കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയും, ശ്വാസ തടസ്സവും കാരണം ഇന്ന് പുലർച്ചയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിൽ എത്തി. 79-കാരിയായ സോണിയ ഗാന്ധി നിലവിൽ രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ എംപിയാണ്.
ഈ വർഷം ജനുവരിയിൽ ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിലെ കഠിനമായ തണുപ്പും വായുമലിനീകരണവുംമൂലം ആസ്മ വഷളായതാണ് ആരോഗ്യനില മോശമാകാൻ കാരണമായതെന്ന് അന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നു.
കഴിഞ്ഞ വർഷവും വിവിധ ആരോഗ്യപ്രശ്നങ്ങളാൽ സോണിയ ഗാന്ധിയെ പലതവണ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. 2025 ജൂണിലും ഫെബ്രുവരിയിലും ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

