‘കുംഭമേള താരത്തിന്റെ വിവാഹത്തിനെതിരെ നീക്കം നടത്തുന്നത് സംഘപരിവാർ; വിവാഹക്കാര്യത്തിൽ എടുത്തത് ശരിയായ നിലപാട്’: എം വി ഗോവിന്ദൻ

AnilKumar BalaKrishnan

തിരുവനന്തപുരം: കുംഭമേള താരത്തിന്റെ വിവാഹത്തിനെതിരെ ഇപ്പോൾ നടക്കുന്ന നീക്കത്തിനു പിന്നിൽ സംഘപരിവാറാണ് എന്നതിൽ തനിക്ക് യാതൊരു സംശയവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശരിയായ രേഖകൾ സമർപ്പിച്ച് സംസ്ഥാനത്തെ വിവിധ ഉദ്യോഗസ്ഥരും ക്ഷേത്ര കമ്മറ്റിയും പരിശോധന നടത്തിയാണ് വിവാഹം നടത്തിക്കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു. 2015 മുതലുള്ള ആധാർ കാർഡാണ് കുംഭമേള താരത്തിന്റെ പക്കലുണ്ടായിരുന്നത്. ഇതുകൂടാതെ ജനന സർട്ടിഫിക്കറ്റും പാൻകാർഡും അവർ സമർപ്പിച്ചിരുന്നു. ഇവ പോലീസ് പരിശോധിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും പരിശോധന നടത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

കുംഭമേള താരത്തിന്റെ വിവാഹം നടന്നത് ‘ റിയൽ കേരള സ്റ്റോറി ‘ തന്നെയാണെന്ന് അദ്ദേഹം ആവർത്തിച്ചു. ആ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. മറ്റുള്ളതെല്ലാം നിയമപരമായ വിഷയങ്ങളാണ്. അത് അതിന്റെ വഴിക്ക് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങളെ സംബന്ധിച്ച് ഒറ്റക്കാര്യമേയുള്ളൂ. രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. ഇവിടെ വന്ന് പോലീസ് സ്റ്റേഷനിൽ പോയി, ക്ഷേത്രത്തിൽ ചെന്ന് വിവാഹം ചെയ്തു. അവരെ ആശംസിക്കാൻ ഞങ്ങൾ പോയി. അതിന്റെ പേരിൽ സംഘപരിവാർ ഉന്നയിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങളെല്ലാം പേടിച്ച് മാളത്തിൽ പോയി ഒളിക്കുമെന്ന തെറ്റിദ്ധാരണ നിങ്ങൾക്കാർക്കും വേണ്ട. ശരിയായ നിലപാട് തന്നെയാണ് അന്നെടുത്തത്. അത് ഇനിയും തുടരും,” അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശ് പോലീസ് ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്ര പട്ടികവർഗ കമ്മീഷനാണ് കേസ് എടുത്തിരിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതെസമയം കേരള പോലീസ് ഈ കേസിൽ രേഖകളുടെ പരിശോധന നടത്തിയിട്ടുണ്ട്. ആധാര്‍ കാര്‍ഡാണ് വിവാഹ സമയം ഹാജരാക്കിയിരുന്നത്. ഇത് ആധികാരികമാണ് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. യുഐഡിഎഐ വെബ്‌സൈറ്റില്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കിയിട്ടുമുണ്ട്.

കുംഭമേള താരത്തിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും ഇതേ ആധാര്‍ നമ്പറാണുള്ളതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. അതെസമയം ആശുപത്രിയില്‍ നിന്ന് ലഭിച്ച ജനന സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. വിഷയത്തിൽ കേരളത്തിലെയും മധ്യപ്രദേശിലെയും പോലീസ് മേധാവിമാർ നേരിട്ട് ഹാജരാകണമെന്നാണ് പട്ടികവർഗ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 22ന് ഹാജരാകണമെന്നാണ് ദേശീയ പട്ടിക വര്‍ഗ കമ്മീഷന്റെ ആവശ്യം. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ കേരള ഡിജിപി ദേശീയ പട്ടികവർഗ കമ്മീഷനെ അറിയിക്കുമെന്നാണ് വിവരം.

Share This Article