നടൻ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മനോവൈകല്യമുള്ളവരെ ആക്ഷേപിച്ച് പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ദ് നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ് ഓഫ് ദ് ഡിസേബിൾഡ് എന്ന സംഘടന പരാതി നൽകിയിരിക്കുന്നത്. സലിംകുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. പറവൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മാനസികരോഗവസ്ഥയെ പരിഹസിച്ചുകൊണ്ടുള്ള പരാമർശമാണ് പരാതിക്ക് അടിസ്ഥാനം. കേരളത്തിൽ വികസനമുണ്ടെന്ന് പറയുന്നവരെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് അയക്കണമെന്നാണ് സലിംകുമാർ പ്രചാരണ വേളയിൽ പറഞ്ഞത്. കേരളത്തിലെ മാറ്റങ്ങൾ ഞെട്ടിച്ചുവെന്ന് തന്നോട് സുഹൃത്തിന്റെ മകൻ പറഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെയാണ് സലിം കുമാർ പരിഹസിച്ചത്. ആ കുട്ടിക്ക് മാനസിക രോഗമാണെന്നും ഊളംപാറയിൽ വെച്ച് കണ്ടുവെന്നും ഷോക്കടിച്ചപ്പോൾ പയ്യന്റെ മാനസിക നില ശരിയായി എന്നുമാണ് സലിംകുമാർ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞത്. ഇത് മാനസിക വെല്ലുവിളി നേരിടുന്നവർക്കെതിരെയുള്ള പരിഹാസമെന്ന് ചൂണ്ടിക്കാണിച്ചാണ് എൻപിആർഡി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
