
1975 ജൂൺ 26നാണ് ഇന്ത്യയിൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. കേരളത്തിൽ സി.അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. കെ.കരുണാകരൻ ആഭ്യന്തര വകുപ്പ് മന്ത്രിയും.അക്കാലത്ത് കോഴിക്കോട് റീജനൽ എഞ്ചിനിയറിംഗ് കോളജിലെ വിദ്യാർത്ഥിയായിരുന്ന പി.രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു മികച്ച ഗായകനും നാടക പ്രവർത്തകനും കൂടിയായിരുന്നു രാജൻ. പോലീസ്, രാജനെ ക്രൂരമായി മർദ്ദിച്ചു.രാജൻ പോലീസ് ലോക്കപ്പിൽ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു.മൃതദേഹം ഇല്ലാതാക്കി. ഇതൊന്നുമറിയാതെ മകനെ തേടി അച്ഛൻ, പ്രൊഫ. ഈച്ചരവാര്യർ മന്ത്രി ഓഫീസിലും പോലീസ് ഹെഡ്ക്വാർട്ടേഴ്സിലുമൊക്കെ കയറിയിറങ്ങി. ഈച്ചരവാര്യരുടെ സുഹൃത്തും അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. ഓമനക്കുട്ടൻ സാറിൻ്റെ ശവം തീനികൾ എന്ന പുസ്തകത്തിൽ രണ്ടു പേരും കൂടി രാജനെ തേടി കോഴിക്കോട്ട് പോയി തിരിച്ച് ബസ്സിൽ മടങ്ങുന്നത് എഴുതിയിട്ടുണ്ട്. കോഴിക്കോട്ടെ അന്വേഷണത്തിനിടയിൽ രാജൻ കൊല്ലപ്പെട്ടു എന്ന വാർത്ത ഓമനക്കുട്ടൻ സാർ അറിയുന്നുണ്ട്. ഈ വിവരം വാര്യർ സാറിനോട് പറയാൻ കഴിയാതെ ഓമനക്കുട്ടൻ സാർ ബസിലിരിക്കുന്നു. എവിടെയോ രാജൻ ജീവിച്ചിരിക്കുന്നു എന്നാണ് വാര്യർ സാർ വിശ്വസിക്കുന്നത്.
ഇനി ഓമനക്കുട്ടൻ സാറിൻ്റെ പുസ്തകത്തിലെ വരികൾ വായിക്കാം.
” ബസ് എടപ്പാളിലെത്തി. പാതിരാത്രി. കട്ടൻ കാപ്പി കുടിക്കാൻ യാത്രക്കാർ ഇറങ്ങി.ഞാൻ വാരിയർ സാറിനെ കാപ്പി കുടിക്കാൻ വിളിച്ചു. അദ്ദേഹം വേണ്ടാ എന്ന് തലക്കുലുക്കി കാണിച്ചു. ഞാൻ ബസ്സിൽ നിന്നും ഇറങ്ങി കാപ്പിക്കടയിലെത്തി. ബസ്സിലേക്ക് ഞാൻ തിരിഞ്ഞു നോക്കി. ബസ്സിലാരുമില്ല. വാരിയർ സാർ മാത്രം ഇരുളിൽ കണ്ണും നട്ട് അനക്കമില്ലാതെ ഇരിക്കുന്നു. വല്ലാത്തൊരു കാഴ്ച”.
1989 ൽ ഷാജി എൻ.കരുൺ സംവിധാനം ചെയ്ത പിറവി എന്ന സിനിമയിൽ കാണാതായ മകനെ തേടി വരുന്ന പിതാവിനെ അവതരിപ്പിക്കുന്ന പ്രേംജി എന്ന നടൻ ഇതേപോലെ ഇരുളിലേക്ക് നോക്കി ബസ്സിൽ ഒറ്റയ്ക്കിരിക്കുന്നുണ്ട്. അടിയന്തിരാവസ്ഥ കാലത്ത് പോലിസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട പി.രാജനിൽ നിന്നും സംക്രമിച്ചതാണ് പിറവി എന്ന സിനിമ.
