എ പി സമസ്തയുമായുള്ള ബന്ധം ദൃഢമാക്കാന്‍ യുഡിഎഫ്; ബുഖാരി തങ്ങളുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്തി

insight kerala

മലപ്പുറം: എ പി സമസ്തയുമായുള്ള ബന്ധം ദൃഢമാക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എ പി സമസ്ത വിഭാഗം നേതാവും കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളുമായി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തി. തങ്ങളുടെ കടലുണ്ടിയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ വളരെ നിര്‍ണ്ണായകമായ കൂടിക്കാഴ്ചയാണ് നടന്നിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

വര്‍ഗീയതയ്ക്ക് എതിരായിരിക്കണം ഓരോ വോട്ടും എന്ന് ബുഖാരി തങ്ങള്‍ പ്രതികരിച്ചു. ജനാധിപത്യം സംരക്ഷിക്കുന്നവരെ വിജയിപ്പിക്കണം. കാന്തപുരം വിഭാഗത്തിന് വ്യക്തമായ രാഷ്ട്രീയ ബോധമുണ്ട് എന്നും ബുഖാരി തങ്ങള്‍ വ്യക്തമാക്കി.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച സ്ഥിരമായി നടക്കുന്നതാണെന്നും എല്ലാ ഭരണകര്‍ത്താക്കളുമായും ചര്‍ച്ച നടത്താറുണ്ടെന്നുമായിരുന്നു ബുഖാരി തങ്ങള്‍ പ്രതികരിച്ചത്. സൗഹൃദ ചര്‍ച്ചകളെല്ലാം പുറത്തുപറയാന്‍ പറ്റില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article