എക്‌സ്‌ക്ലൂസീവ്
എം മാധവദാസ്
തിരുവനന്തപുരം: തീവ്ര നിലപാടുകള്‍കൊണ്ട് എന്നും വിവാദത്തിലായ സംഘടനയാണ്, ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന പൂര്‍ണ്ണരൂപത്തില്‍ അറിയപ്പെടുന്ന കാസ.
ക്രിസ്ത്യന്‍ സമൂഹം അവഗണിക്കപ്പെടുന്നു എന്ന ബോധ്യത്തില്‍ നിന്നാണ് ഈ സംഘടന രൂപീകരിച്ചത് എന്നാണ് ഇതിന്റെ നേതാക്കള്‍ പറയുന്നത്. സമുദായത്തിന് നേരെയുള്ള കടന്നുകയറ്റങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. സഭാ വ്യത്യാസങ്ങള്‍ മറന്ന് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യം വളര്‍ത്തുക എന്നത് ഇവരുടെ ദൗത്യമാണ്. പക്ഷേ കാസ ശ്രദ്ധേയമായത്, ലൗ ജിഹാദ് പോലുള്ള വിഷയങ്ങളില്‍ സംഘടന സജീവമായി ഇടപെട്ടുകൊണ്ടാണ്. ഈ വിഷയത്തിടലക്കം അവര്‍ അതിതീവ്ര നിലപാടാണ് പ്രകടിപ്പിക്കാറുള്ളത്.
പൊതുവെ ബിജെപിയോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ എന്നാണ് കാസ അറിയപ്പെടുന്നത്. എന്നാല്‍ തങ്ങള്‍ക്ക് കക്ഷിരാഷ്ട്രീയമില്ല എന്നാണ് കാസ നേതൃത്വം പറയുക. പക്ഷേ ഇത്തവണ ഇറങ്ങിക്കളിക്കാനാണ് കാസയുടെ തീരുമാനം. എന്‍ഡിഎക്ക് വിജയസാധ്യതയില്ലാത്തിടത്ത് എല്‍ഡിഎഫിന് വോട്ടുചെയ്യാനാണ് അവരുടെ തീരുമാനം. യുഡിഎഫ് വന്നാല്‍ മുസ്‌ലീം ലീഗിന് അപ്രമാദിത്വം കിട്ടുമെന്നും, മതഭരണമാവും വരികയെന്നും കാസ രഹസ്യമായി കാമ്പയിന്‍ നടത്തുന്നുണ്ട്.
ഇത് കാസയുടെ മാത്രം പ്രശ്‌നമല്ല. കേരളത്തിലുടനീളം നേരത്തെ തന്നെ ചര്‍ച്ചയായതാണ്, മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയുടെ ‘മതമാണ് മതമാണ് മതമാണ് പ്രശ്നം’ എന്ന വിവാദ പ്രസംഗം. കഴിഞ്ഞ പത്തുവര്‍ഷമായി സമുദായത്തിന് നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കുമെന്ന ഷാജിയുടെ പ്രസ്താവന, വലിയ രീതിയിലുള്ള അസന്തുഷ്ടിയാണ് കേരളത്തിലെ മറ്റുമതസ്ഥര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്. തിരഞ്ഞടുപ്പ് കാലമായതോടെ ബിജെപിയും എല്‍ഡിഎഫും ഈ വിഷയം നന്നായി പ്രചാരണ വിഷയമാക്കുകയാണ്. ഇതോടെ ഹൈന്ദവവോട്ടുകളടക്കം വലിയ രീതിയില്‍ എല്‍ഡിഎഫിലേക്ക് ചായുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്.

മതമാണ് മതമാണ് പ്രശ്‌നം
മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി ഒരു പ്രസംഗത്തിനിടെ നടത്തിയ ‘മതമാണ് മതമാണ് മതമാണ് പ്രശ്നം’ എന്ന പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. 2026 ജനുവരിയില്‍ കണ്ണൂരില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് അദ്ദേഹം ഈ വാചകം ആവര്‍ത്തിച്ച് പറഞ്ഞത്.
