ഉമ്മൻ‌ ചാണ്ടിയെ പീഡനക്കേസിൽ‌ ഉൾപ്പെടുത്തണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞതായി മൊഴി

insight kerala

കൊട്ടാരക്കര : കുടുംബപ്രശ്നങ്ങളെത്തുടർന്നു യു ഡി എഫ് മന്ത്രിസഭയിൽ നിന്നു രാജിവച്ച കെ.ബി.ഗണേഷ്കുമാറിനെ തിരികെ മന്ത്രിയാക്കാത്തതിലെ വിരോധത്താലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കേസിൽ ഉൾപ്പെടുത്തിയതെന്ന് ഡിസിസി ജനറൽ സെക്രട്ടറി എസ്.ഇ.സഞ്ജയ്ഖാൻ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇ.ആർ.അർജുൻരാജിന് മൊഴി നൽകി.

സോളർ പീഡനക്കേസിലെ പരാതിക്കാരി സോളർ അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കിയ കത്തിൽ 4 പേജുകൾ കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് അഡ്വ. സുധീർ ജേക്കബ് അഡ്വ. ജോളി അലക്സ് മുഖേന ഫയൽ ചെയ്ത ഹർജിയിലെ സാക്ഷിയാണു സഞ്ജയ്ഖാൻ. കേസിലെ ഒന്നാം പ്രതി സോളർ പീഡനക്കേസ് പരാതിക്കാരിയും രണ്ടാം പ്രതി ഗണേഷ്കുമാറും ആണ്.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ‌ ചാണ്ടിയെക്കൂടി സോളർ പീഡനക്കേസിൽ‌ ഉൾപ്പെടുത്തണമെന്നു കേസിലെ പരാതിക്കാരിയോട് കെ.ബി.ഗണേഷ്കുമാർ പറയുന്നതു താൻ നേരിട്ടു കേട്ടതായും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഉമ്മൻ ചാണ്ടിയെ പീഡനക്കേസിൽ ഉൾപ്പെടുത്തി നാറ്റിക്കുമെന്നും അടുത്ത തവണ എൽഡിഎഫ് മുന്നണിയിൽ ചേർന്ന് എംഎൽഎയും മന്ത്രിയും ആകുമെന്നും അപ്പോൾ നമുക്കു കാണാമെന്നും ഗണേഷ്കുമാർ പറഞ്ഞതായുമാണ് മന്ത്രി ഗണേഷ്കുമാറിന്റെ മുൻ പഴ്സനൽ സ്റ്റാഫ് അംഗം കൂടിയായ സഞ്ജയ്ഖാൻ മൊഴി നൽകിയത് . ഗണേഷ്കുമാറിന്റെ പഴ്സനൽ സ്റ്റാഫ് അംഗമായി 2001 മുതൽ 2004 വരെ പ്രവർത്തിച്ച സഞ്ജയ്ഖാൻ നിലവിൽ ഡിസിസി ജനറൽ സെക്രട്ടറിയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article