തിരുവനന്തപുരം: സ്ത്രീ സുരക്ഷയിൽ വിവാദ പരാമർശവുമായി വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖ. കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും കണ്ണടച്ചിരിക്കുന്ന സർക്കാരാണ് ഉള്ളതെന്നും അതുകൊണ്ടാണ് കേരളത്തിൽ സ്ത്രീ സുരക്ഷയില്ലാത്തതെന്നും ആർ ശ്രീലേഖ പറഞ്ഞു. ഒരു പൊലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു സഹായവും ലഭിച്ചില്ല. ഡിജിപി പോലും കൂടെ നിന്നില്ല. കാരണം രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലെ ഡിജിപിക്ക് തൻ്റെ കൂടെ നിൽക്കാനാവൂ എന്നും ശ്രീലേഖ പറഞ്ഞു. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടിൽ പൂട്ടിയിട്ടു. പൊലീസിന്റെ പരാതി സെല്ലിൽ നേരിട്ട് വിളിച്ചിട്ട് പോലും സർക്കാർ എന്ത് നടപടിയാണ് എടുത്തത്. ഇതാണ് കേരളത്തിന്റെ അവസ്ഥയെന്നും ആർ ശ്രീലേഖ ആഞ്ഞടിച്ചു. ശാസ്തമംഗലത്ത് ബ്രഞ്ച് വിത്ത് ശ്രീലേഖ എന്ന പരിപാടിയിൽ പ്രസംഗിക്കുകയിരുന്നു ശ്രീലേഖ.
സ്ത്രീകൾക്ക് നിർഭയമായി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് ശ്രീലേഖ ആരോപിക്കുന്നു. സൈബർ ഇടങ്ങളിലും പുറത്തും സ്ത്രീകൾ വേട്ടയാടപ്പെടുന്നു. ലവ് ജിഹാദിന് ഇരയാകുന്ന പെൺകുട്ടികളുടെ കുടുംബങ്ങൾ സഹായത്തിനായി അധികൃതരെ സമീപിക്കുമ്പോൾ പലപ്പോഴും അവഗണിക്കപ്പെടുകയാണ് പതിവ്. ഈ സാഹചര്യം മുതലെടുത്ത് പല ക്രിമിനൽ സംഘങ്ങളും പെൺകുട്ടികളെ വലയിലാക്കുന്നുവെന്നും ഇതിന് ഭരണകൂടത്തിന്റെ പരോക്ഷമായ പിന്തുണയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
പൊലീസ് ഉദ്യോഗസ്ഥയായിരുന്ന കാലത്ത് ലഭിച്ച വിവരങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് താൻ സംസാരിക്കുന്നതെന്ന് ശ്രീലേഖ വ്യക്തമാക്കി. നിലവിൽ ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ കൂടിയായ ശ്രീലേഖ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥികൂടിയാണ്. കേരളത്തിലെ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ കർശനമായ നിയമനിർമ്മാണം ആവശ്യമാണെന്നും അവർ ആവശ്യപ്പെട്ടു.
ശ്രീലേഖയുടെ ഈ പ്രസ്താവന കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രതികാരങ്ങൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഈ വിഷയം രാഷ്ട്രീയമായി ബിജെപിക്ക് ഗുണകരമാകുമോ എന്ന് കണ്ടറിയാം.