മലയാളത്തിലെ എക്കാലത്തേയും മികച്ച നടന്മാരിലൊരാളായ പ്രേംജിയുടെ ഈ ചിത്രത്തിലെ അനുഗൃഹീത പ്രകടനത്തിനാണ് ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം 1989 ൽ ലഭിച്ചത്. ആ വർഷത്തെ ഏറ്റവും മികച്ച ചിത്രം പിറവിയായിരുന്നു. ഏറ്റവും മികച്ച സംവിധായകൻ ഷാജി എൻ.കരുണും.ശബ്ദലേഖനത്തിനുള്ള പുരസ്കാരം പിറവിയിലൂടെ ടി. കൃഷ്ണനുണ്ണിക്കും ലഭിച്ചു. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പരാമർശം, ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലെപാർഡ് സ്പെഷ്യൽ ജൂറി പുരസ്കാരം, ഹവാലി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും മികച്ച ചിത്രം തുടങ്ങി ഇരുപതിലേറെ അന്തർദേശീയ പുരസ്ക്കാരങ്ങളാണ് പിറവി കരസ്ഥമാക്കിയത്.
എസ്. ജയചന്ദ്രൻ നായരുടെ കഥയ്ക്ക് അദ്ദേഹവും ഷാജി എൻ.കരുണും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ” ഇന്ന് രഘുവരും. ഇന്ന് ഒടുക്കത്തെ ബസിനെത്തുമെന്നാ അവൻ്റെ കത്ത്… എന്ന് പറഞ്ഞ് കടത്തുവഞ്ചി കയറി ഒരു ചായക്കട മാത്രമുള്ള
ബസ്റ്റോപ്പിലേക്ക് നടക്കുന്ന രാഘവ ചാക്യാർ.അനശ്വര നടൻ പ്രേംജിയാണ് ചാക്യാരായി അഭിനയിച്ചത്.

“രഘു വന്നോ?’… എന്ന് കിടക്കയിൽ കിടന്നു കൊണ്ട് അന്വേഷിക്കുന്ന ലക്ഷ്മി കൃഷ്ണമൂർത്തി അവതരിപ്പിച്ച ദേവകിയമ്മ. “എത്തീട്ടില്ല. അച്ഛൻ വരുമ്പോഴൊപ്പമുണ്ടാകും” എന്ന് പറഞ്ഞാശ്വസിപ്പിക്കുന്ന അർച്ചന അവതരിപ്പിക്കുന്ന ഓപ്പോൾ.
“എണ്ണ കുറച്ചേയുള്ളൂ.രഘൂ വരുമ്പോ കൊണ്ടു വരുമല്ലോ? ഗുളികയും തീർന്നു.രഘു വന്നാലല്ലേ ഇനി കിട്ടൂ.” അമ്മ ഇതൊക്കെ പറഞ്ഞ് മകനെ കാത്തിരിക്കുകയാണ്. നാളെ ഓപ്പോളിനെ കാണാൻ ഒരു ചെറുക്കൻകൂട്ടർ വരുന്നുണ്ട്.രഘുവരുമല്ലോ. എന്നിട്ട് തീരുമാനിക്കാം.ഓപ്പോളും കാത്തിരിക്കുകയാണ്. പക്ഷേ, അവസാന വണ്ടിക്ക് രഘു വന്നില്ല!
കണ്ണും കരളും പൊടിഞ്ഞ് രാഘവ ചാക്യാർ രഘുവിനെ തേടി അടുത്ത ദിവസവും
ബസ്റ്റോപ്പിലേക്ക് നടന്നു. യാത്രയ്ക്കിടയിൽ കടത്തുവഞ്ചിക്കാരൻ രഘുവിനെ ഓർക്കുന്നുണ്ട്. തൻ്റെ കാലിലെ ആണി രോഗത്തിന് മരുന്നുകൊണ്ടു വരുന്ന രഘു. തൻ്റെ പേടി പങ്കു വെയ്ക്കുമ്പോൾ രഘു പറയും: “ഞാനുള്ളിടത്തോളം കാലം പേടിക്കണ്ട!”
