ചെന്നൈ: തമിഴ്നാട്ടിൽ സ്റ്റാലിൻ 2.0 അധികാരത്തിലേറുമെന്ന് ഉറപ്പിച്ച് ഡി എം കെ പ്രകടന പത്രിക മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുറത്തിറക്കി. സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും വാഗ്ദാന പെരുമഴയുമായാണ് പ്രകടന പത്രിക സ്റ്റാലിൻ പുറത്തിറക്കിയത്. സ്ത്രീകൾക്ക് പ്രതിമാസം നൽകുന്ന ധനസഹായം 1000 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തുമെന്നതാണ് പ്രധാന വാഗ്ദാനം. നിലവിലെ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ സ്റ്റാലിൻ, ബി ജെ പിയുടെ രാഷ്ട്രീയ നീക്കങ്ങളെ മുൻകൂട്ടി കണ്ട് സ്ത്രീകൾക്കായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കിയെന്നും അഭിപ്രായപ്പെട്ടു. ബി ജെ പിയുടെ ചതി മുൻകൂട്ടി കണ്ട് 5000 രൂപ സ്ത്രീകളുടെ അക്കൗണ്ടിൽ എത്തിച്ചെന്നും സ്റ്റാലിൻ വിവരിച്ചു. ഡി എം കെ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നും സ്റ്റാലിൻ 2.0 ഉറപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രകടനപത്രിക സമിതി അധ്യക്ഷ കനിമൊഴിയും വേദിയിലുണ്ടായിരുന്നു.
സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലും വൻ പദ്ധതികളാണ് പാർട്ടി ലക്ഷ്യമിടുന്നത്. 35 ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പുകൾ നൽകുന്നതിനൊപ്പം 18 ലക്ഷം കോടിയുടെ വിദേശ നിക്ഷേപം സംസ്ഥാനത്തേക്ക് എത്തിക്കുമെന്നും പ്രകടനപത്രിക ഉറപ്പുനൽകുന്നു. ആദായനികുതി അടയ്ക്കാത്ത കുടുംബങ്ങളിലെ സ്ത്രീകൾക്ക് ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനായി 8000 രൂപയുടെ കൂപ്പൺ നൽകുമെന്നതാണ് മറ്റൊരു ആകർഷകമായ പ്രഖ്യാപനം. വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, ടിവി തുടങ്ങിയവ വാങ്ങാൻ ഈ കൂപ്പൺ ഉപയോഗിക്കാം. കൂടാതെ 5000 ക്ഷേത്രങ്ങളിൽ കുംഭാഭിഷേകം നടത്തുമെന്നും ഡി എം കെ പ്രഖ്യാപിച്ചിട്ടുണ്ട്.

