special report
എം മാധവദാസ്
കണ്ണൂര്‍: ‘പുഴുത്തപട്ടി, കള്ളക്കഴുത…” എന്നൊക്കെ വിദ്യാര്‍ത്ഥികളെ വിളിക്കുന്ന അധ്യാപകരെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. നിറത്തിന്റെ പേരില്‍ ജാതീയമായ അധിക്ഷേപിച്ച് കാക്കകറുമ്പന്‍ എന്നൊക്കെ പറയുന്നരീതില്‍ തരം താണവരാണ്, അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ചില അധ്യാപകര്‍ എന്നാണ് പുറത്തുവരുന്ന വിവരം. ബിഡിസ് വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണത്തില്‍ ആരോപണവിധേയനായ വകുപ്പ് മേധാവി ഡോ. എം.കെ. റാമിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇപ്പോള്‍ സഹപാഠികള്‍ രംഗത്തുവന്നിരിക്കയാണ്.
ഡോ. റാം സ്ഥിരം പ്രശ്നക്കാരനാണെന്നും ബോഡി ഷെയ്മിങ്ങും ഭീഷണിയും അധ്യാപകന്റെ ഭാഗത്തുനിന്ന് പതിവാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. എം.കെ. റാമിന്റെ പീഡനമാണ് നിതിനെ മരണത്തിലേക്ക് തള്ളിവീഴ്ത്തിയതെന്നും സഹപാഠികള്‍ വെളിപ്പെടുത്തുന്നു. നിതിന്റെ ആത്മഹത്യയെ തുടര്‍ന്ന്, ഡോ സംഗീത, ഡോ റാം എന്നിവരെ കോളജ് സസ്‌പെന്‍ഡ് ചെയ്തിരിക്കയാണ്.
ക്രൂരമായ ശിക്ഷകള്‍
വിദ്യാര്‍ത്ഥികളെ മാനസികമായും ശാരീരികമായും തകര്‍ക്കുന്ന വിചിത്രമായ ശിക്ഷാരീതികളാണ് കോളേജില്‍ നടന്നിരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ തെളിവുസഹിതം വ്യക്തമാക്കുന്നു. റാമിനെതിരെ മുന്‍പും നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മാനസിക പീഡനം സഹിക്കവയ്യാതെ മിക്ക വിദ്യാര്‍ഥികളും വലിയ സമ്മര്‍ദ്ദത്തിലാണെന്ന് അവസാന വര്‍ഷ വിദ്യാര്‍ഥിനി നയന വെളിപ്പെടുത്തി. വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍.പരീക്ഷകളില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥികളെ നിശബ്ദരാക്കുന്നു. ഇന്റേണല്‍ മാര്‍ക്കിലും വൈവയിലും ഡോ. റാമിന് വലിയ സ്വാധീനമുണ്ടെന്നും ഇത് ചൂഷണത്തിന് കാരണമാകുന്നുവെന്നും പരാതിയുണ്ട്. അധിക്ഷേപം: വിദ്യാര്‍ഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും മാതാപിതാക്കളുടെ മുന്നില്‍ വെച്ച് മോശമായി സംസാരിക്കുകയും ചെയ്യുന്നത് അധ്യാപകന്റെ രീതിയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

തലയിലടിക്കുകയും ചെവി കിഴുക്കുകയും ചെയ്യുന്നതിന് പുറമെ, ആണ്‍കുട്ടികളെക്കൊണ്ട് പെണ്‍കുട്ടികളെ അടിപ്പിക്കുന്ന വിചിത്രമായ ശിക്ഷാരീതികള്‍ പോലും ഡോ. റാം നടപ്പിലാക്കാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. നിതിന്‍രാജ് താമസിച്ച ഹോസ്റ്റല്‍ തടവറപോലെയെന്ന് ബന്ധു പറയുന്നത്. രണ്ടുമാസം മുന്‍പ് പനിച്ചുവിറച്ച് കിടന്നപ്പോള്‍ ഒറ്റയ്‌ക്കൊരു മുറിയിലേക്ക് മാറ്റി. ആ ദിവസങ്ങളില്‍ സഹപാഠികളെ അകറ്റിനിര്‍ത്തി. അവരുമായുള്ള ആശയവിനിമയംപോലും ഹോസ്റ്റല്‍ അധികൃതര്‍ തടഞ്ഞുവെന്നും നിതിന്‍രാജിന്റെ സഹോദരി രാഖിയുടെ ഭര്‍ത്താവ് എസ്.എം.അശോക് കുമാര്‍ പറഞ്ഞു. വിവരമറിഞ്ഞ് അശോക് കുമാറും ചില ബന്ധുക്കളും അഞ്ചരക്കണ്ടിയിലെത്തിയിരുന്നു.
പറഞ്ഞറിയിക്കാനാകാത്ത പീഡനങ്ങളാണ് കോളേജ് അധികൃതരില്‍ നിന്നും ചില വിദ്യാര്‍ഥികളില്‍നിന്നും നേരിട്ടത്. ”റാഗിങ്ങും ജാതി അധിക്ഷേപവും നിറം പറഞ്ഞുള്ള അധിക്ഷേപവും നിരന്തരമുണ്ടായി. അവനെ ഒറ്റപ്പെടുത്തുന്ന സമീപനമുണ്ടായി. പരാതികള്‍ അധികൃതര്‍ ചെവിക്കൊണ്ടില്ല. സ്ഥിതി രൂക്ഷമായപ്പോള്‍ അവന്‍ പഠനം മതിയാക്കി വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങിയിരുന്നു. അപ്പോള്‍ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ അവനെ സമാധാനിപ്പിച്ച് പഠനം തുടരാന്‍ പ്രേരിപ്പിച്ചു. ഈ ഘാതകന്മാരുടെ ഇടയിലേക്കാണല്ലോ ഞങ്ങളുടെ കുട്ടിയെ വിട്ടുകൊടുത്തത് ”-തേങ്ങലോടെ അശോക് കുമാര്‍ പറഞ്ഞു. ചില സീനിയര്‍ വിദ്യാര്‍ഥികള്‍ ശാരീരികമായി പീഡിപ്പിക്കുന്നതായി ചില വിദ്യാര്‍ഥികള്‍ തങ്ങളോട് കോളേജിലെത്തിയപ്പോള്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്ലസ്ടുവിനുശേഷം നാലുവര്‍ഷം പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുത്താണ് കഴിഞ്ഞവര്‍ഷം നിതിന്‍രാജ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ പ്രവേശനം നേടിയത്. മാനേജ്മെന്റ് സീറ്റിലല്ലെങ്കിലും മറ്റ് ഫീസിനങ്ങളിലായി മുപ്പതിനായിരത്തോളം രൂപ തുടക്കത്തില്‍ ചെലവായി. വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്. നിതിന്‍രാജിന്റെ പിതാവ് പെയിന്റ് പണിക്ക് പോവുന്നയാളാണ്, മാതാവ് തൊഴിലുറപ്പ് പദ്ധതിക്കും.