പ്രാദേശിക നേതാവിൻ്റെ വാക്കനുസരിച്ച് രാഘവ ചാക്യാർ മകനെത്തേടി തിരുവനന്തപുരത്തെത്തുന്നു.മന്ത്രിമന്ദിരത്തിലെത്തി ആഭ്യന്തര മന്ത്രി നമ്പീശനെ കാണുന്നു. ഐ.ജി.യ്ക്ക് കൊടുക്കാൻ ,നമ്പീശൻ ഒരു കത്ത് ചാക്യാർക്ക് നൽകുന്നു. കത്തുമായി ചാക്യാർ ഐ..ജി.യെ കാണുന്നു.
ഓപ്പോൾ രാജൻ പഠിച്ച കോഴിക്കോട്ടെ എഞ്ചിനിയറിംഗ് കോളജിലെത്തുന്നു. രഘുവിൻ്റെ മുറിയിൽ എത്തുന്നു.രഘുവിൻ്റെ സുഹൃത്തുക്കളെ കാണുന്നു. എല്ലാ അന്വേഷണങ്ങളും മുറയ്ക്ക്. പക്ഷേ രഘു മാത്രം മടങ്ങി വന്നില്ല. ദുഃഖം നിറഞ്ഞൊരിടമായി ഒരു വീട് മാറുന്നു. ഇതിനിടെ പത്രത്തിലൂടെ ചാക്യാർ രഘുവിൻ്റെ വാർത്ത അറിയുന്നു. രഘുവിൻ്റെ വാർത്ത വന്ന പത്രം അച്ഛൻ ഒളിപ്പിച്ചു വെയ്ക്കുന്നു. സത്യമറിഞ്ഞ മകൾ അച്ഛനു നേരെ ദേഷ്യപ്പെടുമ്പോൾ ചാക്യാർ പറയുന്ന ഒരു മറുപടിയുണ്ട്: “സങ്കടപ്പെടാൻ കുറെ സമയം നീട്ടി കിട്ടുന്നത് നല്ലതല്ലേ? അത്രേം കൂടി സമയം സന്തോഷിക്കരുതോ?”
രഘുവിനൊപ്പം കോളജിൽ സാമൂഹ്യനീതിയ്ക്കായി ഒപ്പം പൊരുതിയ സഹപാഠിയായ സ്നേഹിതൻ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ തൊഴുതിട്ടൊന്നും മതിയാകുന്നില്ല. രഘുവിൻ്റെ വീട്ടുകാരിൽ നിന്ന് ഒളിച്ചോടുന്ന സുഹൃത്ത്. ഒടുവിൽ ഓപ്പോളിൻ്റെ മുന്നിൽ പെടുന്ന ആ സുഹൃത്ത് പറയുന്നു: “വഴിവിട്ട കൂട്ടുകെട്ടിൽ നിന്നും രക്ഷപ്പെട്ടതിന് അമ്മയുടെ നേർച്ച. എനിക്ക് ഒന്നും അറിയില്ല. ഒന്നും ഓർമ്മയില്ല..
