തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ആര്യനാട് ഉഴുമലയ്ക്കലെ വീട്ടിലെത്തിച്ചു. മൃതദേഹം കണ്ടയുടൻ അമ്മ ബോധരഹിതയായി. ഇന്ന് തന്നെ സംസ്കാര ചടങ്ങുകൾ നടക്കും. വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിതിന്റെ മരണത്തിന് പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവർ നിതിനെ നിരന്തരം അധിക്ഷേപിക്കുകയും മാനസികമായി തളർത്തുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പരാതിപ്പെടുന്നു. പരാതിയെത്തുടർന്ന് ആരോപണവിധേയരായ രണ്ട് അധ്യാപകരെയും അന്വേഷണവിധേയമായി കോളജ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
