കൊല്ലം : സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍ ചന്ദ്രശേഖരൻ. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന് പിന്നാലെയാണ് അദ്ദേഹം പാർട്ടിക്കെതിരെ വിമർശനവുമായി എത്തിയത്. തന്‍റെ പേര് വെട്ടിയോ ഇല്ലയോ എന്ന് അറിയില്ല. തന്‍റെ കുടുംബ പശ്ചാത്തലവും പാരമ്പര്യവും കോണ്‍ഗ്രസ് തന്നെയാണ്. ഐഎൻടിയുസിക്ക് നൽകുന്ന പരിഗണന പാര്‍ട്ടി ഗൗരവമായിട്ട് പരിശോധിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. തനിക്ക് മുൻപ് വരെ ഉണ്ടായിരുന്ന പല ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻമാറും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് ഐഎൻടിയുസി യോഗം ചേരുന്നുണ്ട്. അതിനുശേഷം സംഘടനയുടെ നിലപാട് വ്യക്തമാക്കും ഇന്നും ആര്‍ ചന്ദ്രശേഖരൻ പറഞ്ഞു. തനിക്ക് സീറ്റ് നൽകിയില്ലെങ്കിലും കുഴപ്പമില്ല. കിട്ടിയവനെ ആക്ഷേപിക്കുകയെന്ന നിലപാട് ചിലര്‍ക്കുണ്ട്. എന്തും പറയാം എന്തും ചെയ്യാം എന്ന നിലയ്ക്കാണ് കാര്യങ്ങൾ. ചിലർ തന്നെ അഴിമതിക്കാരനാക്കി ചിത്രീകരിക്കുകയാണ്. കോൺഗ്രസിന് അകത്ത് നിയന്ത്രണം ഇല്ലാത്തത് കൊണ്ട് അതെല്ലാം കുറച്ച് കൂടുതലുണ്ടെന്നും ആര്‍ ചന്ദ്രശേഖരൻ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ട് ഐൻഎൻടിയുസി രംഗത്തെത്തുന്നത്. സീറ്റ് വേണമെന്ന ആവശ്യമറിയിച്ച് ആർ ചന്ദ്രശേഖരൻ ഹൈക്കമാൻഡിനെ സമീപിക്കുകയും ചെയ്തു. കൊല്ലത്ത് അടക്കം ഐഎൻടിയുസിയെ പരിഗണിക്കണം എന്ന് ആവശ്യം. സീറ്റിനായി ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഇടപെടൽ തേടിയിരുന്നു. എന്നാൽ ചന്ദ്രശേഖരനെതിരെ പ്രാദേശികമായി ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെടുകയും ചെയ്തു. പിന്നാലെയാണ് നേതൃത്വത്തിനെതിരെ വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്
