ഗൾഫിൽ വ്യാജകമ്പനികൾ രൂപീകരിച്ച് കോടികളുടെ തട്ടിപ്പ്; ദമ്പതികൾ അറസ്റ്റിൽ

insight kerala

കൊല്ലം: ഗള്‍ഫ് രാജ്യങ്ങളില്‍ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങാമെന്നും വിദേശത്ത് ജോലിയും പൗരത്വവും നല്‍കാമെന്നും വിശ്വസിപ്പിച്ച് സംസ്ഥാനത്തുടനീളം പത്ത് കോടികളുടെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. ചെട്ടികുളങ്ങര ഇലഞ്ഞിവിളവീട്ടില്‍ ബിജു ബാലന്‍(55), ഭാര്യ കായംകുളം ചിറക്കടവ് വല്ലന്‍തറയില്‍ വീട്ടില്‍ രശ്മി ബിജു(44) എന്നിവരാണ് പിടിയിലായത്. പൂയപ്പള്ളി പോലീസാണ് എറണാകുളം മരടിലെ ഒളിസങ്കേതത്തില്‍ നിന്ന് സാഹസികമായി പിടികൂടിയത്. പത്തോളം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പുറമെ, വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ കബളിപ്പിച്ചും ലക്ഷങ്ങള്‍ കൈക്കലാക്കിയ ഈ ദമ്പതികളുടെ തട്ടിപ്പുരീതികള്‍ അമ്പരപ്പിക്കുന്നതാണ്.

ഓയൂര്‍ സ്വദേശിയായ ബിജു എന്നയാളില്‍ നിന്ന് 2020 മുതല്‍ പലപ്പോഴായി 10.5 ലക്ഷം വാങ്ങി. പിന്നീട് മറുപടിയോ പണമോ തിരികെ ലഭിക്കാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് ദമ്പതികള്‍ ഒളിവില്‍ പോയത്. 2025 ഒക്ടോബറില്‍ പൂയപ്പള്ളി പൊലീസ് കേസെടുത്ത് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എങ്കിലും പ്രതികളെ പറ്റി വിവരം ഒന്നും ഇല്ലായിരുന്നു. എറണാകുളം മരടിലെ ഒരു വാടകവീട്ടില്‍ ആഡംബരമായി താമസിച്ചു വരികയായിരുന്ന ഇവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്.

പ്രതികള്‍ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ വിവാഹ വാഗ്ദാനം നല്‍കി 1552000 രൂപ പറ്റിച്ചതിനും കായംകുളം പൊലീസ് സ്റ്റേഷനില്‍ വിദേശത്ത് ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് 20 ലക്ഷം തട്ടിയെടുത്തതിനും കണ്ണൂര്‍ പഴയങ്ങാടി പൊലീസ് സ്റ്റേഷനില്‍ വിസ വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയതിനും കൊല്ലം ക്രൈം ബ്രാഞ്ചില്‍ ചവറയിലുള്ള ഒരാളുടെ 13 ലക്ഷം രൂപ തട്ടിച്ചതിനും എറണാകുളം സ്വദേശികളുടെ വാഹനങ്ങള്‍ വാങ്ങിയശേഷം മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിയതിനും തൃശൂര്‍ സ്വദേശിക്ക് ലോണെടുത്ത് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതിനും പാലക്കാട്ടുള്ള ഒരാള്‍ക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതിനും കണ്ണൂര്‍ സ്വദേശിക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതിനും കൊല്ലത്തുള്ള ഒരു സ്ത്രീയില്‍ നിന്ന് പണം തട്ടിയെടുത്തതിനും കോഴിക്കോട്ടുള്ള ഒരു സ്ത്രീയെ മാട്രിമോണിയല്‍ തട്ടിപ്പ് നടത്തി 85 ലക്ഷം തട്ടിയെടുത്തതിനും തിരുവനന്തപുരം സ്വദേശികള്‍ക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് തട്ടിച്ചതിനും തിരുവനന്തപുരത്തുള്ള രണ്ട് സ്ത്രീകളെ മാട്രിമോണിയല്‍ തട്ടിപ്പ് നടത്തിയതിനും പരാതികള്‍ നിലവിലുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article