾ ഗവർണരുടെ പരിഗണയിലാണ്.

