ന്യൂഡൽഹി: നവകേരള സർവേയ്ക്ക് വേണ്ടി സംസ്ഥാന സർക്കാർ ചെലവിട്ട തുകയുടെ കണക്ക് പുറത്ത്. 13 കോടിരൂപയാണ് ഇതിനായി ചെലവഴിച്ചതെന്ന് സുപ്രീം കോടതിയിൽ സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി
സർവേയ്ക്കുവേണ്ടി അനുവദിച്ചത് 20 കോടിരൂപയായിരുന്നു. ഇതിൽ 13.04 കോടി രൂപയാണ് ചെലവഴിച്ചത്. നവകേരള സർവേയുടെ ബ്രോഷറിന് മാത്രം 5.54 കോടിരൂപ ചെലവായി. കത്തിന് ചെലവായത് ഒരുകോടി രൂപ. വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടിരൂപയും ചെലവായിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സർവേ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മാത്രമല്ല, നവകേരള സർവേ ധൂർത്താണെന്നും പൊതുജനത്തിന്റെ പണം ദുരുപയോഗം ചെയ്യുന്നതാണെന്നും ആരോപിച്ച് സുപ്രീം കോടതിയിൽ ഹർജിയും സമർപ്പിക്കപ്പെട്ടു.
എന്നാൽ, ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്രത്തോളം എത്തി എന്ന് അറിയുന്നതിനായി സർക്കാർ സർവേ നടത്തുന്നതിൽ തെറ്റില്ലെന്നായിരുന്നു കോടതി വിലയിരുത്തിയത്. കൂടാതെ, ചെലവായ പണത്തെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നൽകാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ കോടതിയിൽ കണക്ക് സംബന്ധിച്ച സത്യവാങ്മൂലം നൽകിയത്.

