എഫ്‌സിആർഎ ഭേദഗതി ബിൽ കേന്ദ്രസർക്കാർ പുനപ്പരിശോധിക്കണം: കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ

insight kerala

തിരുവനന്തപുരം: എഫ്‌സിആർഎ ഭേദഗതി ബിൽ കേന്ദ്രസർക്കാർ പുനപരിശോധിക്കണമെന്ന് മലങ്കര കത്തോലിക്ക സഭ അധ്യക്ഷനും ഇൻ്റർ ചർച്ച് കൗൺസിൽ ചെയർമാനുമായ കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ . എല്ലാ സഭാ നേതതൃത്വവും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. ഇതുവരെ ക്രൈസ്തവ പ്രതിനിധികളെ വിളിച്ച് ഔദ്യോഗിക ച‍ർച്ച നടത്തിയതായി അറിവില്ല. ച‍ർച്ച ഇനിയും നടക്കാമെന്നും ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.

ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിൻ്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്ന് പറയുമ്പോഴും എന്തുകൊണ്ടാണ് ഇത് എഫ്‌സിആർഎ നിയമത്തിൽ കൊണ്ടുവരുന്നത്. അതിൽ സ്വാഭാവിക സംശയം ഉണ്ടാകും. എല്ലാ വിഭാഗങ്ങളെയും വരുതിയിലാക്കാനുള്ള അവസ്ഥയിലേക്ക് വരുന്നുണ്ടോ എന്ന് സംശയിച്ചാൽ കുറ്റം പറയാനാവില്ല. അത് ഇല്ലാതാക്കുക എന്നതാണ് ഭരണസംവിധാനത്തിൻ്റെ ഉത്തരവാദിത്തമെന്നും ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.

ക്രൈസ്തവരെ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളെയും ചേ‍ർത്തുനിർത്തുന്നതാണ് സർക്കാരിൻ്റെ ഉത്തരവാദിത്തം. ഒരു വിഭാഗവും അകന്നുപോകരുത്. സർക്കാരിന് രാജ്യം ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം മതേതരത്വവും ഭരണഘടനയും ജനങ്ങളുടെ കൂട്ടുത്തരവാദിത്തവും സംരക്ഷിക്കുക എന്നതാണ്. എല്ലാ വിഭാഗം ജനങ്ങളെയും ചേ‍ർത്തുനിർത്തുക എന്നതാണ് ഭരണാധികാരിയുടെ മികവ്. എഫ്‌സിആർഎ വിഷയത്തിൽ രാജ്യം ഭരിക്കുന്നവർ തങ്ങളെ ചേർത്തുനിർത്തിയതായി അനുഭവപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

എഫ്‌സിആർഎ വിഷയത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തരുത്. തെരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കിലും വിഷയം സംസാരിക്കേണ്ടതാണ്. ആശങ്കകൾ ഉണ്ടാകുമ്പോൾ അതിന് പരിഹാരം ഉണ്ടായിരുന്നോ ഇല്ലയോ എന്ന് തിരിച്ചറിയാനുള്ള വിവേകം വോട്ട‍ർമാർക്കുണ്ട്. അത് അവരാണ് വിനിയോഗിക്കുന്നത്. രാജ്യത്തെ ചെറിയ ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവ‍ർ എങ്ങനെയാണ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള നിയമത്തിന്മേൽ അടിച്ചമർത്തപ്പെടുക. രാജ്യസുരക്ഷയ്ക്ക് തടസ്സമുണ്ടാക്കുന്ന ക്രൈസ്തവ സമൂഹം ഉണ്ടെങ്കിൽ തങ്ങൾ കൂടി അറിയട്ടെയെന്നും തങ്ങൾക്ക് അവരെ തിരുത്തണമല്ലോയെന്നും ക്ലീമിസ് കാതോലിക്ക ബാവ വ്യക്തമാക്കി.

അതേസമയം പെസഹ വ്യാഴം, ദുഖവെളളി ദിനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് പരിശീലനം ക്രമീകരിച്ചതിനെതിരെയും കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ രംഗത്തെത്തി. ക്രൈസ്തവ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ശ്രുശ്രൂഷകളിലൊന്നും സംബന്ധിക്കേണ്ടേ എന്നും കർദിനാൾ ക്ലീമിസ് കാതോലിക്ക ചോദിച്ചു.

Share This Article