special report- ഇലക്ഷന്‍
എം മാധവദാസ്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കൂട്ടലും കഴിക്കലും നടത്തുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം യുഡിഎഫിന്. മലബാറിലടക്കം മുസ്‌ലീം വോട്ടുകള്‍ ഒറ്റയടിക്ക് യുഡിഎഫിന്റെ പെട്ടിയില്‍ വീണിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ മലബാറില്‍ മുസ്‌ലീം ലീഗ് അടക്കം ഉണ്ടാക്കുന്ന വലിയ നേട്ടം, ഭരണമാറ്റത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. കോഴിക്കോട്- മലപ്പുറം ജില്ലകളിലെ മുസ്‌ലീം ലീഗ് കേന്ദ്രങ്ങളിലൊക്കെ കനത്ത പോളിങ്ങായിരുന്നു. എസ് ഐ ആര്‍ നടപ്പാക്കിയതുകൊണ്ട്, ഇത്തവണ വോട്ട് ചെയ്തില്ലെങ്കില്‍ പൗരത്വം നഷ്ടമാവുമെന്നുവരെ കുപ്രചാരണം ലീഗിന്റെ ഭാഗത്തുനിന്നുണ്ടായി എന്നാണ് ഇടതുപ്രവര്‍ത്തകര്‍ പറയുന്നത്. മോദി സര്‍ക്കാറിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ, എന്ന മുസ്‌ലീം പൊതുബോധം കാര്യങ്ങള്‍ ഐക്യമുന്നണിക്ക് അനുകൂലമാക്കി. രാഷ്ട്രീയം പറയാതെ മതം വെച്ചാണ് മലബാറില്‍ വോട്ട് വീണത് എന്ന് നിഷ്പക്ഷ നിരീക്ഷകരും അംഗീകരിക്കുന്നു. മലബാറിലെ ലീഗ് കേന്ദ്രങ്ങളിലൊക്കെ കനത്തപോളിങ്ങാണ്. ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും സ്‌ട്രൈക്ക് റൈറ്റുള്ള പാര്‍ട്ടിയും മുസ്‌ലീം ലീഗായിരിക്കും.
80 സീറ്റുകള്‍ ഉറപ്പാണെന്നാണ് അവസാന വട്ട കണക്കില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ ഇടതിന് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത്ര ആത്മവിശ്വാസമില്ല. എങ്കിലും 72 സീറ്റ് ജയിച്ച് ഭരണം പിടിക്കാമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ബൂത്തുതല വിവരശേഖരണവും പ്രാദേശികാടിസ്ഥാനത്തിലുള്ള അവലോകനങ്ങളും മുന്നണികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കൃത്യമായ ഭരണവിരുദ്ധ വികാരം ഇത്തവണ സംസ്ഥാനമൊട്ടാകെ ഉണ്ടായതായി യുഡിഎഫ് വിലയിരുത്തുന്നുണ്ട്.
തെക്കന്‍ കേരളത്തിലും, മധ്യകേരളത്തിലുമാണ് അവരുടെ പ്രതീക്ഷ. ഇവിടെ ഹിന്ദു- ക്രിസ്ത്യന്‍ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായി എന്നാണ് അവരുടെ കണക്കുകൂട്ടല്‍. എന്‍.എസ്.എസ് – എസ്എന്‍ഡിപി വോട്ടുകളും അനുകുലമായി എന്നാണ്, എല്‍ഡിഎഫ് കണക്കുകൂട്ടല്‍. അതുപോലെ അമ്പലപ്പുഴയില്‍ അടക്കം എസ്ഡിപിഐ വോട്ടുകള്‍ ഇടതിന് കിട്ടിയിട്ടുണ്ട്. കാന്തപുരം വിഭാഗം സുന്നികളുടെ വോട്ടും ഇടതിന് അനുകൂലമായാണ് വീണത്.
അതേസമയം, ഭരണവിരുദ്ധ വികാരങ്ങളുണ്ടെന്ന പ്രചാരണത്തെ എല്‍.ഡി.എഫ് തള്ളിക്കളയുന്നു. സര്‍ക്കാരിന്റെ വികസന നയങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും ലഭിച്ച വലിയ ജനപിന്തുണ ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്ന് ഇടത് മുന്നണി വിശ്വസിക്കുന്നു. സി.പി.എമ്മിന്റെ ശക്തമായ സംഘടനാ സംവിധാനത്തിലൂടെ ഓരോ വോട്ടും ബൂത്തിലെത്തിക്കാന്‍ സാധിച്ചുവെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്നുമാണ് ഇടത് ക്യാമ്പിലെ ഉറച്ച കണക്കുകൂട്ടല്‍.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപി ക്യാമ്പിലും അമിത ആത്മവിശ്വാസമില്ല. നാലുസീറ്റ് കിട്ടുമെന്നൊക്കെ അവര്‍ പറയുമെങ്കിലും, മഞ്ചേശ്വരത്തും, നേമത്തും, പാലക്കാട്ടും, മുസ്‌ലീം വോട്ടുകള്‍ കൂട്ടത്തോടെ വീണത് ബിജെപിക്ക് എതിരായാണ്. നേമത്ത് മുസ്‌ലീം വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥന് അനൂകുലമായി വീണുവെന്നും പ്രചാരണമുണ്ട്. വി മുരളീധരന്‍ മത്സരിക്കുന്ന കഴക്കൂട്ടം മണ്ഡലത്തിലാണ് ബിജെപി വലിയ രീതില്‍ പ്രതീക്ഷ കല്‍പ്പിക്കുന്നത്.
പക്ഷേ ഇതൊന്നുമല്ല ബിജെപി പരസ്യമായി പറയുന്നത്. നാല് സീറ്റുകളില്‍ വിജയം ഉറപ്പാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ നേരിയ വോട്ടുകള്‍ക്ക് നഷ്ടപ്പെട്ട മണ്ഡലങ്ങള്‍ ഇത്തവണ കൈവിടില്ലെന്നും വോട്ടുവിഹിതത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നുമാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. കേരളത്തില്‍ ഇത്തവണ തൂക്കുസഭ വരുമെന്നും ബി.ജെ.പി എം.എല്‍.എമാര്‍ ഭരണം നിശ്ചയിക്കുന്ന നിര്‍ണ്ണായക ശക്തിയാകുമെന്നും ബി.ജെ.പി പ്രതീക്ഷിക്കുന്നു.