ഞാനിപ്പോൾ ശുദ്ധീകരണത്തിൻ്റെ വഴിയിലാണ്. അപരൻ്റെ വേദന തിരിച്ചറിയാതിരിക്കലാണോ ആത്മീയത? വീഴാതിരിക്കാൻ രഘു പിടിച്ചാൽ മതിയെന്ന് വിശ്വസിക്കുന്ന ഒരച്ഛൻ. അമ്മയും ഓപ്പോളും ഒരു സങ്കട കടലിൽ മുങ്ങി താഴുന്നു. വീട്ടിലാകെ മരണത്തിൻ്റെ ഗന്ധം. ചാക്യാരുടെ നാട്ടിലെ കടത്തുകാരനും ചായക്കടക്കാരനും സ്കൂളും കുട്ടികളും അദ്ധ്യാപകരും ഭാരമെടുപ്പുകാരുമൊക്കെ നന്മ നിറഞ്ഞവർ. കടത്തുകാരൻ തനിക്ക് കിട്ടുന്ന കൂലി സൂക്ഷിക്കാനേല്പിക്കുന്നത് ചായക്കടക്കാരനെ. ചില്ലറ പണമെല്ലാം കൂടി വലിയ തുകയായിട്ടുണ്ട്. എന്താ തിരികെ തരട്ടെയെന്ന് ചായക്കടക്കാരൻ പറയുമ്പോൾ കടത്തുകാരൻ പറയുന്നുണ്ട്.. തൻ്റെ മോൾക്കീ പണമിരിക്കട്ടെ. അതെൻ്റെ മോളൂടെയാണെന്ന് ചിന്തിച്ചാ പ്രശ്നം കഴിഞ്ഞില്ലേ?” തിന്മയുടെ മിന്നലാട്ടമായി എവിടെ നിന്നോ ആ ഗ്രാമത്തിലെത്തുന്ന ബസ് കണ്ടക്ടറുണ്ട്. അയാൾ തെളിനീരുള്ള പുഴയിലേക്ക് അഴുക്ക് വീഴ്ത്തുന്നത് ഷാജി എൻ.കരുൺ കൃത്യമായി പറഞ്ഞുവെക്കുന്നുണ്ട്. തകർത്തു പെയ്യുന്ന മഴ ഈ സിനിമയിലെ ഒരു കഥാപാത്രമാണ്. ഇടയ്ക്കിടെ കറുത്ത കാർമേഘങ്ങൾ. ഇടിമിന്നലോടു കൂടിയ മഴ. സൗന്ദര്യാത്മകമായ മഴ. സണ്ണി ജോസഫിൻ്റെ ക്യാമറ ഒരുക്കുന്ന അത്ഭുത കാഴ്ചകൾ ചിത്രത്തിൻ്റെ സത്തയെ നമ്മിലേക്ക് നിറയ്ക്കുന്നുണ്ട്. ജി.അരവിന്ദനും മോഹൻ സിത്താരയുമാണ് സംഗീതം. കണ്ണും നെഞ്ചും വിങ്ങി, ചാക്യാരോടും വീട്ടുകാരോടും ഒപ്പം നമ്മൾ പ്രേക്ഷകരും രഘുവിനെ തേടിയലയുകയാണ്.
ഭരണകൂടങ്ങളും ഭരണ സംവിധാനങ്ങളും ഒരു കുടുംബത്തിൻ്റെയും അതുൾപ്പെടുന്ന സമൂഹത്തിൻ്റെയും സുഗമ യാത്രയെ കുഴപ്പത്തിലാക്കുകയാണ്. ഇരുളു മാറുമെന്ന് വിശ്വസിച്ച് രാഘവ ചാക്യാർ കാത്തിരിക്കുകയാണ്. അസ്വസ്ഥയായ മകൾ അച്ഛനോട് ചോദിക്കുന്നുണ്ട്: ” ഇനി കാത്തിരുന്നിട്ട് എന്ത് കാര്യം?” മകളോട് പൊട്ടിത്തെറിച്ചു കൊണ്ട് രാഘവ ചാക്യാർ ചോദിക്കുന്നുണ്ട്: “ഞാൻ കാത്തിരിക്കേണ്ടേ? ഞാൻ പിന്നെയെന്തിനാ അവൻ്റെ അച്ഛനായത്? അവളമ്മയായത്? നീ അവളുടെ ഓപ്പോളായത്?”
ഞാനെൻ്റെ സഹോദരൻ്റെ കാവൽക്കാരനോ എന്ന ഭൂമിയിലെ ആദ്യ ചോദ്യത്തിൻ്റെ മറുചോദ്യത്തിൻ്റെ ഫിലോസഫി ഇവിടെ തെളിയുന്നുണ്ട്. ഞാനെൻ്റ സഹോദരൻ്റെ കാവല്ക്കാരനാണെന്ന സാർവലൗകിക മാനവികതയുടെ സുവിശേഷം.
