കാബൂൾ: അയൽരാജ്യമായ പാകിസ്ഥാന്റെ ജലലഭ്യതയ്ക്ക് കനത്ത വെല്ലുവിളിയുയർത്തി, അഫ്ഗാനിസ്ഥാനിൽ ഉത്ഭവിച്ച് പാകിസ്ഥാനിലേക്ക് ഒഴുകുന്ന കുനാർ നദിയിൽ അണക്കെട്ട് നിർമ്മിക്കാൻ താലിബാൻ തീരുമാനിച്ചു. പാക്-അഫ്ഗാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുള്ള അഖുന്ദ്സാദ ഈ നിർണായക പ്രഖ്യാപനം നടത്തിയത്.
കുനാർ നദിയിലെ അണക്കെട്ട് നിർമ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കാനും, വിദേശ കമ്പനികളെ കാത്തുനിൽക്കാതെ ആഭ്യന്തര കമ്പനികളുമായി കരാറിൽ ഏർപ്പെടാനും അഖുന്ദ്സാദ നിർദേശം നൽകിയതായി അഫ്ഗാൻ ജല-ഊർജ്ജ മന്ത്രാലയം അറിയിച്ചു. പഹൽഗാം ആക്രമണത്തിന് ശേഷം സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യ കടുത്ത നിലപാട് എടുത്തതോടെ പാകിസ്ഥാൻ ഇതിനകം കടുത്ത ജലക്ഷാമത്തിലാണ്. കുനാർ നദിയിൽ അണക്കെട്ടുയരുന്നതോടെ ഈ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.
ജലക്ഷാമം രൂക്ഷമാകും: നിർണായക ഭൂമിശാസ്ത്രപരമായ നീക്കം
480 കിലോമീറ്റർ നീളമുള്ള കുനാർ നദി വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പർവതനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. നദിയിലെ ജലം പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കൃഷിയിടങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും അത്യന്താപേക്ഷിതമാണ്. കുനാർ നദിയിലൂടെയുള്ള ജലത്തിൻ്റെ ഒഴുക്ക് നിലയ്ക്കുന്നത് സിന്ധു നദിയിലെ ജലത്തിന്റെ അളവിൽ ഗണ്യമായ കുറവുണ്ടാക്കും. ഇത് പാകിസ്ഥാനിലെ കൃഷിയെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. പാകിസ്ഥാനിലെ ജലസ്രോതസ്സുകൾ പൂർണ്ണമായി അടയ്ക്കുന്നതിന് തുല്യമായിരിക്കും ഈ നടപടി.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിൽ ജലം പങ്കിടുന്നതിന് ഔപചാരികമായ ഉഭയകക്ഷി കരാറുകളൊന്നും നിലവിലില്ല. അതിനാൽ, അണക്കെട്ട് നിർമ്മാണത്തെ ചോദ്യം ചെയ്യാൻ പാകിസ്ഥാന് കഴിയില്ല. പാകിസ്ഥാനുമായുള്ള സംഘർഷമാണ് ഈ തീരുമാനത്തിന് പിന്നിലെങ്കിലും, ഊർജ്ജോത്പാദനം, ജലസേചനം എന്നിവ ലക്ഷ്യമിട്ടുള്ള രാജ്യത്തിൻ്റെ സ്വയംപര്യാപ്തതയ്ക്ക് വേണ്ടിയുള്ള നിർമ്മാണമാണിതെന്നാണ് താലിബാൻ അവകാശപ്പെടുന്നത്.

