എം മാധവദാസ്
മലപ്പുറം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളുള്ള ജില്ലയാണ് മലപ്പുറം. 16 അംസംബ്ലി സീറ്റുകള്‍. ഇത്തവണ യുഡിഎഫിനെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായകമാവുക, ഈ സീറ്റുകളാണെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നത്. മലപ്പുറത്ത് 16-ല്‍ 14 സീറ്റുകളും പിടിക്കത്തക്ക യുഡിഎഫ് തരംഗമാണ് നിലനില്‍ക്കുന്നത്. ഇതിന് കാരണമായി പറയുന്നത് മുസ്ലീം വോട്ടുകളുടെ ഏകോപനമാണ്. 70 ശതമാനം മുസ്ലീങ്ങളും, 27 ശതമാനം ഹൈന്ദവരം, ബാക്കി മുന്ന് ശതമാനം മറ്റുള്ളവരും എന്നതാണ് മലപ്പുറം ജില്ലയുടെ ജനസംഖ്യാനുപാതികമായ കണക്ക്. ഇതില്‍ മുസ്ലീം വോട്ടുകള്‍ ഏകപക്ഷീമായി യുഡിഎഫിന് വീഴുകയാണ്.
മുസ്ലീം മുഖ്യധാരാ പാര്‍ട്ടിയാ മുസ്ലീം ലീഗിന് വലിയ തോതിലുള്ള തിരിച്ചടി കിട്ടുമ്പോഴാണ്, മലപ്പുറത്ത് യുഡിഎഫിന് സീറ്റുകള്‍ നഷ്ടമാവാറുള്ളത്. പക്ഷേ ഇത്തവണ എസ്ഡിപിഐ, ഐഎല്‍എല്‍, പിഡിപി തുടങ്ങിയ പാര്‍ട്ടികളൊക്കെ ക്ഷീണിച്ചിരിക്കയാണ്. മാത്രമല്ല, മുസ്ലീങ്ങള്‍ക്കെതിരെ വര്‍ഗീയവിഷം തുപ്പുന്നു എന്ന് ആരോപണമുയര്‍ന്ന വെള്ളാപ്പള്ളി നടേശനെയടക്കം മുഖ്യമന്ത്രി കാറില്‍ കയറ്റിയതോടെ, അവര്‍ ഒന്നടങ്കം എല്‍ഡിഎഫിന് എതിരാവുകയാണ്. വെള്ളാപ്പളി -പിണറായി ബന്ധമാണ് യുഡിഎഫ് കുടുംബയോഗങ്ങളിലെ പ്രധാന അജണ്ട.

തവനൂരും പൊന്നാനിയും വീഴുമോ?
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളില്‍ നാലിടത്ത് എല്‍.ഡി.എഫ് വിജയിച്ചിരുന്നു. എന്നാല്‍ നാലില്‍ രണ്ടിടത്തും ഇടതിന് തിരിച്ചടിയുണ്ടാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പൊന്നാനി, താനൂര്‍, നിലമ്പൂര്‍, തവനൂര്‍, എന്നീ നാല് സീറ്റുകളിലാണ് 2021-ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത്. ഇതില്‍ തവനൂരിലും പൊന്നാനിയിലും മാത്രമാണ് ഇടതിന് ഇത്തവണ സാധ്യത കല്‍പ്പിക്കുന്നത്. പക്ഷേ അവിടെയും കടുത്ത മത്സരമാണ്. 2006 മുതല്‍ തുടര്‍ച്ചയായി ഇടതുപക്ഷം ജയിക്കുന്ന മണ്ഡലമാണ് പൊന്നാനി. കഴിഞ്ഞ തവണ ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി പി. നന്ദകുമാര്‍ 17,043 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇത്തവണ അവിടെ നന്ദകുമാറിന് പകരം, എം കെ സക്കീറിനൊണ് രംഗത്തിറക്കിത്. യുഡിഎഫ്സ്ഥാനാര്‍ത്ഥിയായ, കോണ്‍ഗ്രസിലെ കെ പി നൗഷാദലി ഇവിടെ കാടിളക്കി വോട്ട് പിടിക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഇവിടെ മുന്നില്‍നിന്നത് യുഡിഎഫാണ്. അതുകൊണ്ടുതന്നെ ജയിച്ചാല്‍ തന്നെ പൊന്നാനിയില്‍ ഇടതിന്റെ ഭൂരിപക്ഷവും കുറവായിരിക്കും.

കഴിഞ്ഞ തവണ താനൂരില്‍നിന്ന് ജയിച്ച് മന്ത്രിയായ വി അബ്ദുറഹിമാന് ഇത്തവണ മണ്ഡലം മാറി തിരൂരിലാണ് മത്സരിക്കുന്നത്. വെറും 985 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്. ഇത്തവണ എല്‍ഡിഎഫ് സ്വതന്ത്രനായി ടി മുഹമ്മദ് സമീറാണ് താനൂരില്‍ ജനവിധി തേടുന്നത്. ഇവിടെയും ജയസാധ്യത യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ നവാസിനാണ്.
ഇടതുസ്വതന്ത്രനായിരുന്ന പി വി അന്‍വര്‍, 2,700 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ നിലമ്പൂരില്‍ ജയിച്ചത്. എന്നാല്‍ പിണറായിയുമായി ഉടക്കി അന്‍വര്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആര്യാടന് ഷൗക്കത്ത്, 11,000 ത്തിലധികം വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇത്തവണയും നിലമ്പുര്‍ യുഡിഎഫ് കോട്ടയാവാനാണ് സാധ്യത.
തവനൂരില്‍ കെ.ടി. ജലീല്‍ 2,564 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ ജയിച്ചത്. ഇക്കുറികടുത്ത മത്സരമാണ്. കഴിഞ്ഞ തവണ പെരിന്തല്‍മണ്ണയില്‍ വെറും 38 വോട്ടിനാണ് എല്‍ഡിഎഫ് തോറ്റത്. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം, സംസ്ഥാനത്തെ ഏറ്റവു കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു. 2021-ല്‍ ജയത്തോടുത്ത, ആ മണ്ഡലത്തിലും, യുഡിഎഫ് മുന്നേറുകയാണ്.
എന്നാല്‍ മന്ത്രി മന്ത്രി വി അബ്ദുറഹിമാന് മണ്ഡലം മാറിയെത്തിയ തിരൂല്‍ എല്‍ഡിഫും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. ബാക്കിയുള്ള ലീഗിന്റെ കുത്തക മണ്ഡലങ്ങളായ, കൊണ്ടോട്ടി, കോട്ടക്കല്‍, മലപ്പുറം, വേങ്ങര, ഏറനാട്, മഞ്ചേരി, വളളിക്കുന്ന്, തിരൂരങ്ങാടി, കോട്ടക്കല്‍ എന്നിവടങ്ങളിലൊക്കെ ഇടതുപക്ഷം ചിത്രത്തില്‍പോലുമില്ല എന്നതാണ് വസ്തുത.

