ലൈംഗിക പീഡന പരാതി; പാലക്കാട്ടെ കൗൺസിലർ പ്രശോഭ് സി വത്സനെ പുറത്താക്കി കോണ്‍ഗ്രസ്

insight kerala

പാലക്കാട്: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വൽസനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ ആണ് നടപടി പ്രഖ്യാപിച്ചത്. കെപിസിസി നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് നടപടി. ധാർമ്മികത ഉണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടു. മറ്റ് പാർട്ടിക്കാർ കൂടി ഈ ധാർമ്മികത കാണിക്കട്ടെയെന്നും ഇത് തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാകുമെന്ന് കരുതുന്നില്ലെന്നും ഡിസിസി പ്രസിഡൻ്റ് പറഞ്ഞു

അതിനിടെ കോൺഗ്രസ് കൗൺസിലർക്കെതിരായ പീഡന പരാതിയിൽ അന്വേഷണം ആരംഭിക്കാനിരിക്കുകയാണ് പൊലീസ്. പരാതിക്കാരിയായ യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. പ്രശോഭ് ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. കോൺഗ്രസ് കൗൺസിലർക്കെതിരായ പീഡന പരാതി പ്രചാരണ ആയുധമാക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫും എൻഡിഎയും. ജനപ്രതിനിധികളുടെ തണലിലാണ് ഇത്തരം നടപടിയെന്നാണ് ആരോപണം. മനുഷ്യനെന്ന നിലയിൽ അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി എൻഎംആ‍ർ റസാഖ് പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തിൽ ഒരു മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിൻ്റെ തെളിവാണിതെന്ന് ശോഭ സുരേന്ദ്രന്‍ വിമര്‍ശിച്ചു. കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകും. പ്രശോഭിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ശോഭ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ കുറ്റക്കാരൻ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങില്ല. പാലക്കാട് എസ്പിയെ നേരിട്ട് കണുമെന്നും അറസ്റ്റ് വൈകിയാൽ സമരം ചെയ്യുമെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു.

ജോലി വാ​ഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ് പ്രശോഭ് സി വത്സനെതിരായ ദളിത് യുവതിയുടെ ആരോപണം. പാലക്കാട് ന​ഗരസഭയിലെ 24-ാം വാർഡിലെ കോൺ​ഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് ലൈംഗിക പീഡന പരാതി ഉയർന്നിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തി പ്രശോഭ് ബലമായി പീഡിപ്പിച്ചെന്ന് യുവതി. പാലക്കാട് സ്വദേശിയായ ദളിത് യുവതിയാണ് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് പ്രശോഭ്. രാഹുലിനെതിരെ ലൈംഗിക പീഡന പരാതി ഉയരുകയും പിന്നീട് ഒളിവിൽ പോകുകയും ചെയ്തതിന് ശേഷം രാഹുൽ പാലക്കാട് എത്തിയത് പ്രശോഭിന് വോട്ട് ചെയ്യാനായിരുന്നു. പ്രശോഭ് ജയിച്ചതിന് ശേഷം ആദ്യം പോയതും രാഹുലിനെ കാണാൻ വേണ്ടിയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article