“ചെറ്റത്തരത്തിന്റെ നാനാർത്ഥങ്ങൾ”

insight kerala

അനിൽകുമാർ ബാലകൃഷ്‌ണൻ

ദീർഘകാലം ഒരു രാഷ്ട്രീയപ്രസ്ഥാനത്തിൽ പ്രവർത്തിച്ച ശേഷം ഒരു സുപ്രഭാതത്തിൽ ഒരാൾ ആ പ്രസ്ഥാനത്തെയും ആശയാദർശങ്ങളെയും തള്ളിപ്പറഞ്ഞ് പുറത്തു പോയാൽ അയാളുടെ പ്രവൃത്തിയെ വിശേഷിപ്പിക്കേണ്ടത് എങ്ങിനെയാണെന്ന് ഇപ്പോൾ നമുക്കെല്ലാർക്കും സാമാന്യമായ ധാരണ കിട്ടിയിട്ടുണ്ട്. പൊളിറ്റിക്കലി കറക്ടായി ‘ചെറ്റത്തരം’ എന്നുതന്നെ സ്ഫുടതയോടെ വിശേഷിപ്പിക്കണം അതിനെ. ഒരു മുന്നണിയിൽ നിന്നിട്ട് ഏതെങ്കിലും കാരണത്താൽ മറുകണ്ടം ചാടിയാൽ മിനിമം ‘പരനാറി’യെന്ന് വിളിക്കുന്നതാണ് മര്യാദ. പൊതുസമ്മേളനത്തിൽ രാഷ്ട്രീയ ഗീർവാണമടിച്ചു നില്ക്കുമ്പോൾ ചോദ്യം ചോദിച്ച് കോൺസൻട്രേഷൻ കളയാൻ ആരെങ്കിലും മുതിർന്നാൽ ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന വാമൊഴി വഴക്കം മതിയാവും. വഴിയിൽ മൈക്കുപിടിച്ച് ചോദ്യം ചോദിക്കാൻ നിന്നാൽ തനി മലയാളത്തിൽ ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞാൽ ആർക്കും കാര്യം പിടി കിട്ടും. എല്ലാം പിണറായി അങ്ങുന്നിന്റെ നവ കമ്മ്യൂണിസ്റ്റ് പദാവലി. രാജമാതാ ശിവകാമി പറയുന്നതാണ് മഹിഷ്മതിയിൽ നിയമം എന്നതു പോലെ പിണറായി പറയുന്നതാണ് ഇന്ത്യയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ അലിഖിത നിയമവും നിഖണ്ടുവും.

തെരഞ്ഞെടുപ്പു വരുമ്പോൾ ആര് മത്സരിക്കണം ആര് മത്സരിക്കരുത് എന്നൊക്കെ തീരുമാനിക്കാൻ അതത് രാഷ്ട്രീയ കക്ഷികൾക്ക് വ്യവസ്ഥാപിത രീതികളുണ്ട്. കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിൽ ബ്രാഞ്ച് കമ്മിറ്റിയും ലോക്കൽ കമ്മിറ്റിയും ഏര്യാകമ്മിറ്റിയും ജില്ലാകമ്മിറ്റിയും പടിപ്പടിയായി തീരുമാനിച്ചു തീരുമാനിച്ചാണ് സ്ഥാനാർത്ഥിയിലേക്കെത്തുകയെന്ന് പാർട്ടി ആണയിടുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷിന്റെ ഭാര്യ ഈ തെരഞ്ഞെടുപ്പിലും മുൻ സെക്രട്ടറി വിജയ രാഘവന്റെ ഭാര്യ കഴിഞ്ഞ തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥി മാരായതും കർശനമായ ഈ ചിട്ടവട്ടങ്ങൾ കടന്നാണത്രേ . പക്ഷേ ലോക്കൽ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി വരെ ഏത് പേര് നിർദേശിക്കണമെന്ന ‘നിർദേശം’ മുകളിൽ നിന്നു താഴേയ്ക്ക് വരുമെന്നതാണ് വർത്തമാന കാല യാഥാർത്ഥ്യമെന്ന് പാർട്ടിക്കാർക്കെല്ലാമറിയാം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പാർട്ടി സഖാക്കൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രായപരിധിയും നിശ്‌ചയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ മുതിർന്ന നേതാവ് (ഒരു പക്ഷേ പിണറായിയോളം)ജി സുധാകരൻ പുറത്തായതെന്ന് ‘യുവാവായ’ മുഖ്യമന്ത്രി പിണറായി വ്യക്തമാക്കുന്നു. ‘പാർട്ടിയിൽ ഇക്കാര്യത്തിലുള്ള പ്രായപരിധി എല്ലാർക്കും ബാധകമാണ്. അത് സുധാകരനും ബാധകമാണ്’ എന്നാണ് പിണറായി ആവർത്തിച്ചു പറയുന്നത്. പക്ഷേ അത് തനിക്ക് ബാധകമല്ലെന്ന് പാർട്ടിയെക്കൊണ്ട് തീരുമാനമെടുപ്പിക്കാൻ പോന്ന യുവത്വം കഴിഞ്ഞ കുറേക്കാലമായി പിണറായിക്കുണ്ട്. അതുകൊണ്ടാവാം അതേക്കുറിച്ച് സഖാവ് മിണ്ടുന്നുമില്ല.

