അമ്പലപ്പുഴയിൽ രാഷ്ട്രീയ പോരിന് തുടക്കമായി. നോമിനേഷൻ സമർപ്പിച്ച് മുന്നണികൾ.ഇടതുപക്ഷത്തിൻ്റെ ശക്തി വിളിച്ചോതി എച്ച് സലാമിനൊപ്പം ആയിരങ്ങൾ അണിനിരന്നപ്പോൾ… സുധാകരന് ഒപ്പം മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് പ്രവർത്തകരും നാമനിർദേശ പത്രിക സമർപ്പണത്തിൽ ഒപ്പം കൂടി. യുഡിഎഫ് കൂടി സജീവമായി കളത്തിൽ ഇറങ്ങിയതോടെ ഇനി അമ്പലപ്പുഴയിൽ തിരഞ്ഞെടുപ്പ് അങ്കം ശക്തമാകുമെന്ന് ഉറപ്പ്..
പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിലും വലിയചുടുകാടിലെ ബലികുടീരത്തിലും വി എസ് അച്യുതാനന്ദൻ സ്മൃതി മണ്ഡപത്തിലും നടന്ന പുഷ്പാർച്ചനക്ക് ശേഷമാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം നാമ നിർദേശ പത്രിക സമർപ്പണത്തിനായി എത്തിയത്. ഇഎംഎസ് സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്നു…മണ്ഡലത്തിലെ ഇടതുപക്ഷ ശക്തി വിളിച്ചോതുന്നതായിരുന്നു പ്രകടനം..
ആലപ്പുഴ കളക്ടറേറ്റിൽ ഡെപ്യൂട്ടി കളക്ടർ മോബി ജേ യ്ക്ക് മുൻപാകെയാണ് സലാം പത്രിക സമർപ്പിച്ചത്. പിന്നാലെ പാർട്ടി വിട്ട് മറുചേരിയിൽ ചാടിയ മണ്ഡലത്തിലെ യുഡിഎഫ് പിന്തുണയുള്ള ജനകീയ സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരനും പത്രിക സമർപ്പണത്തിനായി എത്തി. എൽഡിഎഫിനെ അപേക്ഷിച്ച് പ്രവർത്തകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിരുന്നെങ്കിലും ആവേശത്തോടെയാണ് യുഡിഎഫ് പ്രവർത്തകർ സുധാകരന് ഒപ്പം അണിനിരന്നത്. ആലപ്പുഴ നഗരസഭയ്ക്ക് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ വികസന നായകന് അഭിവാദ്യങ്ങൾ എന്ന മുദ്രാവാക്യം വിളികളുമായാണ് പ്രവർത്തകർ സുധാകരന് ഒപ്പം ചേർന്നത്.
പത്രിക സമർപ്പണത്തിന് ശേഷം തിരികെ മടങ്ങവെ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിന് സമീപം എച്ച് സലാമും ജി സുധാകരനും നേർക്ക് നേർ എത്തിയത് ആകസ്മികമായി.
രാഷ്ട്രീയ പോര് മുറുകുമ്പോഴും സുധാകരന് കൈ കൊടുത്താണ് സലാം മടങ്ങിയത്. മുന്നണികൾ മണ്ഡലത്തിൽ പരസ്യ പോരിന് ഇറങ്ങിയതോടെ ഇനി അമ്പലപ്പുഴയിൽ രാഷ്ട്രീയ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്.
പിണറായി വിജയന് മൂന്നാം ഊഴം വിഫലമാണ്
എന്ന് പറഞ്ഞ സുധാകരൻ ഒപ്പം സർക്കാരിനെതിരെ പ്രചാരണവുമായി യുഡിഎഫും രംഗത്ത് എത്തുമ്പോൾ , പ്രവർത്തകരെ അണിനിരത്തി പ്രതിരോധം തീർക്കാൻ ആകും എൽഡിഎഫ് ശ്രമം.

