ന്യൂഡൽഹി : സീറ്റ് വാഗ്ദാനം ചെയ്ത് ഹരിയാന മഹിളാകോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയിൽ നിന്നും ഏഴ് കോടി രൂപ തട്ടിയ കേസിൽ കോൺഗ്രസ് നേതാക്കളെ കുരുക്കിലാക്കി പുതിയ തെളിവുകൾ പുറത്ത്. എഐസിസി പ്രവർത്തകസമിതിഅംഗവും എംപിയുമായി കൊടിക്കുന്നിൽ സുരേഷുമായി മഹിളാ നേതാവ് സുചിത്രാദേവിയുടെ ഭർത്താവ് ഗൗരവ്‌കുമാർ നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ കൈരളി ന്യൂസ് പുറത്തു വിട്ടു.
പരാതിക്കാരനോട് പണം ആവശ്യപ്പെടുന്നതും പണം കിട്ടിയില്ലെന്ന് പറയുന്നതും അടക്കമുള്ള ചാറ്റുകളാണ് പുറത്തായത്. പണം അയച്ചു നൽകാനായി എസ്ബിഐ പാർലമെന്റ് ബ്രാഞ്ചിലെ അക്കൗണ്ട് വിവരങ്ങൾ കൊടുക്കുന്നിൽ സുരേഷ് എംപി പങ്കുവെച്ചതും ചാറ്റിൽ കാണം. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അക്കൗണ്ട് നമ്പർ ചോദിച്ച് കൊടിക്കുന്നിൽ തിരികെ മെസേജ് അയച്ചു. നേരിട്ട് വന്ന് തന്നെ കാണാനും ഗൗരവ് കുമാറിനോട് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടുന്നുണ്ട്.
കോൺഗ്രസ് നേതാക്കൾ തട്ടിച്ച ഏഴുകോടി രൂപ ഉടൻ തിരിച്ചുതന്നില്ലെങ്കിൽ നവരാത്രി ദിവസം രാഹുൽ ഗാന്ധിയുടെ വീടിനുമുന്നിൽ ജീവനൊടുക്കുമെന്ന് ഗൗരവ്‌കുമാർ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, പ്രവർത്തകസമിതിഅംഗം കൊടിക്കുന്നിൽ സുരേഷ് എന്നിവരും അനുയായികളുംചേർന്ന് തട്ടിയ പണം തിരിച്ചുനൽകണം എന്നാണ് ആവശ്യം.
‘കെ സി വേണുഗോപാലിനെയും പ്രിയങ്ക ഗാന്ധിയെയും കൊടിക്കുന്നിലിനെയും അറിയിച്ചേക്കൂ, മൂന്ന് ദിവസത്തിനുള്ളിൽ പണം തിരിച്ചുതന്നില്ലെങ്കിൽ, നവരാത്രി ദുർഗാഷ്‌ടമി ദിനത്തിൽ (അടുത്ത വ്യാഴം) ഞാൻ രാഹുൽ ഗാന്ധിയുടെ വീടിനുമുന്നിൽ ആത്മഹത്യചെയ്യും’– ഗൗരവ്‌കുമാർ പറഞ്ഞു. നേതാക്കൾ വഞ്ചിച്ചതിന്റെ രേഖകൾ അടക്കം ഗൗരവ്‌കുമാർ ഡൽഹി പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
സംഭവം വിവാദയമാതോടെ കൊടിക്കുന്നിൽ സുരേഷ് 15 ലക്ഷം തിരിച്ചുനൽകിയെന്നും ഇനി അദ്ദേഹം ഒരുകോടി അഞ്ച് ലക്ഷംകൂടി നൽകാനുണ്ടെന്നും ഗൗരവ്‌കുമാർ പറഞ്ഞു. ‘കെ സി വേണുഗോപാലിന്റെ പിഎ പറഞ്ഞ അക്കൗണ്ടുകളിലേക്ക് വൻതുകകൾ കൈമാറി. അദ്ദേഹത്തിന്റെ ഡൽഹിയിലെ വീട്ടിലെത്തി 75 ലക്ഷം നൽകി. സ്വന്തം അക്കൗണ്ടിലേക്കും മകന്റെയും പിഎയുടെയും അക്കൗണ്ടുകളിലേക്കുമാണ് കൊടിക്കുന്നിൽ പണം വാങ്ങിയത്. പ്രിയങ്ക ഗാന്ധിയുടെ പിഎ 10 ജൻപഥിലെ വീട്ടിലും ഓഫീസിലും പണം കൈപ്പറ്റി’–ഗൗരവ്‌കുമാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