ക്ഷേത്രനടയിൽ കമിഴ്ന്ന് വീണ് ചങ്കുപൊട്ടി കരഞ്ഞ് പ്രാർത്ഥിക്കുന്നുണ്ട് ചാക്യാർ. തനിക്ക് തൻ്റെ മകനെ തിരിച്ചു തരണേയെന്ന്!
മതിമറക്കുന്ന നിശ്ശബ്ദത. റിയലിസത്തിൻ്റെ പുത്തൻ പാഠങ്ങൾ. ദാർശനികതയുടെ പുത്തൻ ധ്യാനങ്ങൾ. പരാജയത്തെ വായിക്കാനുള്ള സൂത്രവാക്യങ്ങൾ. ഷാജി എൻ.കരുണിൻ്റെ പിറവിയെ ഇങ്ങനെയൊക്കെ അടയാളപ്പെടുത്താം.
1975 ൽ ഇല്ലാതായ രാജൻ്റെ കഥ തന്നെയാണ് 1989 ലെ ഷാജി എൻ.കരുണിൻ്റെ പിറവി എന്ന സിനിമ. രാജൻ കേസ് അന്വേഷണം പൂർത്തിയായി കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടതിനൊക്കെ ശേഷമാണ് സിനിമ വരുന്നത്. ഷാജി എൻ.കരുൺ രാജൻ സംഭവത്തിൻ്റെ നാൾവഴികളിലേക്കല്ല യാത്ര പോയത്. അഥവാ ഒരു ക്രൈം ത്രില്ലറല്ല പിറവി. മകനു വേണ്ടി കാത്തിരിക്കുന്ന ഒരു പിതാവിലേക്ക്… ഒരു കുടുംബത്തിൻ്റെ തോരാ കണ്ണീരിലേക്കാണ് ഷാജി എൻ.കരുൺ ക്യാമറ തുറന്നു വെച്ചത്. ഇരുളിൽ എവിടെയോ വെളിച്ചത്തിൻ്റെ ഒരു തുള്ളി തെളിയുമെന്ന ഒരു വലിയ വിശ്വാസം! അതു കൊണ്ടു തന്നെ കാലം, സമയം എന്നിവയെ അതിജീവിക്കുന്ന സിനിമയാണ് പിറവി. അഥവാ ഷാജി ഈ സിനിമ എടുത്തത് 1989 കാലഘട്ടത്തിന് വേണ്ടിയല്ല. 2025 ന് വേണ്ടി കൂടി എടുത്ത സിനിമയാണ് പിറവി. അടിയന്തിരാവസ്ഥയുടെ അൻപതാം വാർഷികത്തിലാണ് നാമിപ്പോൾ.
2025 ൽ പിറവി സിനിമ ഒരു വായന നമ്മോട് ആവശ്യപ്പെട്ടുന്നുണ്ട്.ഷാജി എൻ.കരുണിൻ്റെ രാഷ്ട്രീയ ചിന്തയെക്കൂടി ചേർത്തുവെക്കുമ്പോൾ പ്രവാചക ശബ്ദം കേൾപ്പിക്കുന്ന ചലച്ചിത്രമാണ് പിറവി. മഴയിലാണ് പിറവി എന്ന സിനിമ തുടങ്ങുന്നത്. മഴയുടെ നടുത്തളത്തിലാണ് നമ്മളിപ്പോൾ. നമ്മുടെ വർത്തമാനകാലത്തെ വ്യക്തിജീവിതം, കുടുംബ ജീവിതം, സാമൂഹ്യ ജീവിതം… നാം കാണുന്ന കാഴ്ചകൾ..
