യുഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ജി സുധാകരൻ

AnilKumar BalaKrishnan

യുഡിഎഫ് വേദികളിൽ സജീവമായി ജി സുധാകരൻ. അമ്പലപ്പുഴയിൽ യുഡിഎഫ് ജനറൽ ബോഡി യോഗമായിരുന്നു ആദ്യ ഔദ്യോഗിക പരിപാടി. യോഗത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് സുധാകരൻ. മുഖ്യമന്ത്രിയുടെ ചെറ്റത്തരം പരാമർശത്തിനും സുധാകരൻ്റെ മറുപടി. അതേസമയം തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ജി സുധാകരനെതിരെ കടന്നാക്രമണം തുടരുകയാണ് സിപിഎം നേതാക്കൾ.

സിപിഐഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായ ജി സുധാകരനെ എന്തിന് പിന്തുണയ്ക്കണം? ഇതായിരുന്നു അമ്പലപ്പുഴയിൽ ചേർന്ന യുഡിഎഫ് ജനറൽ ബോഡി യോഗത്തിൽ പ്രധാന അജണ്ട. മാറി വന്ന രാഷ്ട്രീയ സാഹചര്യത്തിൽ പിന്തുണ നൽകുന്നത് അനിവാര്യതയെന്ന് നേതാക്കൾ വിശദീകരിച്ചു. യുഡിഎഫ് പിന്തുണ നേടിയ ശേഷം ജി സുധാകരൻ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമായിരുന്നു അമ്പലപ്പുഴയിലേത്. യോഗത്തിൽ മുഖ്യമന്ത്രിയെയും സിപിഎം നേതാക്കളെയും കടന്നാക്രമിച്ചായിരുന്നു സുധാകരൻ്റെ പ്രസംഗം. സുധാകരൻ കാണിച്ചത് ചെറ്റത്തരം എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന്
ചെറ്റ എന്ന് വിളിയിൽ താൻ അഭിമാനം കൊള്ളുന്നു എന്നായിരുന്നു സുധാകരൻ്റെ മറുപടി. ചെറ്റപ്പുരകളുടെ പ്രതീകമാണ് ചെറ്റ. ചെറ്റപ്പുരയും ചെറ്റകുടിലും പാവപ്പെട്ടവന്റെ വീടാണ്. ചെറ്റ എന്നാൽ അടിസ്ഥാന വർഗ്ഗത്തിന്റെ പുരയാണ്. ആ പുരയെ ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് മലയാളഭാഷയുടെ അർത്ഥഭേദങ്ങൾ അറിയില്ല. നിഘണ്ടു വായിച്ചിട്ടില്ല. മുഖ്യമന്ത്രിയെ താൻ വിമർശിക്കും പക്ഷേ ചീത്ത പറയില്ല. അത് തന്റെ ഗുരുത്വം ആണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.അതേസമയം മുഖ്യമന്ത്രിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് രൂക്ഷമായ വിമർശനമാണ് സുധാകരൻ ഉന്നയിച്ചത്. തനിക് പാർലമെന്ററി വ്യാമോഹമാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി 9 തവണ മത്സരിച്ചു. ആ മണ്ഡലത്തിൽ ഇതുവരെ ആരും തോറ്റിട്ടില്ല.
ആരും ജയിക്കാൻ കഴിയുന്ന മണ്ഡലത്തിൽ നിന്നാൽ ആർക്കും ജയിക്കാം. അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത് എന്നായിരുന്നു സുധാകരൻ്റെ ആക്ഷേപം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഗതിവേഗം വന്നതോടെ ഇടതുപക്ഷത്തിൻ്റെ
പ്രമുഖ നേതാക്കളെല്ലാം മണ്ഡലത്തിലേക്ക് എത്തിത്തുടങ്ങി. ഇതോടെ അമ്പലപ്പുഴ മണ്ഡലത്തിലെ രാഷ്ട്രീയ പോരും കനക്കുകയാണ്.പൊതു വേദികളിൽ സുധാകരനെ കടന്നാക്രമിക്കുകയാണ് നേതൃത്വം. എന്നാൽ മാറിയ രാഷ്ട്രീയ സ്ഥിതിഗതികൾക്ക് ഒപ്പം സുധാകരനെ ചേർത്ത് നിർത്തുകയാണ് യുഡിഎഫ്. യുഡിഎഫ് പ്രവർത്തകർ സുധാകരന് ഒപ്പം അണിനിരക്കുമ്പോൾ , കൂടുതൽ നേതാക്കളെ മണ്ഡലത്തിൽ എത്തിച്ച് സുധാകരനെതിരെ പ്രതിരോധം തീർക്കുകയാണ് സിപിഎം.

Share This Article