മന്ത്രി ഒ ആര്‍ കേളു തോല്‍ക്കാന്‍ സാധ്യത; കല്‍പ്പറ്റയും ബത്തേരിയും ഐക്യമുന്നണി നിലനിര്‍ത്തും; ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പിന് സമാനമായ പോരാട്ടം.

insight kerala

വയനാട്ടില്‍ യുഡിഎഫ് ആധിപത്യമെന്ന് വിലയിരുത്തല്‍

എം മാധവദാസ്

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കവേ, വയനാട്ടിലും പോരാട്ടം കനക്കുകയാണ്. നിലവില്‍ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളില്‍ രണ്ടെണ്ണം, യുഡിഎഫിനും ഒന്ന് എല്‍ഡിഎഫിനും ഒപ്പമാണ്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നീ മണ്ഡലങ്ങളാണ് ഐക്യമുന്നണിക്ക് ഒപ്പമുള്ളത്. മാനന്തവാടിയാണ് ഇടത് ജയിച്ചത്. എന്നാല്‍ ഇത്തവണ മാനന്തവാടി കൂടി പിടിച്ചെടുത്ത് വയനാട് ജില്ലയില്‍ സമ്പുര്‍ണ്ണ ആധിപത്യം നേടുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍, ലോക്‌സഭാ- തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടിങ്ങ് പാറ്റേണല്ല, നിയസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്നും, അവിടെ കാര്യങ്ങള്‍ അട്ടിമറിയുമെന്നുമാണ് ഇടതുകേന്ദ്രങ്ങള്‍ പറയുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കല്‍പ്പറ്റയില്‍ സാധ്യത സിദ്ദീഖിന്

രൂപീകൃതമായ കാലം തൊട്ടേ ഇരുമുന്നണികള്‍ക്കും വേരുള്ള മണ്ഡലമാണ് കല്‍പ്പറ്റ. 87-ല്‍ ഇടതുമുന്നണിക്ക് വേണ്ടി വീരേന്ദ്രുകുമാര്‍ ജയിച്ച മണ്ഡലത്തില്‍, 91ലും 96ലും, 2001-ലും കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രന്‍മാസ്റ്ററാണ് ജയിച്ചത്. 2006-ല്‍ വീരേന്ദ്രകുമാറിന്റെ മകന്‍ എം.വി. ശ്രേയാംസ് കുമാര്‍ എല്‍ഡിഎഫിനുവേണ്ടി മണ്ഡലം തിരിച്ചുപിടിച്ചു. 2011 ആയപ്പോള്‍ ശ്രേയാംസിന്റെ പാര്‍ട്ടി യുഡിഎഫിലെത്തി. അങ്ങനെ യുഡിഎഫിന്റെ ബാനറിലും ശ്രേയാംസ് കുമാര്‍ എംഎല്‍എയായി. എന്നാല്‍ 2016-ല്‍ എ കെ ശശീന്ദ്രന്‍ സിപിഎമ്മിനുവേണ്ടി മണ്ഡലം തിരിച്ചുപിടിച്ചു. 2021ലാവട്ടെ കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖ് 5,470 വോട്ടുകള്‍ക്ക് എം വി ശ്രേയാംസ് കുമാറിനെ തോല്‍പ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ചു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്ക് കല്‍പ്പറ്റ അസംബ്ലി സെഗ്മെന്റില്‍ 58,090 വോട്ടിന്റെ മികച്ച ഭൂരിപക്ഷം ലഭിച്ചു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ അദ്ദേഹത്തിന് 63,754 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി രാജിവെച്ചതിനെ തുടര്‍ന്ന്
2024ല്‍ നടന്ന വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്ക് കല്‍പ്പറ്റ അസംബ്ലി സെഗ്മെന്റില്‍ 55,420 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഈ കണക്കുകള്‍ യുഡിഎഫിന് ആശ്വാസം നല്‍കുന്നവയാണ്.

പക്ഷേ കല്‍പ്പറ്റ നഗരസഭ നിലവില്‍ എല്‍.ഡി.എഫിന്റെ ഭരണത്തിലാണ്. 15 വര്‍ഷമായുള്ള യുഡിഎഫിന്റെ കുത്തകയാണ് കഴിഞ്ഞ വര്‍ഷം അട്ടിമറിക്കപ്പെട്ടത്. 30 വാര്‍ഡുകളുള്ള നഗരസഭയില്‍ എല്‍.ഡി.എഫ് 15 സീറ്റുകള്‍ നേടി വിജയിച്ചു.
പക്ഷേ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിനാണ് മേല്‍ക്കൈ. മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും യു.ഡി.എഫിനാണ് ഭരണം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച മുന്നേറ്റം ഈ മേഖലയില്‍ കാഴ്ചവെക്കാന്‍ സാധിച്ചിട്ടുണ്ട്.

യു.ഡി.എഫില്‍നിന്ന് അഡ്വ. ടി. സിദ്ദിഖ് തന്നെയാണ് ഇവിടെ ജനവിധി തേടുന്നത്. എല്‍.ഡി.എഫ് നിന്ന് ആര്‍ ജെ ഡിയിലെ പി.കെ. അനില്‍ കുമാറും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പ്രശാന്ത് മലവയലും ജനവിധി തേടുന്നു. നിലവിലുള്ള സാഹചര്യത്തില്‍ ഇവിടെ യുഡിഎഫിന് തന്നെയാണ് മുന്‍തൂക്കം.