പിറവി സിനിമയിൽ ഒരു കഥാപാത്രം രോഷത്തോടെ പറയുന്നുണ്ട്: ” ആരോടാണ് സാക്ഷി പറയേണ്ടത്? തീരുമാനിക്കുന്നത് എല്ലാം അവരല്ലേ?” 1989 ൽ ഷാജി എൻ കരുൺ ചിത്രമെടുക്കുമ്പോൾ രാജൻ്റെ മരണത്തിൻ്റെ കാരണക്കാരായവർ തിരിച്ചറിയപ്പെട്ടിരുന്നു. നേരിയ കുറ്റബോധം കൊണ്ട് ആഭ്യന്തര മന്ത്രി നമ്പീശൻ ഐ.ജിയ്ക്ക് ഒരു കത്തു കൊടുക്കുന്നുണ്ട് പിറവിയിൽ. ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും രഘുമാർ കാണാതാവുന്നു.
പുതിയ കാലത്ത് രഘുവിനെ തേടി ചാക്യാർക്കൊപ്പം മഴ നനഞ്ഞ് നടക്കുകയാണ് വേട്ടക്കാരും.
പിറവി എന്ന സിനിമ നമുക്ക് ചില പാഠങ്ങൾ നൽകുന്നുണ്ട്.
പിറവി സിനിമയിൽ രഘുവിന് മുഖമില്ല.
നന്മ നിറഞ്ഞ ഒരു നാടിൻ്റെ പുത്തൻ പ്രതീക്ഷയും ആശ്വാസവുമാണ് രഘു. രഘു ഒരു വ്യക്തിയല്ല. രഘു തുറന്ന ജനാധിപത്യമാണ്. തുല്യനീതിയും അവസരവും ഉറപ്പാക്കുന്ന നന്മയുടെ രാഷ്ട്രീയമാണ്. സാർവലൗകിക സ്നേഹവും കാരുണ്യവുമാണ്. ഇരുണ്ട ഇലച്ചാർത്തുകൾക്കിടയിലെ തുള്ളി വെളിച്ചമാണ്. ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും ലോകം മാറുകയാണ്. ഇടി വെട്ടി മഴ പെയ്യുകയാണ്. രഘുവിനെ തേടി തീമഴ നനഞ്ഞ് നിൽക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഓരോ ശബ്ദം മങ്ങുമ്പോഴും, തേടിയിറങ്ങാൻ നാം മടി കാട്ടുമ്പോൾ സൈലൻസിലേക്ക് നാം നടന്നടുക്കുകയാണ്. പക്ഷേ ഒരു കാര്യം മറക്കരുത്: നമുക്ക് കാണാനും കേൾക്കാനും ഇഷ്ടമില്ലെങ്കിലും സത്യം നമ്മുടെ പുറകെയുണ്ട്. അതിൻ്റെ ഗന്ധവും നിഴലും നമ്മളെ പിന്തുടരും.
വീണ്ടും പറയട്ടെ.ഷാജി പിറവിയെടുത്തത് ഇക്കാലത്തേക്ക് കൂടിയാണ്. അതു കൊണ്ടു തന്നെ
2025 ൽ പിറവി കാണണം. ഈ സിനിമയിൽ പ്രശസ്ത കഥാകൃത്ത് സി.വി ശ്രീരാമനാണ് പുഴ കടത്തുകാരനായ വഞ്ചിക്കാരനായി അഭിനയിക്കുന്നത്. ചിത്രത്തിൻ്റെ ആദ്യ ഭാഗത്ത് വഞ്ചിയിൽ കയറിയ ഒരാൾ. അയാൾ നമുക്ക് പുറംതിരിഞ്ഞാണിരിക്കുന്നത്. മുഖം നമുക്ക് കാണാൻ കഴിയുന്നില്ല. അയാളോടായി കടത്തുകാരൻ ചോദിക്കുന്നു:
“മഴ വന്നില്ലല്ലോ?”
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം നമുക്ക് പുറംതിരിഞ്ഞിരിക്കുന്ന കഥാപാത്രം ഉറക്കെ മറുപടി പറയുന്നു:
“മഴ വരും! കുറെക്കൂടി അസുരനായി വരുമടോ !”
എനിക്ക് കേൾക്കാം. പുറത്ത് മഴ പെയ്യുന്നുണ്ട്. അസുരനെ പോലെ.
അബ്രഹാം കുര്യൻ.

