തുരങ്കപാതക്ക് അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നല്കിയ ഹർജി സുപ്രീംകോടതി തള്ളി. ജനങ്ങളുടെ യാത്ര സുഗമമാക്കുന്ന ജീവരേഖ ആയി പദ്ധതി മാറുമെന്നും, നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു.
കോഴിക്കോട് വയനാട് തുരങ്കപാതയ്ക്ക് നിർമ്മാണ അനുമതി നൽകിയത് ചോദ്യം ചെയ്ത് പ്രകൃതി സംരക്ഷണ സമിതി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
അനുമതി ശരിവെച്ച ഹൈക്കോടതി വിധിയില് ഇടപെടാന് കാരണങ്ങളില്ലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൻ്റെ നടപടി.
വിശദമായ പരിശോധനക്ക് ശേഷമാണ് പദ്ധതിക്ക് അനുമതി നല്കിയത്. തുരങ്കപാത പ്രദേശത്തിന്റെ ജീവനാഡിയാകും. ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണിതെന്നും കോടതി ഇടപെട്ടാല് നിർമ്മാണം വൈകാന് മാത്രമേ കാരണമാകൂ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജനസാന്ദ്രതയേറിയ കേരളത്തിൽ ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടും ഗതാഗതക്കുരുക്കും കണക്കിലെടുക്കുമ്പോൾ ഇത്തരം പദ്ധതികൾ അനിവാര്യമാണെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി. നിരവധി ആളുകൾ ഉരുള്പൊട്ടലില് മരിച്ച മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾക്ക് സമീപം അപകട മേഖലയിലാണ് തുരങ്കം നിര്മിക്കുന്നത് എന്നായിരുന്നു ഹര്ജിക്കാരുടെ പ്രധാനപ്പെട്ട വാദം. നിർമ്മാണം പരിസ്ഥിതിക്ക് വലിയ ആഘാതം ഉണ്ടാക്കുമെന്നും കൃത്യമായ പഠനം നടത്തിയിട്ടില്ലെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചെങ്കിലും
അക്കാര്യം എന്ജിനീയര്മാര് പരിഗണിക്കുമെന്നും തുരങ്കം പലയിടത്തും നിര്മ്മിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് മറുപടി നൽകി.
