‘രാഹുൽ ഗാന്ധി കണ്ടാലും കൊണ്ടാലും പഠിക്കില്ല, ഒരു പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലുമില്ല’: മുഖ്യമന്ത്രി

insight kerala

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടാലും കൊണ്ടാലും പഠിക്കാത്തയാളാണ് രാഹുൽ ഗാന്ധിയെന്നും പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും രാഹുൽ ഗാന്ധിക്ക് ഇല്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിപിഎം-ബിജെപി ഡീൽ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

അഖിലേന്ത്യാ നേതാവായ രാഹുൽ ഗാന്ധിക്ക് പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും ഇല്ല എന്നതാണ് വസ്തുത. ഒരു കാര്യവും നേരെചൊവ്വേ മനസ്സിലാക്കില്ല. കണ്ടാലും കൊണ്ടാലും രാഹുൽ ഗാന്ധി പഠിക്കില്ല. ഇതൊന്നും രാഷ്ട്രീയ നേതാവിന് ചേർന്ന ഗുണമല്ല. കോൺഗ്രസുകാർ സർവാദരണീയനായി കാണുന്ന നേതാവിന് ഇത്രമാത്രം അധഃപതനം എങ്ങനെയാണ് ഉണ്ടായതെന്ന് മനസ്സിലാകുന്നില്ല. രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയുടെ ബി ടീം ആയിട്ടാണ് പ്രവർത്തിക്കുന്നത്. അതിനുതകുന്ന സമീപനമാണ് രാഹുൽ ഗാന്ധി എല്ലായിടത്തും സ്വീകരിക്കുന്നത്, പിണറായി ആരോപിച്ചു.

ഡൽഹിയിൽ എന്തുകൊണ്ടാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാത്തത് എന്നായിരുന്നു രാഹുൽ ഗാന്ധിയും കോൺഗ്രസും ചോദിച്ചത്. പിന്നീട് അറസ്റ്റും കേസും ഉണ്ടായി. എന്നാൽ, കോടതി കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കി. ബിജെപിയുടെ മുഖത്ത് മാത്രമല്ല രാഹുൽ ഗാന്ധിയുടെ മുഖത്തും കനത്ത അടിയേറ്റു. ആ അനുഭവത്തിൽ നിന്നെങ്കിലും പാഠംപഠിക്കുന്നുണ്ടോ? ഡൽഹിയിലെ തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചത്? ബിജെപി അധികാരത്തിൽവരണമെന്ന നിലപാടാണോ കോൺഗ്രസ് സ്വീകരിച്ചത്? എഎപിയെ ശക്തമായി എതിർക്കുന്ന നിലപാടല്ലേ കോൺഗ്രസ് സ്വീകരിച്ചത്? ബിജെപി അധികാരത്തിൽവരാൻ സഹായിച്ചത് കോൺഗ്രസിന്റെ സമീപനമല്ലേ?, പിണറായി ചോദിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article