വോട്ടിന് പണം; പാലക്കാട്ടെ പരാതിയിൽ ജില്ലാ കളക്‌ടർ റിപ്പോർട്ട് സമർപ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; പരിശോധിച്ച ശേഷം നടപടി

AnilKumar BalaKrishnan

​പാലക്കാട് മണ്ഡലത്തിലെ വോട്ടിന് പണം നൽകിയെന്ന പരാതിയിൽ ഫ്ലൈയിംഗ് സ്ക്വാഡ് അന്വേഷണം നടത്തി
ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തു എന്നായിരുന്നു പരാതി. കണ്ണാടി സ്വദേശിനി ദേവുവിന്റെ മൊഴി ഫ്ലൈയിംഗ് സ്ക്വാഡ് രേഖപ്പെടുത്തി. എന്നാൽ തനിക്ക് പണം ലഭിച്ചിട്ടില്ലെന്ന് അവർ മൊഴി നൽകിയിട്ടുണ്ട്. പ്രധാന സാക്ഷി പണം ലഭിച്ചത് നിഷേധിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
​തിരഞ്ഞെടുപ്പ് നിരീക്ഷകർക്കും പോലീസ് വിഭാഗത്തിനും റിപ്പോർട്ടിന്റെ പകർപ്പ് ജില്ലാ കളക്ടർ നൽകിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.

Share This Article