തിരുവനന്തപുരം: സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് വിട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്‍ എസ് നുസൂര്‍. ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റായി കെ സി വേണുഗോപാല്‍ മാറിയെന്ന് നുസൂര്‍ ആരോപിച്ചു. ബിജെപി- കോണ്‍ഗ്രസ് ഡീലിനെപ്പറ്റി താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ നിരവധി കോണ്‍ഗ്രസുകാര്‍ വിളിച്ചെന്നും തിരുവനന്തപുരത്ത് ബിജെപി കോണ്‍ഗ്രസ് ഡീല്‍ ഉണ്ടെന്ന് അവര്‍ക്ക് അറിയാമെന്നും നുസൂര്‍ പറഞ്ഞു.
‘കൊഴിഞ്ഞു പോകുന്നവരെ ചേര്‍ത്ത് നിര്‍ത്താന്‍ യുഡിഎഫ് ഇന്ന് ടീം ഉണ്ടാക്കി. നേതാക്കളുടെ വീട്ടില്‍ സീറ്റിനുവേണ്ടി കാവലിരുന്ന അരുണ്‍രാജ് ഇന്ന് ചടയമംഗലത്ത് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നു. തിരുവനന്തപുരത്തെ പല വാര്‍ഡുകളിലും യുഡിഎഫ് വോട്ട് ഷെയര്‍ കുറയുന്നു. വോട്ടിങ് പാറ്റേണ്‍ ആകെ മാറി. ആ വോട്ടുകള്‍ ബിജെപിയിലേക്ക് ഷിഫ്റ്റ് ചെയ്തു’, നുസൂര്‍ പറഞ്ഞു.
അരുവിക്കരയില്‍ ശിവകുമാറിന് വഴിയൊരുക്കാന്‍ ബിജെപി നേരിട്ട് ഇറങ്ങിയെന്നും നേമത്ത് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കുകയാണ് പുതിയ ഡീലെന്നും അദ്ദേഹം ആരോപിച്ചു. വാമനപുരത്ത് ഉള്‍പ്പെടെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കോണ്‍ഗ്രസിന് മറുപടി ഇല്ലെന്നും റിയാസ് മുക്കോളി വിജയിക്കുന്ന സ്ഥാനാര്‍ത്ഥി ആയിരുന്നുവെന്നും പകരം അവിടെ പേയ്മെന്റ് സീറ്റ് കൊടുത്തെന്നും നുസൂര്‍ പറയുന്നു.