മറ്റു രാഷ്ട്രീയ കക്ഷികളിൽ നിലവിലുള്ള ‘പാർലമെന്ററി വ്യാമോഹം’ സമീപകാലത്തായി സിപിഎം കേഡറുകളിലും പിടിമുറുക്കുന്നുവെന്ന് പാലോളി മുഹമ്മദ് കുട്ടിയെപ്പോലുള്ള നേതാക്കൾ സുധാകരന്റെ പുറത്തുപോകലിന്റെ പശ്ചാത്തലത്തിൽ അഭിപ്രായപ്പെടുന്നു. പാർട്ടി ഒരു തീരുമാനമെടുത്താൽ അത് എല്ലാർക്കും ബാധകമാണെന്ന് പിണറായിയും പറയുമ്പോൾ വി എസ് അച്ചുതാനന്ദൻ മത്സരിക്കേണ്ടതില്ല എന്ന് ഒരിക്കൽ പാർട്ടി കൈക്കൊണ്ട തീരുമാനം ബഹുജനം തെരുവിലിറങ്ങി തിരുത്തിച്ച സംഭവം ഓർക്കാതെയാണ് അദ്ദേഹം അങ്ങിനെ പറയുന്നതെന്ന് തോന്നുന്നു. വി എസ് ‘ചെറ്റത്തരം’ കാണിച്ചുവെന്ന് പറയാൻ ലഭിക്കുമായിരുന്ന ഒരു സുവർണ്ണാവസരം അന്ന് പിണറായിക്ക് നഷ്ടമായതിന് കേഡർ പാർട്ടിയായ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാണ് ഉത്തരവാദിയെന്നതും മറക്കാൻ പാടില്ലാത്തതാണ്.

ജി സുധാകരന്റെ കാര്യത്തിലേക്ക് തിരിച്ചുവരാം. ‘പാർട്ടി അദ്ദേഹത്തിന് കാലാകാലങ്ങളിൽ എന്തെല്ലാം പദവികൾ നൽകിയതാണ്.എന്നിട്ടും അധികാര മോഹത്താൽ അന്ധനായ സുധാകരൻ പാർട്ടിയെ തള്ളിപ്പറഞ്ഞ് പുറത്തുപോയി’ എന്ന ഈണത്തിലാണ് പിണറായി ഉൾപ്പെടെയുള്ളവർ പറഞ്ഞു കൊണ്ടിരിക്കുന്നത്. അതായത് പാർട്ടി,നേതാക്കൾക്ക് കാലാകാലങ്ങളിൽ അനുവദിച്ചു നൽകുന്ന പദവികൾ അവർക്ക് നൽകുന്ന പാരിതോഷികങ്ങളാണെന്ന് സാരം. നാട്ടുകാർക്ക് സേവനം ചെയ്യുന്നതിന് ലക്ഷ്യമിട്ടുള്ള നിയമസഭാ അംഗത്വവും മന്ത്രി സ്ഥാനവുമെല്ലാം അവനവന് നേട്ടമുണ്ടാക്കാൻ വേണ്ടിയുള്ളതാണെന്ന് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി തന്നെ സമ്മതിക്കുകയുമാണ്. ചെറ്റക്കുടിലുകളിൽ എന്നെന്നും കഴിയുമായിരുന്ന ഇവൻമാർക്കൊക്കെ ഓരോരോ സ്ഥാനമാനങ്ങൾ നൽകി മേലാളൻമാരും തമ്പ്രാക്കൻമാരുമാകാൻ അവസരം നൽകിയിട്ടും ആർത്തി മാറാതെ വീണ്ടും കൂടുതൽ വേണമെന്ന് ആവശ്യപ്പെടുന്നത് അവരുടെ അടിസ്ഥാനസ്വഭാവമായ ‘ചെറ്റത്തരം’ വിട്ടുമാറാഞ്ഞിട്ടാണെന്ന ബോധം പിണറായിയിൽ തികട്ടി നില്ക്കുന്നു.

