തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് കേവലം മാസങ്ങൾ ശേഷിക്കെ കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് മുസ്ലിംലീഗ്. പതിവ് പോലെ 25 ൽ നിർത്താനുള്ള നീക്കം നടക്കില്ലെന്നും പതിവ് ചിലപ്പോഴൊക്കെ തെറ്റുന്നത് നല്ലതാണെന്നും ലീഗ് നേതാക്കൾ പറയുന്നു.
ഇത്തവണ 40 സീറ്റാണ് ലീഗ് നോട്ടമിടുന്നത്. എന്നാൽ 15 അധിക സീറ്റ് എന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ 7 സീറ്റുകളെങ്കിലും അധികം വേണമെന്നാണ് ലീഗ് നേതാക്കൾ ആവശ്യപ്പെടുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ കഴിഞ്ഞ തവണത്തെ വോട്ട് കണക്കും വിജയിച്ച സീറ്റും ഒക്കെയാണ് കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ മുന്നോട്ട് വെക്കുന്ന കാരണം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചു ചേർക്കാനിരിക്കുന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിൽ വിഷയം ഉന്നയിക്കാനാണ് തീരുമാനമെന്ന് ഉന്നത ലീഗ് നേതാക്കൾ വ്യക്തമാക്കുന്നു.
നിലവിലെ സീറ്റുകൾക്ക് പുറമെ ഏഴ് സീറ്റ് എങ്കിലും കൂടുതൽ ആവശ്യപ്പെടാനാണ് ലീഗ് തീരുമാനം. വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ട എന്നാണ് നേതൃത്വത്തിന്റെ നിലപാട്.
ഇരവിപുരം, തവനൂർ, നാദാപുരം, പട്ടാമ്പി, കൊയിലാണ്ടി, കണ്ണൂർ, ആലുവ എന്നീ സീറ്റുകളാണ് ലീഗ് നോട്ടമിടുന്നത്. ഇതിൽ തവനൂർ, പട്ടാമ്പി, ഇരവിപുരം, കണ്ണൂർ എന്നിവ നിർബന്ധമായും കിട്ടണം എന്നാണ് ലീഗ് ആവശ്യം.
ഇതിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടും ഒരു വിഭാഗം നേതാക്കൾക്കുണ്ട്. ആലുവ വേണമെങ്കിൽ കളമശേരിയുമായി വെച്ചുമാറാം എന്ന നിലപാടും ലീഗ് മുന്നോട്ട് വെച്ചിട്ടുണ്ട് എന്നാണ് സൂചന. ഇതിനൊപ്പം മാനന്തവാടി, കൂത്ത്പറമ്പ് എന്നീ മണ്ഡലങ്ങളും ലീഗ് പരിഗണിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ് നേതൃത്വം ഈ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കും എന്നാണ് അറിയേണ്ടത്.
തവനൂർ, പട്ടാമ്പി, ഇരവിപുരം, നാദാപുരം എന്നിവിടങ്ങളിൽ മുസ്ലിംലീഗ് പ്രാദേശിക നേതാക്കളും പ്രവർത്തകരും സീറ്റ് ലീഗിനാണ് എന്ന മട്ടിൽ സമൂഹ മാധ്യമ പ്രചരണം ഇതിനകം തുടങ്ങിയിട്ടുമുണ്ട്. ലീഗിന്റെ സമൂഹ മാധ്യമ കൂട്ടായ്മകളിലാണ് ഇത്തരമൊരു നീക്കം തുടങ്ങിയത്.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് സമയത്ത് ഒരു സീറ്റ് അധികം വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. ലോകസഭ സീറ്റ് തന്നില്ലെങ്കിൽ രാജ്യസഭാ സീറ്റ് വേണമെന്ന കടുംപിടുത്തത്തിൽ ലീഗ് ഉറച്ചതോടെ ആകെ പ്രതിസന്ധി ആയിരുന്നു.
വലിയ പ്രതിസന്ധിക്കും വിവാദങ്ങൾക്കും ഒടുവിൽ നിയമസഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം എന്ന ഉറപ്പ് മുൻനിർത്തിയാണ് അന്ന് പ്രതിസന്ധി യുഡിഎഫ് പരിഹരിച്ചത്. ഈ സമവായ നിർദ്ദേശമാണ് ലീഗ് ഇപ്പോൾ എടുത്തിട്ടിരിക്കുന്നത്. നേരത്തെ തന്നെ സമ്മർദ്ദം ചെലുത്തിയാലേ ചോദിച്ചതിന്റെ പകുതി എങ്കിലും കിട്ടു എന്നാണ് ഒരു സംസ്ഥാന നേതാവ് പ്രതികരിച്ചത്.
അടുത്ത വർഷം മാർച്ച് 28നകം ലീഗിൽ ധാരണയുണ്ടാക്കി സീറ്റ് വിഷയത്തിൽ വില പേശൽ തന്നെയാണ് നിലവിലെ ലക്ഷ്യം.

