മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും കേരളാ ഡെമോക്രാറ്റിക് പാർട്ടി നേതാവും പാലാ എംഎൽഎയുമായ മാണി സി. കാപ്പനും തമ്മിൽ കൂടിക്കാഴ്ച. മലപ്പുറം വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽവെച്ച് രാവിലെ 9 മണിയോടെ ആയിരുന്നു കൂടിക്കാഴ്ച. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് വരുന്നുവെന്ന വാർത്തകൾക്കിടെയാണ് ഏറെ പ്രാധാന്യമർഹിക്കുന്ന ഈ സന്ദർശനം. കേരളാ കോൺഗ്രസ് എം യുഡിഎഫിൽ എത്തിയാൽ പാലാ സീറ്റ് ആവശ്യപ്പെടാനിടയുണ്ട്. എന്നാൽ സിറ്റിങ് എംഎൽഎയായ മാണി സി. കാപ്പൻ അതിന് തയ്യാറല്ല. ഇക്കാര്യത്തിൽ ഒരു ഉറപ്പ് ലഭിക്കുന്നതിന് വേണ്ടിയാണ് കൂടിക്കാഴ്ച എന്ന് സൂചന. കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്ക് വരുന്നതിൽ യാതൊരു എതിർപ്പുമില്ല എന്നാൽ പാലാ വിട്ടുകൊടുക്കില്ലെന്ന നിലപാട് മാണി സി.കാപ്പൻ. യുഡിഎഫിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന സീറ്റാണ് തിരുവമ്പാടി. ജോസും കൂട്ടരും മുന്നണി വിട്ടെത്തിയാൽ അവർക്കു വേണ്ടി തിരുവമ്പാടി ലീഗ് വിട്ടുനൽകിയേക്കുമെന്നാണ് വിവരം.
