ഗൾഫിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷ റദ്ദാക്കി. യുദ്ധത്തിൻറെ പശ്ചാത്തലത്തിലാണ് നടപടി. കൃത്യസമയത്ത് പരീക്ഷ നടത്താനാകില്ല എന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം യോഗത്തിൽ എടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടുകൂടിയാണ് വിദ്യാഭ്യാസ മന്ത്രി ഇപ്പോൾ പരീക്ഷയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിരിക്കുന്നത്.
പരീക്ഷയ്ക്ക് പകരം സംവിധാനം ഏർപ്പെടുത്തും. മുൻ പരീക്ഷകളിലെ മാർക്ക് പരിഗണിക്കും. പ്ലസ്ടുവിന് ബോണസ് മാർക്ക് നൽകും. പ്ലസ് വൺ പരീക്ഷയുടെ മാർക്ക് പരിഗണിച്ചാകും പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാർക്ക് നൽകുക. ഓണം, ക്രിസ്മസ് പരീക്ഷകളിലെ ശരാശരി മാർക്ക് പരിഗണിച്ചാണ് എസ്എസ്എൽസി വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റ് നൽകുക. എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇതേ രീതിയിൽ മൂല്യനിർണയം നടത്താനാണ് തീരുമാനമായിരിക്കുന്നത്.
