ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി സർവസമ്മതനായ കെ ജയകുമാറിനെ നിയോഗിച്ചുവെങ്കിലും തലപ്പത്തുള്ള ഉദ്യോഗസ്ഥർ അത്ര നിഷ്കളങ്കർ അല്ലെന്ന് ആരോപണം. പുതിയ പ്രസിഡന്റ് അഴിമതിക്കാരനല്ലെന്ന് ജീവനക്കാർ ഒന്നടങ്കം പറയുന്നു. എന്നാൽ പ്രസിഡന്റിന്റെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കപ്പെട്ടവരിൽ മൂന്നുപേർ സാമ്പത്തിക ക്രമക്കേട് അടക്കമുള്ള സംഭവങ്ങളിൽ ആരോപണ വിധേയരാണ്.
പുതിയ പ്രസിഡന്റിന്റെ പി എസ് ആയി നിയമിച്ചത് ലക്ഷങ്ങളുടെ ക്രമക്കേട് ആരോപണം നേരിടുന്ന ബോർഡ് ഉദ്യോഗസ്ഥനെയാണ്. മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ പേഴ്സണൽ സ്റ്റാഫിലും ഇതേ ഉദ്യോഗസ്ഥനെ തന്നെയായിരുന്നു നിയമിച്ചത്. ഇതിനൊപ്പം പുതിയ പ്രസിഡന്റിന്റെ സ്റ്റാഫിൽ നിയമിച്ച മറ്റ് രണ്ട് ജീവനക്കാരും സമാന ആരോപണം നേരിടുന്നവരാണ്.
അസിസ്റ്റന്റ് കമ്മീഷണറെയോ അല്ലെങ്കിൽ അതിനു മുകളിൽ റാങ്കുള്ള ഉദ്യോഗസ്ഥനെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പി എസ് ആയി നിയമിക്കുക. ബോർഡിന്റെ ചട്ടം അനുസരിച്ച് ലയബിലിറ്റി ഉള്ളവരെയോ സാമ്പത്തിക ക്രമക്കേട് ആരോപണം നേരിടുന്നവരെയോ ഇങ്ങനെ നിയമിക്കാൻ പാടില്ല.
എന്നാൽ നിലയ്ക്കലിൽ വസ്തു സംബന്ധമായ വിഷയത്തിൽ ലക്ഷങ്ങളുടെ അഴിമതിയാരോപണ നിഴലിൽ നിൽക്കുന്നയാളെ തന്നെ വീണ്ടും പി എസ് ആയി നിയമിച്ചത് അത്ര കണ്ട് “സുതാര്യം” അല്ലെന്നാണ് ആരോപണം. നിലയ്ക്കലിൽ തടി വെട്ടിയ സംഭവത്തിൽ ഈ ഉദ്യോഗസ്ഥനെതിരെ ദേവസ്വം വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. നിലവിൽ അന്വേഷണം പാതിവഴിയിലാണ്. അന്തിമ റിപ്പോർട്ട് സമർപ്പിക്കേണ്ട സമയ പരിധി കഴിഞ്ഞിട്ടും അന്വേഷണം തുടരുന്നുവെന്നാണ് ബോർഡ് അധികൃതരുടെ ഭാഷ്യം.
മലയാലപ്പുഴ എ ഒ ആയിരിക്കെയാണ് ഈ ഉദ്യോഗസ്ഥൻ തിരുവനന്തപുരത്തേക്ക് സ്ഥലം മാറുന്നത്. മലയാലപ്പുഴ എ ഒ ആയിരിക്കെ തന്റെ മേശ വലിപ്പിൽ നിന്ന് തളി ജീവനക്കാരി നാലു ലക്ഷം രൂപ മോഷ്ടിച്ചുവെന്ന വാദം ഉയർത്തി സഹതാപം സൃഷ്ടിച്ചാണ് 2023 ൽ മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ പി എസ് ആകുന്നത്. ഇതിനായി ചില സംഘടനാ നേതാക്കളും ചരടുവലിച്ചു. പി എസ് പ്രശാന്തിന്റെ പി എസ് ആയിരിക്കെയും ഈ ഉദ്യോഗസ്ഥനെതിരെ ആക്ഷേപമുയർന്നിരുന്നു.
ആറൻമുള വള്ള സദ്യ വിവാദത്തിലടക്കം കഴിഞ്ഞ ബോർഡിനെ ഇത്രയേറെ പ്രതിസന്ധിയിലാക്കിയത് പേഴ്സണൽ സെക്രട്ടറിയുടെ പിടിപ്പുകേട് ഒന്നുകൊണ്ട് മാത്രമായിരുന്നു എന്നാണ് ചൂണ്ടിക്കാട്ടുന്നത്.
സാധാരണ ദേവസ്വം ബോർഡ് ഭാരവാഹികളുടെ ഓഫീസ് ജീവനക്കാരെ നിയമിച്ചാൽ അക്കാര്യം ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ ദിവസം പത്ത് കഴിഞ്ഞിട്ടും ബോർഡിന്റെ സൈറ്റിൽ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല.

