സിപിഎം ഇരട്ടവോട്ട് ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

insight kerala

കണ്ണൂർ : സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിനായി സിപിഎമ്മിന്റെ നേതൃത്വത്തിൽ വ്യാപകമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് കോൺഗ്രസ്‌ പ്രചരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇത്തരം ക്രമക്കേടുകൾ നടക്കുന്നതായി നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.
പയ്യന്നൂർ, കല്യാശേരി ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടക്കുന്നുവെന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ ഇതുസംബന്ധിച്ച് രേഖാമൂലം റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയതും ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരട്ടവോട്ടുകൾ ഉൾപ്പെടെയുള്ള ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകർക്കുന്നതാണ്. യഥാർത്ഥ വോട്ടർമാരുടെ അവകാശങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കുന്ന ഇത്തരം ഗൂഢാലോചനകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

വോട്ടർ പട്ടിക ഡാറ്റ കൈകാര്യം ചെയ്യുന്ന സംവിധാനത്തിൽ വരെ ഇടപെടൽ ഉണ്ടായിട്ടുണ്ടാകാമെന്ന സംശയം ഉയരുന്ന സാഹചര്യത്തിൽ, സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article