കേരളത്തിൽ മാർക്സിസ്റ്റുപാർട്ടിയുടെ ഔദ്യോഗിക ചാനലാണ് കൈരളി ടി.വി. 2000 ൽ പാർട്ടി സഖാക്കളിൽ നിന്ന് ഓഹരി സ്വീകരിച്ച് കെട്ടിപ്പടുത്ത ചാനലിൽ ആദ്യം മുതൽ ഇന്നോളം ചെയർമാൻ പദവിയിലിരിക്കുന്നത് സിനിമാ താരം മമ്മൂട്ടിയാണ്. കാൽനൂറ്റാണ്ടിലധികം കാലം തുടർച്ചയായി ആ പദവിയിലിരിക്കുമ്പോൾ മാർക്സിസ്റ്റ് അനുഭാവിയോ അനുയായിയോ ആണ് അദ്ദേഹം എന്ന് കരുതാതിരിക്കാനാവില്ലല്ലോ. പാർട്ടി അധികാരത്തിലെത്തുമ്പോഴൊക്കെ പലതരത്തിലുള്ള പ്രത്യുപകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് എന്നതിനും നിരവധി ഉദാഹരണങ്ങളുണ്ട്. ആ മമ്മൂട്ടിയാണ് വയനാട്ടിൽ സർക്കാർ നിർമ്മിച്ച ടൗൺഷിപ്പ് കാണാനെത്തിയപ്പോൾ ഒപ്പം നടന്നതിന് പാർട്ടിയുടെ ജില്ലാ സെക്രട്ടറി റഫീഖിനെ പരസ്യമായി ശകാരിക്കുകയും വിലക്കുകയും ചെയ്തത്. ഇതിന് പിണറായി,മമ്മൂട്ടിയെ വിമർശിക്കുകയും റഫീഖിന് ഐക ദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുമെന്നും ആരും വിചാരിച്ചതൊന്നുമില്ല.എന്നാൽ സൈബർ സഖാക്കൾ ഉണരുകയും ഒരു ദിവസം മുഴുവൻ മമ്മൂട്ടിയുടെ നെഞ്ചിൽ പൊങ്കാലയിടുകയും ചെയ്തു. പിന്നീടാണ് അപ്രതീക്ഷിതമായത് സംഭവിച്ചത്. സൈബർ ആക്രമണത്തിന് മുതിർന്ന സഖാക്കളുടെ പേരിൽ പിണറായി മമ്മൂട്ടിയോട് പരസ്യമായി മാപ്പു പറയുന്നു! പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായി.അതിനു ശേഷമാണ് മമ്മൂട്ടിയുടെ പുതിയ കാല സുഹൃത്തും സിനിമാക്കാരനുമായ രമേശ് പിഷാരടി കോൺഗ്രസ്സ് ചിഹ്നത്തിൽ പാലക്കാട് സ്ഥാനാർത്ഥിയാവുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ പിഷാരടിയെ ഫോണിൽ വീഡിയോക്കോളിലെത്തി വിജയാശംസകൾ നേർന്നത് പിണറായിലുടെയും സി പി എം -ന്റെയും ലാളനത്തിന് എക്കാലവും ഇരയായിട്ടുള്ള സാക്ഷാൽ ശ്രീമാൻ മമ്മൂട്ടി. മലയാള താരങ്ങളിൽ രാജാവാണല്ലോ മമ്മൂട്ടി. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയെ ചെറ്റത്തരം എന്നതു പോലുള്ള നികൃഷ്ട പ്രയോഗങ്ങളിലൂടെ വിശേഷിപ്പിക്കാൻ ന്യൂനപക്ഷ പ്രണേതാവ് കൂടിയായ സഖാവ് പിണറായിക്ക് തന്റേടമില്ലാതെ പോയി.

മേൽത്തട്ടിൽ നില്കുന്നവർക്ക് ചെറ്റയെന്ന വിശേഷണം ചേരി ല്ലെന്ന് പിണറായിക്കറിയാം..ചെറ്റയെന്നാൽ അതി ദരിദ്രൻ അഥവാ ഏറ്റവും താഴേത്തട്ടിലുള്ള കൂലിത്തൊഴിലാളി എന്നും അർത്ഥം പറയാം. അതി ദരിദ്രരെ സമ്പൂർണ്ണമായി തുടച്ചുനീക്കുകയെന്നതാണ് പുതിയ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം നൽകുന്ന ഇടതു മുന്നണിയുടെ പ്രഖ്യാപിത നയം. തമ്പ്രാക്കൻമാരായി രൂപമാറ്റം വന്ന ചെറ്റകളുടെ സർവ്വാധിപത്യത്തിനാണ് (ഡിക്ടേറ്റർഷിപ്പ് ഓഫ് ദി പ്രോളറ്റേറിയറ്റ്) മാർക്സിസം ലക്ഷ്യമിടുന്നതെന്നാണല്ലോ സഖാവ് മാർക്സ് പണ്ടേയ്ക്കു പണ്ടേ പറഞ്ഞു വച്ചിരിക്കുന്നത്. ലോകത്താദ്യമായി ഈ ലക്ഷ്യം നേടുന്നത് ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ അധികാരത്തിൽ വന്ന നമ്മുടെ കൊച്ചു കേരളത്തിൽ മൂന്നാം പിണറായി സർക്കാരിലൂടെയാവുമെന്നതിൽ നമുക്ക് അഭിമാനിക്കാം സഖാക്കളേ….

Share This Article