മഞ്ചേശ്വരം ഫോട്ടോ ഫിനിഷിലേക്ക്; ഉദുമയില്‍ അട്ടിമറി പ്രതീക്ഷയുമായി യുഡിഎഫ്; തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും എല്‍ഡിഎഫ് തന്നെ; കാസര്‍കോട് ജില്ലയുടെ രാഷ്ട്രീയ ചിത്രം ഇങ്ങനെ

insight kerala

എം മാധവദാസ്

കാസര്‍കോട്: കഴിഞ്ഞ കുറേക്കാലമായി കാസര്‍കോട് ജില്ലയിലെ അഞ്ചുമണ്ഡലങ്ങളില്‍ യുഡിഎഫ്-2, എല്‍ഡിഎഫ്-3 എന്ന നിലയിലാണ്, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലം വരാറുള്ളത്. മഞ്ചേശ്വരം, കാസര്‍കോട് എന്നീ മണ്ഡലങ്ങള്‍ യുഡിഎഫിന് ഒപ്പം നില്‍ക്കുമ്പോള്‍, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങള്‍ എല്‍ഡിഎഫിന് ഒപ്പമാണ്. പക്ഷേ ഇത്തവണ എല്‍ഡിഎഫിന്റെ കുത്തക സീറ്റായ ഉദുമ പിടിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നത്. മഞ്ചേശ്വരത്ത് ബിജെപിയും, യുഡിഎഫിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു.

മഞ്ചേശ്വരത്ത് ഫോട്ടോ ഫിനിഷ്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

മറ്റുള്ള മണ്ഡലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇവിടെ യുഡിഎഫും എല്‍ഡിഎഫും തമ്മിലല്ല, യുഡിഎഫും എന്‍ഡിഎയും തമ്മിലാണ് പേരാട്ടാം.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ പരാജയപ്പെട്ടത്. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്റഫ് ആണ് വിജയിച്ചത്. ഇത്തവണ ഇരുവരും വീണ്ടും ജനവിധി തേടുമ്പോള്‍ പേരാട്ടം കടുക്കുകയാണ്.

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള മഞ്ചേശ്വരം മണ്ഡലം തുടക്കം മുതല്‍ക്കേ ശക്തമായ ത്രികോണ മത്സരങ്ങള്‍ക്കും നേരിയ ഭൂരിപക്ഷത്തിലുള്ള വിജയങ്ങള്‍ക്കും പേരു കേട്ടതാണ്. മുസ്ലിം ലീഗാണ് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ തവണ വിജയിച്ചിട്ടുള്ളത്. ചെര്‍ക്കളം അബ്ദുള്ള (19872001), പി.ബി. അബ്ദുല്‍ റസാഖ് (2011, 2016) എന്നിവര്‍ ദീര്‍ഘകാലം മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1980കള്‍ മുതല്‍ ബി.ജെ.പി മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിക്കൊണ്ട് ശക്തമായ സാന്നിധ്യമായി മാറി. പലപ്പോഴും വിജയത്തിന് തൊട്ടടുത്ത് വരെ ബി.ജെ.പി എത്തിയിട്ടുണ്ട്. 2016-ല്‍ പി.ബി. അബ്ദുല്‍ റസാഖിനോട് കേവലം 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. ഇത് കേരള തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളിലൊന്നാണ്. പി.ബി. അബ്ദുല്‍ റസാഖിന്റെ നിര്യാണത്തെത്തുടര്‍ന്ന് 2019-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ എം.സി. ഖമറുദ്ദീന്‍ വിജയിച്ചു.

എന്നാല്‍ ഇവിടെ ഞെട്ടിക്കുന്ന വിജയം ഇടതുമുന്നണി നേടിയിട്ടുണ്ട്. ശക്തമായ വി എസ് തരംഗത്തില്‍, സി.പി.എം സ്ഥാനാര്‍ത്ഥിയായ സി.എച്ച്. കുഞ്ഞമ്പു 2006-ല്‍ ഇവിടെ ജയിച്ചുകയറി. 4,829 വോട്ടായിരുന്നു ഭൂരിപക്ഷം. അന്നും ബിജെപിയായിരുന്ന രണ്ടാം സ്ഥാനത്ത്. യുഡിഎഫ് മൂന്നാമതായിരുന്നു. അതിനുശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിയാണ് ഇവിടെ മൂന്നാമത് എത്താറുള്ളത്. മലയാളം, കന്നഡ, തുളു എന്നിങ്ങനെ ഭാഷാപരമായ വൈവിധ്യമുള്ള ഈ മണ്ഡലത്തില്‍ വോട്ടുകള്‍ ധ്രുവീകരിക്കപ്പെടുന്നതും അപരന്മാരുടെ സാന്നിധ്യവും പലപ്പോഴും ഫലത്തെ സ്വാധീനിക്കാറുണ്ട്. കന്നഡ ഹിന്ദുക്കള്‍ ബിജെപിയുടെയും മുസ്ലീങ്ങള്‍ ലീഗിന്റെയും വോട്ടുബാങ്കാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍മുറ്റേറ്റം നടത്തിയ പ്രദേശമാണ് ഇവിടം. ജില്ലാ പഞ്ചായത്ത് ഡിവിഷനും, ബ്ലോക്കും ഒന്നൊഴികെയുള്ള എല്ലാ പഞ്ചായത്തുകളും യുഡിഎഫിന്റെ കൈയിലാണ്.

