പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി; യോഗം നാളെ

insight kerala

പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംവദിക്കും. കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാടുകളും, സംസ്ഥാന തലത്തിലുള്ള തയ്യാറെടുപ്പും വിശദമായി ചർച്ച ചെയ്യും. അതെ സമയം ഹോർമുസ് കടലിടുക്കിലൂടെ കൂടുതൽ ചരക്ക് കപ്പലുകൾ എത്തിക്കാൻ ഇന്ത്യ നീക്കം തുടരുകയാണ്

പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംവദിക്കും.
രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ എന്നിവ യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും. ആഗോള പ്രതിസന്ധികൾക്കിടയിൽ ആഭ്യന്തര സ്ഥിരത ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകളും യോഗം വിലയിരുത്തും. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല. പകരം ചീഫ് സെക്രട്ടറിമാർക്കായി കാബിനറ്റ് സെക്രട്ടേറിയറ്റ് പ്രത്യേക യോഗം ചേരും. പശ്ചിചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട ഏത് വെല്ലുവിളിയും നേരിടാൻ രാജ്യം സജ്ജമാണെന്ന് ഇന്നലെ ഡൽഹിയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഹോർമുസ് കടലിടുക്കിലൂടെ നാവിക സേനയുടെ സുരക്ഷയിൽ കൂടുതൽ ചരക്ക് കപ്പലുകൾ എത്തിക്കാൻ നീക്കം ആരംഭിച്ചു. ഇന്ത്യ ഉൾപ്പെടെ അഞ്ച് സൗഹൃദ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതായി ഇറാൻ അറിയിച്ചിരുന്നു.

Share This Article