തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ശബരിമല സ്വർണ്ണക്കൊള്ള പ്രചരാണയുധമാക്കുന്നതിൽ രണ്ട് അഭിപ്രായവുമായി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥികൾ. ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പ് വിഷയമാക്കില്ലെന്ന് റാന്നിയിലെ സ്ഥാനാർത്ഥി തോമസ് കെ. സാമുവൽ വ്യക്തമാക്കിയപ്പോൾ, അത് സജീവ ചർച്ചയാണെന്ന് ആറന്മുളയിലെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. പ്രസ്താവനയെ തിരുത്തിയ അദ്ദേഹം ഇക്കാര്യം തോമസ് കെ സാമുവലിനോട് നേരിട്ട് സംസാരിച്ചെന്നും വ്യക്തമാക്കി.
ശബരിമല സ്വർണ്ണക്കൊള്ള കേസ്
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉന്നയിക്കില്ലെന്നും ആരെയും കരിവാരിത്തേക്കാൻ താല്പര്യമില്ലെന്നുമാണ് ശബരിമല ഉൾപ്പെടുന്ന റാന്നി മണ്ഡലത്തിലെ എൻഡിഎ സഖ്യകക്ഷിയായ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥി തോമസ് കെ. സാമുവലിൻ്റെ പക്ഷം.
റാന്നിയിലെ വികസന മുരടിപ്പായിരിക്കും പ്രധാന പ്രചാരണായുധമെന്നും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളിലാകും താൻ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എന്നാൽ തൊട്ടടുത്ത മണ്ഡലമായ ആറന്മുളയിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ തോമസ് കെ സാമുവലിൻ്റെ പ്രസ്താവനയെ തള്ളി.
ശബരിമല സ്വർണ്ണക്കൊള്ള ഒരു സജീവ തിരഞ്ഞെടുപ്പ് വിഷയമാണെന്ന് അദ്ദേഹം തിരുത്തി. ഇക്കാര്യം സ്ഥാനാർത്ഥിയെ നേരിട്ട് വിളിച്ച് ബോധ്യപ്പെടുത്തിയതായും അറിയിച്ചു.
തുടക്കം മുതൽ തന്നെ ശബരിമല സ്വർണ്ണക്കൊള്ള വിഷയം രാഷ്ട്രീയമായി സജീവമാക്കി നിർത്താനാണ് ബിജെപി നീക്കം. ഈ വിഷയം വോട്ടായി മാറുമെന്ന് നേതൃത്വം കണക്കുകൂട്ടുമ്പോഴാണ്, അത് വേണ്ടെന്നുവെച്ചുള്ള റാന്നിയിലെ സ്ഥാനാർത്ഥിയുടെ നിലപാട് ചർച്ചയാകുന്നത്. എന്തായാലും വിഷയം സമവായത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ ക്യാമ്പ്.
ശബരിമല സ്വർണ്ണക്കൊള്ള; പ്രചാരണ വിഷയം ആക്കില്ലെന്ന് ട്വൻ്റി -ട്വൻ്റി സ്ഥാനാർത്ഥി ;മുഖ്യവിഷയമെന്ന് കുമ്മനം