പക്ഷേ നിലവിലുള്ള സാഹചര്യങ്ങള്‍ അനുസരിച്ച് ഇവിടെ യുഡിഎഫ് ജയിക്കുമെന്നോ ബിജെപി ജയിക്കുമെന്നോ പറയാന്‍ കഴിയില്ല. ശരിക്കും ഫോട്ടോ ഫിനിഷിലേക്കാണ് ഈ മണ്ഡലം പോവുന്നത്.

കാസര്‍കോട് മുന്‍തുക്കം യുഡിഎഫിന്

എന്നും യുഡിഎഫിന്റെയും മുസ്ലീം ലീഗിന്റെയും ഉറച്ചകോട്ടയാണ് കാസര്‍കോട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എന്‍.എ. നെല്ലിക്കുന്ന് 12,901 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

1957 മുതല്‍ മിക്കവാറും എല്ലാ തിരഞ്ഞെടുപ്പുകളിലും മുസ്ലിം ലീഗ് ആണ് ഇവിടെ വിജയിച്ചു വരുന്നത്. 1980-കളുടെ പകുതിയോടെ മണ്ഡലത്തില്‍ ബി.ജെ.പി ശക്തമായ സ്വാധീനമുറപ്പിച്ചു. നിലവില്‍ യു.ഡി.എഫിന് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളാണ്.
മണ്ഡലത്തില്‍ എല്‍.ഡി.എഫ് പൊതുവെ മൂന്നാം സ്ഥാനത്താണ് വരാറുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിയായിരുന്നു എല്‍.ഡി.എഫിനായി മത്സരിച്ചത്. മണ്ഡലത്തിന് കീഴിലുള്ള പ്രധാന തദ്ദേശ സ്ഥാപനങ്ങളില്‍ യു.ഡി.എഫിനാണ് ഭൂരിപക്ഷം.കാസര്‍കോട് നഗരസഭ ദീര്‍ഘകാലമായി മുസ്ലിം ലീഗാണ് ഭരിക്കുന്നത്. ഭൂരിഭാഗം പഞ്ചായത്തുകളും ലീഗിന് ഒപ്പമാണ്.

ഇത്തവണ യുഡിഎഫിനായി കല്ലട്ര മാഹിന്‍ ഹാജിയും, അശ്വിനി എം.എല്‍ ബിജെപിക്കുവേണ്ടിയും ജനവിധി തേടുമ്പോള്‍, ഐ.എന്‍.എല്‍ പിന്തുണയോടെ ഷാനവാസ് പാദൂരാണ് ഇടതുസ്വതന്ത്രനായി രംഗത്തെത്തുന്നത്. ഇവിടെ യുഡിഎഫ് തന്നെ ജയിക്കാനുള്ള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

ഉദുമയില്‍ അട്ടിമറി?

insight kerala

കാസര്‍കോട് ജില്ലയിലെ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളില്‍ ഒന്നായാണ് ഉദുമ നിയമസഭാ മണ്ഡലം ഇത്തവണ പിടിക്കുമെന്നാണ് യുഡിഎഫ് അവകാശപെ്ടുന്നത്. 1991 മുതല്‍ തുടര്‍ച്ചയായി എല്‍.ഡി.എഫ് ആണ് ഇവിടെ വിജയിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പു 13,322 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു.ഡി.എഫിന്റെ ബാലകൃഷ്ണ പെരിയയെയാണ് അദ്ദേഹം തോല്‍പ്പിച്ചത്. സി.പി.എമ്മിന് വലിയ സംഘടനാ ശക്തിയുള്ള മണ്ഡലമാണെങ്കിലും, തീരദേശ മേഖലകളില്‍ മുസ്ലിം ലീഗിനും കിഴക്കന്‍ മേഖലകളില്‍ ബി.ജെ.പിക്കും നിര്‍ണ്ണായക സ്വാധീനമുണ്ട്.

