ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതി പ്രവേശന വിധി തെറ്റെന്ന് കേന്ദ്ര സർക്കാർ

insight kerala

ന്യൂഡല്‍ഹി: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നൂറ്റാണ്ടുകളായുള്ള ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. യുവതി പ്രവേശനം അനുവദിച്ച മുന്‍ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മുഖേന സമര്‍പ്പിച്ച രേഖാമൂലമുള്ള വാദത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഭക്തലക്ഷങ്ങളുടെ വിശ്വാസത്തെയും പ്രതിഷ്ഠയുടെ സങ്കല്പത്തെയും മുറിപ്പെടുത്തുന്ന ഇടപെടലുകള്‍ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

ശബരിമലയിലെ പ്രതിഷ്ഠ ‘നൈഷ്ഠിക ബ്രഹ്‌മചാരി’ സങ്കല്പത്തിലുള്ളതാണെന്നും അതുകൊണ്ടുതന്നെ നിലവിലുള്ള നിയന്ത്രണങ്ങള്‍ മതപരമായ ആചാരങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും കേന്ദ്രം വാദിക്കുന്നു. ആരാധനാമൂര്‍ത്തിയുടെ വ്യക്തിത്വവും സ്വത്വവും പരിശോധിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ല. യുവതി പ്രവേശനം അനുവദിക്കുന്നത് ശബരിമലയിലെ സവിശേഷമായ ആരാധനാ രീതിയെയും ക്ഷേത്രത്തിന്റെ തനിമയെയും തകര്‍ക്കുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

വിദേശ രാജ്യങ്ങളിലെ കോടതി വിധികള്‍ അതേപടി ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പകര്‍ത്തിവെക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ചു. ഭാരതത്തിന്റെ തനിമയാര്‍ന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും പാശ്ചാത്യ കണ്ണടയിലൂടെ കാണുന്നത് നീതിയല്ലെന്നാണ് കേന്ദ്ര നിലപാട്. ലക്ഷക്കണക്കിന് സ്ത്രീപുരുഷ ഭക്തര്‍ സ്വമേധയാ പിന്തുടരുന്ന ഈ ആചാരത്തില്‍ ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് വേണ്ടി മാറ്റം വരുത്തുന്നത് ശരിയല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ശബരിമലയുമായി യാതൊരു ബന്ധവുമില്ലാത്ത, പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സംഘടനയാണ് യുവതി പ്രവേശനത്തിനായി കോടതിയെ സമീപിച്ചതെന്ന വസ്തുത കേന്ദ്രം പ്രത്യേകമായി എടുത്തുപറഞ്ഞു. ശബരിമലയുടെ ഐതിഹ്യത്തെക്കുറിച്ചോ ആചാരങ്ങളെക്കുറിച്ചോ അറിവില്ലാത്തവര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള വിശ്വാസം അട്ടിമറിക്കപ്പെടരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഒമ്പതംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ വാദമുഖങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്

Share This Article