ബത്തേരിയില്‍ യുഡിഎഫ് കുത്തക

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലം യു.ഡി.എഫിന്റെ ശക്തമായ കോട്ടയായാണ് അറിയപ്പെടുന്നത്. 1977 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മിക്ക തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. 2011 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ഐ.സി. ബാലകൃഷ്ണനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
2021-ലെ തിരഞ്ഞെടുപ്പില്‍ ഐ.സി. ബാലകൃഷ്ണന്‍ സിപിഎമ്മിലെ എം എസ് വിശ്വനാഥനെയാണ്, 11,000ത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്: ഐ.സി. ബാലകൃഷ്ണന്‍ എം.എസ്. വിശ്വനാഥനെയാണ് നേരിടുന്നത്.

2024ലെ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി അസംബ്ലി സെഗ്മെന്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്ക്, 64,302 വോട്ടിന്റെ കുറ്റന്‍ ഭൂരിപക്ഷമാണ് കിട്ടിയത്. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫ് വന്‍ വിജയം നേടി. ബത്തേരി നഗസരസഭ എല്‍.ഡി.എഫിന്റെ കയ്യില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. ആകെയുള്ള 35 സീറ്റുകളില്‍ യു.ഡി.എഫ് 19 സീറ്റുകള്‍ നേടിയപ്പോള്‍ എല്‍.ഡി.എഫ് 14 സീറ്റുകളിലേക്ക് ചുരുങ്ങി.സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിര്‍ത്തി. മണ്ഡലത്തിനുകീഴിലുള്ള പഞ്ചായത്തുകളില്‍ തുല്യനിലയിലെത്തിയ പുല്‍പ്പള്ളി ഒഴിച്ചാല്‍ ബാക്കിയെല്ലാം യുഡിഎഫിന്റെ കൈയിലാണ്.

അതുകൊണ്ടുതന്നെ ഇത്തവണയും ഇവിടെ ഐക്യമുന്നണിക്ക് തന്നെയാണ് വിജയസാധ്യത. യുഡിഎഫ് വീണ്ടും ഐ സി ബാലകൃഷ്ണനെ രംഗത്തിറക്കുമ്പോള്‍, എല്‍ഡിഎഫ് എം.എസ്. വിശ്വനാഥനെയാണ് നിര്‍ത്തിയിരിക്കുന്നത്.

insight kerala

മാനന്തവാടിയില്‍ മാറ്റം?

2008-ലെ മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷമാണ് മാനന്തവാടി മണ്ഡലം നിലവില്‍ വന്നത്. ഇതിനുമുമ്പ് 1965 മുതല്‍ 2008 വരെ ഈ പ്രദേശം ഉത്തര വയനാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പട്ടികവര്‍ഗ്ഗ സംവരണ മണ്ഡലമാണിത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗോത്രവര്‍ഗ്ഗ ജനസംഖ്യയുള്ള മണ്ഡലങ്ങളില്‍ ഒന്നാണിത് (ഏകദേശം 22%). യുഡിഎഫും എല്‍ഡിഎഫും മാറിമാറി ജയിക്കുന്ന മണ്ഡലമാണിത്.

2012-ല്‍ സിപിഎമ്മിലെ ഒ ആര്‍ കേളു, 9,282 വോട്ടിനാണ്ഇവിടെ ജയിച്ചത്. 2016 ഒ.ആര്‍. കേളു, 1,307 വോട്ടിന് മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയെ തോല്‍പ്പിച്ചു. 2011-ല്‍ പി.കെ. ജയലക്ഷ്മി 12,734 വോട്ടിന് ജയിച്ച മണ്ഡലമാണിത്.


2025 ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍, യുഡിഎഫ് വലിയ മുന്നേറ്റമാണ് ഇവിടെ നടത്തിയത്. കഴിഞ്ഞ തവണ എല്‍.ഡി.എഫ് ഭരിച്ചിരുന്നമാനന്തവാടി നഗരസഭ യു.ഡി.എഫ് തിരിച്ചുപിടിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫിന് ഒപ്പാണ്. ഗ്രാമപഞ്ചായത്തുകളില്‍ തിരുനെല്ലി മാത്രമാണ് ഇടതിനൊപ്പമുള്ളത്. തവിഞ്ഞാല്‍, വെള്ളമുണ്ട, എടവക, തൊണ്ടര്‍നാട് പനമരം എന്നീ പഞ്ചായത്തുകള്‍ ഒക്കെയും യുഡിഎഫിനൊപ്പമാണ്. 2024 നവംബറില്‍ നടന്ന വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്ക് മാനന്തവാടി അസംബ്ലി സെഗ്മെന്റില്‍ 47,787 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് ഇതേ സെഗ്മെന്റില്‍ ലഭിച്ച 44,901 വോട്ടിനേക്കാള്‍ വലിയ ലീഡ് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കയ്ക്ക് നേടാനായി.

അതുകൊണ്ടുതന്നെ കണക്കുകള്‍ നോക്കുമ്പോള്‍ അത് യുഡിഎഫിന് ഒപ്പമാണ്.
ഇത്തവണ സിറ്റിംഗ് എം.എല്‍.എയും പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുമായ ഒ ആര്‍ കേളുവിനെ തന്നെയാണ് സിപിഎം രംഗത്തിറക്കിയത്.
മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ്, ഉഷാ വിജയനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എടവക ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ വയനാട് ജില്ലാ പഞ്ചായത്ത് അംഗവുമാണ് ഉഷാ വിജയന്‍. ഒ.ആര്‍. കേളുവും ഉഷാ വിജയനും ബന്ധുക്കളാണ്.മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മിയെ തഴഞ്ഞാണ് ഇത്തവണ ഉഷാ വിജയനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ബിജെപിക്കുവേണ്ടി പി. ശ്യാം രാജും ജനവിധി തേടുന്നു. നിലവിലെ അവസ്ഥവെച്ച് ഇവിടെ യുഡിഎഫിനാണ് മുന്‍തൂക്കം.

Share This Article