എല്‍ഡിഎഫില്‍ സി എച്ച കുഞ്ഞമ്പു വീണ്ടു ജനവിധി തേടുമ്പോള്‍,യു.ഡി.എഫ് കോണ്‍ഗ്രസിലെ ബാലകൃഷ്ണ പെരിയയെ ഇറക്കിയിരിക്കയാണ്. മനുലാല്‍ മേലത്ത് ആണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.
2025 ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഉദുമ നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തി. യു.ഡി.എഫിന് ഏകദേശം 5,200 വോട്ടിന്റെ വ്യക്തമായ ലീഡ് ലഭിച്ചു.
പള്ളിക്കര, ചെമ്മനാട്, പുല്ലൂര്‍-പെരിയ എന്നീ പഞ്ചായത്തുകളില്‍ യു.ഡി.എഫ് വലിയ ഭൂരിപക്ഷം നേടിയപ്പോള്‍, എല്‍.ഡി.എഫിന്റെ ശക്തമായ കേന്ദ്രങ്ങളായ ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളില്‍ അവരുടെ ഭൂരിപക്ഷത്തില്‍ ഇടിവുണ്ടായി. അതുകൊണ്ടുതന്നെ യുഡിഎഫിന് ഇത്തവണ ഇവിടെ വലിയ പ്രതീക്ഷയാണ്.

തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും ഇടത്

അതുപോലെ ഇടതുപക്ഷത്തിന്റെ കുത്തക മണ്ഡലമാണ് തൃക്കരിപ്പുര്‍. ഇ കെ നായനാര്‍ അടക്കമുള്ള സിപിഎമ്മിറെ പ്രമുഖ നേതാക്കള്‍ ജയിച്ച ഇടം. മുമ്പ് ഇത് നീലേശ്വരം മണ്ഡലം ആയപ്പോഴും സിപിഎമ്മിന് തന്നെയായിരുന്നു ആധിപത്യം. കയ്യൂര്‍പോലുള്ള വിപ്ലവ മേഖലകള്‍ അടങ്ങിയ ഈ പ്രദേശത്ത്, ഭൂരിഭാഗം പഞ്ചായത്തുകളും ഇടതുപക്ഷത്തിന്റ കൈയിലാണ്. നീലേശ്വരം നഗരസഭയിലും ഇടതുഭരണമാണ്. ചെറുവത്തൂര്‍, പിലിക്കോട്, കയ്യൂര്‍-ചീമേനി തുടങ്ങിയവ എല്‍.ഡി.എഫിന്റെ ഉറച്ച കോട്ടകളായി തുടരുന്നു. തൃക്കരിപ്പുര്‍, പടന്ന പഞ്ചായത്തുകള്‍ യുഡിഎഫിനാണ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ ആണ് . സിപിഎം നേതാവ് വി.പി.പി. മുസ്തഫയെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ട്വന്റി-20 സ്ഥാനാര്‍ത്ഥി രവി കുളങ്ങരയാണ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ്വാര്യരെ തോല്‍പ്പിക്കാന്‍ വേണ്ടിയാണ് ഇവിടെ സീറ്റ് ട്വന്റി ട്വന്റിക്ക് കൊടുത്തത് എന്നും ആരോപണമുണ്ട്. നിലവിലെ സാഹചര്യ മനുസരിച്ച് ഇവിടെ ഇടതുപക്ഷം നിലനിര്‍ത്താനാണ് സാധ്യത.

അതുപോലെ ഇടതുപക്ഷത്തിന്റെ കുത്തക മണ്ഡലമാണ് കാഞ്ഞങ്ങാട്. നേരത്തെ ഹോസ്ദുര്‍ഗ് മണ്ഡലമായിരുന്ന കാലം തൊട്ട് ഇവിടെ ഇടതുകോട്ടയാണ്. എല്‍ഡിഎഫില്‍ സിപിഐയുടെ സീറ്റാണിത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഈ മണ്ഡലത്തില്‍ 2,050 വോട്ടിന്റെ ലീഡ് നേടി ഞെട്ടിച്ചിരുന്നു. മൂന്നര പതിറ്റാണ്ടിനുശേഷമാണ് ഒരു പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഇവിടെ മുന്നിലെത്തിയത്.

മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ആകെ വോട്ടുകള്‍ പരിശോധിക്കുമ്പോള്‍ എല്‍.ഡി.എഫിന് 14,915 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് 21,289 വോട്ടായിരുന്നു.
കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍.ഡി.എഫും യു.ഡി.എഫും 20 സീറ്റുകള്‍ വീതം നേടി തുല്യനിലയിലായി. ഇവിടെ ഭരണം നിശ്ചയിക്കുന്നതില്‍ 3 സ്വതന്ത്ര അംഗങ്ങള്‍ നിര്‍ണ്ണായകമായി. നിലവില്‍ എല്‍ഡിഎഫിനാണ് ഇവിടെ ഭരണം. ഭൂരിഭാഗം പഞ്ചായത്തുകളും ഇടതിന് ഒപ്പമാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഇ. ചന്ദ്രശേഖരന്‍ (സി.പി.ഐ) വിജയിച്ചത് 27,139 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഇടതുമുന്നണി സീറ്റ് നിലനിര്‍ത്താനാണ് സാധ്യത.

Share This Article