ക്യാമ്പസുകളില്‍ ‘മതമല്ല പ്രശ്നം’ എന്ന് പറയുന്ന എസ്.എഫ്.ഐ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം ഈ വാചകം പറഞ്ഞത്. മനുഷ്യജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും മതം നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്നും അത് നിഷേധിക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു. പത്തുവര്‍ഷമായി മുസ്ലീം സമുദായത്തിന് നഷ്ടപ്പെട്ടവ നേടിയെടുക്കണമെന്നം അദ്ദേഹം വാദിച്ചു.
ഷാജിയുടെ ഈ പ്രസ്താവന വര്‍ഗീയത വളര്‍ത്തുന്നതാണെന്ന് സി.പി.എം അടക്കമുള്ള രാഷ്ട്രീയ എതിരാളികള്‍ ആരോപിച്ചു. എന്നാല്‍ ഷാജി, തന്റെ നിലപാടില്‍ മാറ്റമില്ലെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് പിന്നീട് നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ ഈ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ വലിയ തോതില്‍ പ്രചരിച്ചു. ഇതോടെ യുഡിഎഫ് അധികാരത്തില്‍വന്നാല്‍ വലിയ തോതിലുള്ള മതപ്രീണനമാണ് നടക്കുകയെന്നും, മുസ്ലീം ലീഗായിരിക്കും നിര്‍ണ്ണായക സ്ഥാനങ്ങളില്‍ വരികയെന്നും പ്രചാരണം നടന്നു. നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് അഞ്ചാം മന്ത്രിയുണ്ടായ സമയത്ത് എന്നപോലെ വലിയ രീതിയിലുള്ള സാമുദായിക ധ്രൂവീകരണത്തിനാണ് ഇത് വഴിമരുന്നിട്ടത്. അതോടെ ഹൈന്ദവ വോട്ടുകള്‍ വലിയ രീതില്‍ എല്‍ഡിഎഫിന് അനുകൂലമായി മാറുകയാണ്. സിപിഎം നേതാക്കള്‍പോലും സ്വപ്നം കാണാത്ത രീതിയിലുള്ള സോഷ്യല്‍ എഞ്ചിനീയറിങ്ങാണ് ഇത്. ഇതുമൂലം നായര്‍, ഈഴവ വോട്ടുകളുടെ കണ്‍സോളിഡേഷന്‍ ഇടതുമുന്നണിക്ക് അനുകൂലമായി തെക്കന്‍ ജില്ലകളില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.
അതുപോലെ തന്നെ ഇനിയും ഒരുതവണ കൂടി സിപിഎം ഭരണം വരണം എന്നുതന്നെയാണ്് ഹാര്‍ഡ് കോര്‍ പരിവാറുകാര്‍ ആഗ്രഹിക്കുന്നത് എന്നും അഡ്വ ജയശങ്കറിനെപോലുള്ള രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇനി ഒരുതവണ കൂടി ഭരണം കുട്ടിയാല്‍ സിപിഎം ബംഗാള്‍ മോഡലില്‍ സമ്പൂര്‍ണ്ണമായി നശിക്കുമെന്നും അവര്‍ സ്വപ്നം കാണുന്നു. ഒപ്പം, കോണ്‍ഗ്രസിന്റെ ഒരു വിഭാഗം ബിജെപിയിലെത്തുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ അല്ലാത്തിടത്ത് ബിജെപിയുടെ വോട്ട്് എല്‍ഡിഎഫിന് പോകാന്‍ ഇടയുണ്ട്. ഇത് സ്വാഭവികമായി സംഭവിക്കുന്നതാണ്. അല്ലാതെ നേതാക്കള്‍ പറഞ്ഞുറപ്പിച്ച ഡീല്‍ അല്ല. ഈ സംഭവവികാസങ്ങള്‍ക്കിയിലാണ് ഷാജിയുടെ മതമാണ് പ്രശ്നം പ്രസംഗം വീണ്ടും കുത്തിപ്പൊക്കപ്പെടുന്നത്.

