ടിക്കറ്റ് നിരക്കിനുള്ള പരിധി നീക്കി കേന്ദ്രം, നിരക്ക് വിമാന കമ്പനികൾക്ക് സ്വതന്ത്രമായി തീരുമാനിക്കാം; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും

AnilKumar BalaKrishnan

ദില്ലി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്കുള്ള നിയന്ത്രണം തിങ്കളാഴ്ച മുതൽ നീക്കുന്നതോടെ പറക്കാൻ ചെലവേറും. ഇതോടെ വിമാനക്കമ്പനികൾക്ക് സ്വതന്ത്രമായി നിരക്കുകൾ നിശ്ചയിക്കാൻ കഴിയും. നേരത്തെ ഇൻഡിഗോയുടെ വിമാന സർവീസ് മുന്നറിയിപ്പില്ലാതെ തടസ്സപ്പെട്ടതോടെ ടിക്കറ്റ് നിരക്കുകളിൽ കുത്തനെ വർദ്ധനവുണ്ടായിരുന്നു. തുടർന്നാണ് 2025 ഡിസംബറിൽ കേന്ദ്രം ആഭ്യന്തര നിരക്കുകൾക്ക് പരിധി ഏർപ്പെടുത്തിയത്.

വൺവേ ഇക്കണോമി ടിക്കറ്റിന് ഉയർന്ന പരിധിയായി ഏകദേശം 18,000 രൂപ (ദൂരത്തെ അടിസ്ഥാനമാക്കി) ആണ് നിശ്ചയിച്ചിരുന്നത്. പരിധി എടുത്തുകളഞ്ഞതോടെ ഇനി വിമാന കമ്പനികൾക്ക് ഇത് ബാധകമാകില്ല. കൂടാതെ ഡിമാൻഡും വിപണി സാഹചര്യങ്ങളും അനുസരിച്ച് ടിക്കറ്റുകളുടെ വില നിശ്ചയിക്കാനും കഴിയും. പീക്ക് ഡിമാൻഡ്, അടിയന്തര സാഹചര്യങ്ങൾ എന്നിവയുള്ള സമയങ്ങളിൽ അമിതമായതോ അന്യായമായതോ ആയ നിരക്കുകളുടെ വർദ്ധനവ് ഗൗരവമായി കാണുമെന്നും പൊതുതാൽപ്പര്യം മുൻനിർത്തി ആവശ്യമെങ്കിൽ വീണ്ടും പരിധി ഏർപ്പെടുത്തുമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി.

പശ്ചിമേഷ്യൻ സംഘർത്തെ തുടർന്ന് ഏവിയേഷൻ ടർബൈൻ ഇന്ധന (എടിഎഫ്) വിലയിലെ വർധനവ് വിമാനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് മാറിയെന്ന് പരാതി ഉയർന്നിരുന്നു. ഇന്ധനച്ചെലവും പ്രവർത്തന തടസ്സവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, തുടർച്ചയായ നിരക്ക് നിയന്ത്രണങ്ങൾ വലിയ നഷ്ടത്തിന് കാരണമാകുമെന്ന് വ്യവസായ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് ചൂണ്ടിക്കാട്ടിയിരുന്നു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article